ബി ജെ പി തുടര്‍ന്നുള്ള പതിറ്റാണ്ടുകളിലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് തുടരുമെന്നും ഈ യാഥാര്‍ഥ്യം തിരിച്ചറിയാത്തതാണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്നമെന്നും തെരഞ്ഞടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഗോവയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെ വ്യാഴാഴ്ചയാണ് പ്രശാന്ത് കിഷോര്‍ ഈ പരാമര്‍ശം നടത്തിയത്.

“കോണ്‍ഗ്രസ് ആദ്യത്തെ 40 വര്‍ഷക്കാലം നിന്നതുപോലെ തന്നെ, തെരഞ്ഞെടുപ്പില്‍ വിജയിച്ചാലും പരാജയപ്പെട്ടാലും ബി ജെ പി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് തുടരും. ദേശീയ തലത്തില്‍ 30 ശതമാനത്തിലേറെ വോട്ട് നേടിയാല്‍ അതിനര്‍ത്ഥം നിങ്ങള്‍ വേഗത്തില്‍ അസ്തമിക്കാന്‍ പോകുന്നില്ല എന്നാണ്. ജനങ്ങള്‍ രോഷാകുലരാണ്, അതിനാല്‍ അവര്‍ മോദിയെ വലിച്ചു താഴെയിടും എന്നൊക്കെയുള്ള മിഥ്യാ ധാരണകളില്‍പ്പെടാതിരിക്കുക. ഒരുപക്ഷെ ജനങ്ങള്‍ മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയേക്കാം, എന്നാല്‍ ബി ജെ പി എങ്ങോട്ടും പോകില്ല. ബിജെപി ഇനിയുള്ള വര്‍ഷങ്ങളിലും ഇവിടെ തുടരും”, കിഷോര്‍ പറഞ്ഞു. “രാഹുല്‍ ഗാന്ധിയുടെ പ്രശ്നം, ജനങ്ങള്‍ ബി ജെ പിയെ കൈവിടും എന്ന് കരുതുന്നതാണ്. അങ്ങനെ സംഭവിക്കാന്‍ പോകുന്നില്ല”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രശാന്ത് കിഷോര്‍ ഈ പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചവരില്‍ ബി ജെ പി നേതാവ് അജയ് ഷെറാവത്തും ഉള്‍പ്പെടുന്നു. “വരാന്‍ പോകുന്ന ദശകങ്ങളിലും ബി ജെ പി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി തുടരുമെന്ന് ഒടുവില്‍ പ്രശാന്ത് കിഷോറും അംഗീകരിക്കുന്നു. ഇത് തന്നെയാണ് എത്രയോ മുമ്ബ് അമിത് ഷാ ജിയും പ്രഖ്യാപിച്ചത്”, വീഡിയോ ദൃശ്യം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. ഈ മാസം ആദ്യം, കോണ്‍ഗ്രസില്‍ “ആഴത്തില്‍ വേരൂന്നിയ” ചില പ്രശ്‌നങ്ങള്‍ പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാണിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസില്‍ ഈ പ്രശ്നങ്ങള്‍ക്കും ഘടനാപരമായ ബലഹീനതകള്‍ക്കും പെട്ടെന്നൊരു പരിഹാരമില്ലെന്നും” അദ്ദേഹം പറയുകയുണ്ടായി.

പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ഉപദേശക സ്ഥാനത്ത് നിന്ന് പ്രശാന്ത് കിഷോര്‍ ഒഴിഞ്ഞത് ഒരു ‘സ്വതന്ത്ര ഏജന്റ്’ ആയി തുടരാന്‍ ഇനി അദ്ദേഹത്തിന് താത്പര്യമില്ല എന്നതിന്റെ സൂചനയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. അതിനു പകരം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി 2024 ല്‍ വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ നേരിട്ടുള്ള ഇടപെടല്‍ നടത്താനാകും പ്രശാന്ത് കിഷോറിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ ആഭ്യന്തര സ്രോതസുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വിശ്വാസയോഗ്യമാണെങ്കില്‍ 2022 ല്‍ ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനയാന്‍ പ്രശാന്ത് കിഷോര്‍ ഉണ്ടാകില്ല. പാര്‍ട്ടിയില്‍ സംഘടനാതലത്തില്‍ വിപുലമായ ഒരു അഴിച്ചുപണിയിലാണ് പ്രശാന്ത് കിഷോര്‍ ഉന്നം വെയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക