ദില്ലി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമോ? ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രശാന്ത് കിഷോറും ഗാന്ധി കുടുംബവുമായുള്ള കൂടിക്കാഴ്ചയോടെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ചൂട് പിടിച്ചിരിക്കുകയാണ്. താന്‍ കോണ്‍ഗ്രസിലേക്ക് ഇല്ലെന്നാണ് പ്രശാന്ത് നേരത്തേ പ്രതികരിച്ചത്. അതേസമയം കോണ്‍ഗ്രസ് നേതാക്കളാകട്ടെ ഇതിനോട് പരസ്യ പ്രതികരണങ്ങള്‍ നടത്തിയിട്ടുമില്ല. എന്നാല്‍ പ്രശാന്ത് ഉടന്‍ കോണ്‍ഗ്രസിലെത്തുമെന്നും രാഹുല്‍ അദ്ദേഹത്തിനായി കാത്തിവെച്ചിരിക്കുന്നത് നിര്‍ണായക പദവിയുമാണെന്നാണ് ഏറ്റവും പുതിയ വിവരം.

വിശദാംശങ്ങൾ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തേ പ്രശാന്ത് കിഷോര്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയോടെ ബിജെപിയെ നേരിടാന്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യം കെട്ടിപടുക്കാനുള്ള നീക്കമാണ് പികെയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നായിരുന്നു ചര്‍ച്ചകള്‍. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വവുമായി പ്രശാന്ത് ചര്‍ച്ച നടത്തിയത്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും അതിന് മുന്‍പുള്ള നിയമസഭ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങാന്‍ പ്രശാന്ത് ഉണ്ടായേക്കുമെന്ന് ഇതോടെ വിലയിരുത്തപ്പെട്ടു.

എന്നാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് കൊണ്ട് പാര്‍ട്ടിയെ പുന;സംഘടിപ്പിക്കാനാണ് പ്രശാന്തിന്റെ നീക്കം എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന സൂചന. പ്രശാന്തിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്‌ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയത്രേ. ജുലൈ 22 ന് ചേര്‍ന്ന യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച്‌ ചര്‍ച്ചയായത്.

പാര്‍ട്ടിയെ പുനസംഘടിപ്പിക്കുന്നത് സംബന്ധിച്ച്‌ പ്രശാന്ത് നല്‍കിയ കൃത്യമായ പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് ബോര്‍ഡ്, ചില നിര്‍ണായക പുതിയ പദവികള്‍, എല്ലാ ജില്ലകളിലും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതികള്‍ എന്നിവയായിരുന്നു പ്രശാന്തിന്റെ നിര്‍ദ്ദേശം. ഇതെല്ലാം യോഗത്തില്‍ നേതാക്കള്‍ വിശദമായി തന്നെ ചര്‍ച്ച ചെയ്തുവെന്നാണ് വിവരം.

രാഹുല്‍ ഗാന്ധി പാര്‍ലമെന്ററി ബോര്‍ഡ് തലവനാകണമെന്നതാണ് പികെയുടെ നിര്‍ദ്ദേശം. നേരത്തേ കോണ്‍ഗ്രസിലെ വിമത നേതാക്കളുടെ ജി23 കൂട്ടായ്മയും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നു.പ്രശാന്തിന്റെ പദ്ധതികള്‍ എല്ലാം അംഗീകരിക്കണമെന്നത് തന്നെയാണ് നേതാക്കളുടെയെല്ലാം വികാരം. അതേസമയം ഇക്കാര്യം സംബന്ധിച്ച്‌ സമവായം ഉണ്ടാകേണ്ടതുണ്ട്, പാര്‍ട്ടിയോട് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ദേശീയ തലത്തില്‍ ബിജെപിയെ നേരിടാന്‍ സാധിക്കില്ലെന്ന് പ്രശാന്ത് പറഞ്ഞിരുന്നു. മാത്രമാല്ല അദ്ദേഹം കോണ്‍ഗ്രസിനെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രശാന്തിന്‍റെ പാര്‍ട്ടി പ്രവേശം സംബന്ധിച്ച്‌ തലപുകയ്ക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്തായാലും നിലവില്‍ കിഷോറിനെ തിരഞ്ഞെടുപ്പ് പ്രചരണ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിച്ചേക്കുന്നത് സംബന്ധിച്ചുള്ള ആലോചനയിലാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ പാര്‍ട്ടി വൃത്തങ്ങള്‍ ഈ വിഷയത്തില് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.അതേസമയം കോണ്‍ഗ്രസില്‍ ചേര്‍ന്നാലും പ്രശാന്തിന്റെ തന്ത്രങ്ങള്‍ പാര്‍ട്ടിക്ക് ഗുണകരമാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

അതേസമയം പ്രശാന്തിന്റെ രാഷ്ട്രീയ യാത്ര പരാജയമായിരുന്നുവെന്ന് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തേ അദ്ദേഹം നിതീഷ് കുമാറിന്റെ ജെഡിയുവിലായിരുന്നു. അവിടെ പാര്‍ട്ടി ഉപാധ്യക്ഷനായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. പിന്നീട് സിഎഎ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിതീഷിനോട് ഇടഞ്ഞ് പാര്‍ട്ടി വിടുകയായിരുന്നു. എന്തായാലും കോണ്‍ഗ്രസിന് വേണ്ടി പ്രശാന്ത് കരുതിവെച്ചിരിക്കുന്നത് എന്താകും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പ്രശാന്തിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകുമോയെന്നതും കാത്തിരുന്ന് കാണേണ്ടി വരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക