പത്തനാപുരത്തെ ഗവ ആയുര്‍വേധ ആശുപത്രി വൃത്തിയാക്കാത്തതിന് ഡോക്ടര്‍മാരെ ശകാരിച്ച ഗണേഷ് കുമാര്‍ എംഎല്‍ക്കെതിരെ പ്രതിഷേധം അറിയിച്ച്‌ ഡോക്ടര്‍മാരുടെ സംഘടനകള്‍. ഇത് സംബന്ധിച്ച്‌ ആരോഗ്യ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചു. ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളായ കേരള സ്‌റ്റേറ്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും കേരള ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷനുമാണ് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയത്.

തലവൂര്‍ ആശുപത്രിയില്‍ കെ ബി ഗണേഷ് കുമാര്‍ നടത്തിയത് ഷോയാണെന്നാണ് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വിമര്‍ശനം. ആശുപത്രി നന്നാകണമെങ്കില്‍ ആവശ്യത്തിന് ജീവനക്കാര്‍ ആവശ്യമാണെന്ന് ഇവരുടെ പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ല. കഴിഞ്ഞ ബജറ്റില്‍ 180 തസ്തിക പ്രഖ്യാപിച്ചെങ്കിലും ഒരാളെപ്പോലും നിയമിച്ചിട്ടില്ല. 125 ആയുര്‍വേദ ആശുപത്രികളില്‍ 35 ഇടത്താണ് തെറാപിസ്റ്റ് തസ്തികയുള്ളത്. ശുചീകതരണത്തിന് മിക്കയിടത്തും ഒരാള്‍ മാത്രം. കണ്ണൂര്‍ ഇളയാവൂര്‍ ആശുപത്രി ഉദ്ഘാടനം ചെയ്‌തെങ്കിലും ജീവനക്കാരില്ല. ഇടുക്കിയില്‍ 36 ഇടത്തും ഫാര്‍മസിസ്റ്റ് ഒഴിവുണ്ട്. 35 ഡിസ്‌പെന്‍സറികളില്‍ ഫാര്‍മസിസ്റ്റ് തസ്തിക സൃഷ്ടിച്ചിട്ടുമില്ല. പത്ത് കിടക്കയുള്ള 51 ആശുപത്രികളില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. 70 മെഡിക്കല്‍ ഓഫീസര്‍ തസ്തികകളാണ് സംസ്ഥാനത്തൊട്ടാകെ ഒഴിവുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗണേഷ് കുമാറിന്റെ ചൂലെടുക്കല്‍

പത്തനാപുരത്ത് അടുത്തിടെ നിര്‍മ്മിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ വൃത്തിഹീനത കണ്ടാണ് ഗണേഷ് കുമാര്‍ എംഎല്‍എ രോഷാകുലനായത്. ആശുപത്രി ജീവനക്കാരോട് ദേഷ്യപ്പെട്ട ഗണേഷ് കുമാര്‍ ഇവരുടെ മുന്നില്‍ വെച്ച്‌ ആശുപത്രി മുറി ചൂലെടുത്ത് തൂത്തുവാരി. എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്ന് കോടി ചെലവഴിച്ച്‌ നിര്‍മ്മിച്ച്‌ ഉദ്ഘാടനത്തിന് സജ്ജമായ തലവൂരിലെ ആയുര്‍വേദ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രി മുഴുവന്‍ പരിശോധിച്ച ഗണേഷ് കുമാര്‍ സ്ഥാപനത്തിലെ പൊടിയും അഴുക്കും ഓരോന്നായി ചൂണ്ടിക്കാണിച്ചു. പശു കിടക്കുന്നിടം തൊഴുത്തും പട്ടി കിടിക്കുന്നിടം പട്ടിക്കൂടുമാണെന്നും അദ്ദേഹം ദേഷ്യത്തോട് ജീവനക്കാരോട് പറഞ്ഞു. നിങ്ങളുടെ വീട് ഇത്തരത്തിലാണോ സൂക്ഷിക്കാറെന്നും ഗണേഷ്‌കുമാര്‍ ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക