കൊച്ചി: ടാറ്റു സ്റ്റുഡിയോയില്‍ യുവതികളെ ബലാത്സംഗം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം നഗരത്തിലെ ടാറ്റു സ്റ്റുഡിയോകളില്‍ പരിശോധന ശക്തമാക്കി പോലീസ്. നഗരത്തിലെ സ്റ്റുഡിയോകളില്‍ കാമറകള്‍ സ്ഥാപിക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി.

അതേസമയം അറസ്റ്റിലായ ആര്‍ട്ടിസ്റ്റ് പി.എസ്. സുജീഷിനെതിരെ കൃത്യമായ തെളിവുണ്ടെന്ന് പൊലീസ്. പ്രതിയെ ചേരാനല്ലൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ ഇങ്ക് ഫെക്ടഡ് സ്റ്റുഡിയോയിലെത്തിച്ച്‌ തെളിവെടുത്തു. ഇതിനിടെ പ്രതി ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും ഇയാള്‍ കുറ്റം ചെയ്തതായാണ് മനസ്സിലാക്കുന്നതെന്ന് കൊച്ചി സിറ്റി ഡി.സി.പി വി.യു. കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രണ്ടും പാലാരിവട്ടം സ്റ്റേഷനില്‍ നാലും കേസുകളാണ് സുജീഷിനെതിരെ രജിസ്റ്റര്‍ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇങ്ക് ഫെക്ടഡ് ടാറ്റു സ്റ്റുഡിയോയില്‍ ടാറ്റു ചെയ്യാനെത്തിയ യുവതികളെ സുജീഷ് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി. ടാറ്റു ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്ന് കഴിഞ്ഞ ദിവസമാണ് 18കാരി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.

സംഭവം ചര്‍ച്ചയായതോടെ സമാന അനുഭവം തുറന്നുപറഞ്ഞ് അഞ്ച് യുവതികള്‍ കൂടി പൊലീസിനെ സമീപിച്ചു. ആലിന്‍ചുവട്, ചേരാനല്ലൂര്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍വെച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി.

കഴിഞ്ഞ ദിവസം ഇങ്ക് ഫെക്ടഡ് സ്റ്റുഡിയോയില്‍ നടത്തിയ പരിശോധനയില്‍ ഒരു ഡി.വി.ആ‌ര്‍, രണ്ട് ഹാ‌ര്‍ഡ് ഡിസ്ക്, രണ്ട് ടാറ്റു ഗണ്‍ തുടങ്ങിയവ കസ്റ്റഡിയിലെടുത്തു. ജീവനക്കാരുടെയും ആര്‍ട്ടിസ്റ്റുകളുടെയും വിവരങ്ങളടക്കം പൊലീസ്​ ശേഖരിക്കുന്നുണ്ട്.

അതിനിടെ കൊച്ചിയിലെ ടാറ്റു സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് എത്താറുണ്ടോ എന്നാണ് അവര്‍ പരിശോധിക്കാന്‍ തീരുമാനിക്കുന്നത്. വലിയ മയക്കുമരുന്ന് സംഘങ്ങളുമായി ഈ ടാറ്റൂ പ്രമുഖര്‍ക്കുള്ള ബന്ധത്തെ കുറിച്ച്‌ മുന്‍പും വാര്‍ത്തകള്‍ വന്നിരുന്നു. ഇട്ടാരത്തിലുന്ന ടാറ്റൂ സ്റ്റുഡിയോകള്‍ ന്യൂജെന്‍ മയക്കു മരുന്നുകളുടെ വില്‍പ്പന കേന്ദ്രങ്ങളായി ഇത് മാറുന്നുണ്ടോ എന്നും പോലീസ് പരിശോധിക്കും.

അതിനിടെ ടാറ്റു സ്റ്റുഡിയോകളുടെ കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം അനിവാര്യമാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്‌. നാഗരാജു പറഞ്ഞു. മറ്റു മേഖലകളിലും ദുരുപയോഗം ഇല്ലാതാക്കാന്‍ വ്യക്തമായ നിബന്ധന പുറപ്പെടുവിച്ചിട്ടുണ്ട്. അത് ഈ മേഖലയിലും അനിവാര്യമാണെന്ന് കമ്മീഷണര്‍ വിശദീകരിക്കുന്നു.

പച്ചകുത്തുന്നത് സുരക്ഷിതമായി നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങളിലൂടെ പച്ചകുത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം എന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഇടപെടല്‍ നടത്തിയത്. പൊതുസ്ഥലങ്ങള്‍, ഉത്സവപ്പറമ്ബുകള്‍ ,സ്ഥാപനങ്ങള്‍, തെരുവോരങ്ങള്‍ എന്നിവിടങ്ങളില്‍ പച്ചകുത്തുമ്ബോള്‍ സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങളില്‍ പച്ചകുത്തുന്നുണ്ടെന്നായിരുന്നു പരാതി. ഹെപ്പറ്റെറ്റിസ്, എച്ച്‌.ഐ.വി പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകാമെന്നും വിലയിരുത്തല്‍ എത്തി.

ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ടിലെ വകുപ്പുകള്‍ ഉപയോഗിച്ച്‌ ഒരേ മഷിയും സൂചിയും ഉപയോഗിച്ചുള്ള പച്ചകുത്തല്‍ നിരോധിക്കുന്നതിനും, പച്ചകുത്തലിനു നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുന്നതിനുമാണ് സര്‍ക്കാര്‍ ഉത്തരവ്. പച്ചകുത്തുന്നതിന് ലൈസന്‍സുള്ള ഏജന്‍സിക്ക് മാത്രം അനുമതി നല്‍കുക, പച്ച കുത്തുന്ന വ്യക്തി ഗ്ലൗസ് ധരിക്കുക, പച്ച കുത്തുന്ന വ്യക്തികള്‍ ഹെപ്റ്റിപ്സ് ബി വാക്‌സിന്‍ എടുക്കുക, ഉപകരണങ്ങള്‍ അണുവിമുക്തമാക്കുക പച്ച കുത്തിയ ശേഷവും, അതിന് മുന്‍പും പച്ച കുത്തിയ ഭാഗം സോപ്പും ജലവും ഉപയോഗിച്ച്‌ വൃത്തിയാക്കുക എന്നതായിരുന്നു പ്രധാന നിര്‍ദ്ദേശം.

പച്ച കുത്തല്‍ തൊഴിലായി സ്വീകരിച്ചവര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും നടന്നില്ലെന്നതാണ് വസ്തുത. ഉത്തരവില്‍ മാത്രം എല്ലാം ഒതുങ്ങി. പച്ചകുത്തല്‍ മാഫിയയുടെ സ്വാധീനമായിരുന്നു ഇതിന് കാരണം. താല്‍ക്കാലികം, സ്ഥിരമായുള്ളത് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാണ് ടാറ്റുവിലുള്ളത്. ഇതില്‍ താല്‍ക്കാലികത്തിന് ആവശ്യക്കാര്‍ തുലോം കുറവാണ്. പേരു സൂചിപ്പിക്കുന്നത് പോലെ ഇതിനായുസ്സ് കുറവാണ്. സിനിമാ താരങ്ങള്‍, മോഡലുകള്‍ എന്നിങ്ങനെ ഉള്ളവരാണ് താല്‍ക്കാലികമായി ടാറ്റൂ ചെയ്യുന്നത്. ഷൂട്ടിംഗിനോ മോഡലിംഗിനോ വേണ്ടി മാത്രം ചെയ്യുന്ന ഈ ടാറ്റു രണ്ടു ദിവസം മുതല്‍ പതിനഞ്ചു ദിവസം വരെ നിര്‍ത്താനാകും.

സ്ഥിരമായി നില്‍ക്കുന്ന ടാറ്റൂ ഒരിക്കല്‍ ചെയ്താല്‍ പതിനെട്ടു വര്‍ഷം വരെ ശരീരത്തില്‍ ഉണ്ടാവും. പക്ഷെ പെര്‍മനന്റ് ടാറ്റു ചെയ്യുന്നതിന് ചില നിബന്ധനകള്‍ ഉണ്ട് (പലരും പാലിക്കുന്നില്ലെങ്കിലും). ടാറ്റു ചെയ്യുന്നയാള്‍ക്ക് പതിനെട്ട് വയസ് കഴിഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമെ അംഗീകൃതമായ ടാറ്റു സ്റ്റുഡിയോകള്‍ ടാറ്റു പതിച്ചു നല്‍കുകയുള്ളൂ എന്നാണ് പുറത്തു പറയുന്നത്. എന്നാല്‍ ഇത് പാലിക്കപ്പെടാറില്ലെന്നതാണ് വസ്തുത.

ഇരുമ്ബ് സംയുക്തങ്ങള്‍ അടങ്ങിയ മഷികൊണ്ടു പച്ച കുത്തപ്പെട്ട ശരീര ഭാഗങ്ങള്‍ ഏതെങ്കിലും കാരണവശാല്‍ വിവിധ രോഗ നിര്‍ണ്ണയങ്ങള്‍ക്കായി എംആര്‍ഐ സ്‌കാന്‍ ചെയ്യേണ്ടി വരികയാണെങ്കില്‍ ഈ ലോഹസംയുക്തങ്ങള്‍ കാന്തികവല്‍ക്കരിക്കപ്പെടുകയും മാഗ്‌നറ്റിക് ഹിസ്റ്റെറിസിസ് എന്ന പ്രതിഭാസത്തിന്റെ ഫലമായി ഈ ഭാഗങ്ങള്‍ ചൂടാകാനും പൊള്ളലേല്‍ക്കാനും സാധ്യതയുണ്ട്.

വിവിധ ലോഹങ്ങള്‍ അടങ്ങിയ മഷികള്‍ ഉപയോഗിച്ചുകൊണ്ടുള്ള പച്ചകുത്തലുകള്‍ ത്വക്കിലെ കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകാം. ട്രെന്‍ഡായതോടെ സംസ്ഥാനത്ത് മുട്ടിനു മുട്ടിന്‌ ‘ടാറ്റു സ്റ്റുഡിയോ’കള്‍ മുളച്ചുപൊന്തുന്നു. പഞ്ചായത്ത്, അല്ലെങ്കില്‍ കോര്‍പ്പറേഷന്‍ ലൈസന്‍സ് ഉപയോഗിച്ച്‌ നഗരങ്ങളിലും ഗ്രാമമേഖലകളിലും വരെ ടാറ്റു സ്റ്റുഡിയോ എത്തിക്കഴിഞ്ഞു. കേരളത്തില്‍ മൊത്തം 250-ലധികം ടാറ്റു സ്റ്റുഡിയോകളുണ്ടെന്നാണ് കണക്ക്. കൊച്ചി നഗരത്തില്‍ മാത്രം 50-ലധികം സ്ഥാപനങ്ങളുണ്ട്. പുതിയ കാലഘട്ടത്തിന്റെ ബിസിനസ് എന്നതിലുപരി നിയന്ത്രണങ്ങളൊന്നും ഈ മേഖലയിലില്ല.

മുമ്ബ് ‘ഇന്റര്‍നെറ്റ് കഫേ’കള്‍ പെരുകിയപ്പോള്‍ നടപ്പിലാക്കിയ നിയന്ത്രണം പോലെ ഈ രംഗത്തും വരേണ്ടതുണ്ട്. ഒരു ടാറ്റു സ്റ്റുഡിയോ എങ്ങനെ പ്രവര്‍ത്തിക്കണം.?, അവിടെ ഒരുക്കേണ്ട സൗകര്യങ്ങള്‍ എന്തൊക്കെ.?, അവിടത്തെ ഭൗതീക സാഹചര്യമെന്ത്.? തുടങ്ങിയ കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയാണ്.

കൊച്ചിയിലെ ടാറ്റു സ്റ്റുഡിയോയിലെ പീഡന പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലും ഇത് വ്യക്തമായിട്ടുണ്ട്. പലയിടങ്ങളിലും മതിയായ ജീവനക്കാരില്ല. സ്ത്രീകള്‍ ടാറ്റു ചെയ്യാന്‍ വരുന്ന സ്റ്റുഡിയോകളില്‍ പലയിടത്തും സ്ത്രീജീവനക്കാരുമില്ല. മണിക്കൂറുകള്‍ സ്ത്രീകള്‍ ചെലവഴിക്കേണ്ട സ്ഥലമായിട്ടും അവര്‍ക്കാവശ്യമായ സൗകര്യം കുറവാണെന്നും കണ്ടെത്തി.

ടാറ്റു മേഖലയില്‍ സ്ത്രീ ആര്‍ട്ടിസ്റ്റുകള്‍ കുറവാണ്. ടാറ്റു ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ അതിനാല്‍ പുരുഷന്മാര്‍ ആര്‍ട്ടിസ്റ്റുമാരായ സ്റ്റുഡിയോകളില്‍ പോകാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. സ്ത്രീകള്‍ മണിക്കൂറുകള്‍ സ്റ്റുഡിയോയില്‍ ചെലവഴിക്കേണ്ടിവരും. ഒരു ക്ലിനിക്കല്‍ ലാബിനു വേണ്ട സജ്ജീകരണങ്ങളും ഉപകരണങ്ങളും ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങളും ഇത്തരം സ്റ്റുഡിയോകള്‍ക്ക് വേണം.

അതത് തദ്ദേശവകുപ്പ് സെക്രട്ടറിമാരാണ് ഇത്തരം സ്ഥാപനം തുടങ്ങാന്‍ ലൈസന്‍സ് നല്‍കുന്നത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെടുമ്ബോള്‍ അവര്‍ കൈമലര്‍ത്തുകയാണ്. ലൈസന്‍സുള്ള വിദഗ്ദ്ധനായിരിക്കണം ടാറ്റു ചെയ്യേണ്ടതെങ്കിലും ആര്‍ക്കാണ് ലൈസന്‍സ് ഉള്ളതെന്നോ, എവിടെ നിന്നാണ് ലൈസന്‍സ് കിട്ടിയതെന്നോ തുടങ്ങിയ കാര്യങ്ങള്‍ ടാറ്റു ചെയ്യാന്‍ വരുന്ന പലര്‍ക്കും അറിയാനാകുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക