തൊടുപുഴ: പഞ്ചായത്തിന്റെ പല പരിപാടികള്‍ ഉണ്ടെന്ന പേരിലാണ് പലപ്പോഴും സൗമ്യ കാമുകന്‍ വിനോദിനെ കാണാന്‍ എറണാകുളത്ത് പോയിരുന്നത്. പഞ്ചായത്തംഗമായ സൗമ്യ പഞ്ചായത്തിന്റെ പേരില്‍ ഇങ്ങനെ പോകുന്നതില്‍ സുനിലിന് ആദ്യം സംശയവും തോന്നിയിരുന്നില്ല. എന്നാല്‍ വിനോദിനൊപ്പം ആഡംബര ഹോട്ടലില്‍ സൗമ്യ മുറിയെടുത്ത് താമസിച്ച വിവരം സുനില്‍ അറിഞ്ഞതോടെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായി.

ഇതേ തുടര്‍ന്ന് സൗമ്യ അമിതമായ അളവില്‍ പാരാസെറ്റാമോള്‍ ഗുളിക കഴിച്ച്‌ സൗമ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വണ്ടന്മേട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ് ഇവരെ ചികില്‍സിച്ചത്. പിന്നീട് പള്ളി വികാരി വന്ന് സംസാരിച്ചാണ് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ സത്യം ഭര്‍ത്താവ് അറിഞ്ഞതോടെ ഭര്‍ത്താവിനെ ഒഴിവാക്കാനുള്ള വഴികളാണ് സൗമ്യ ആസൂത്രണം ചെയ്തിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനൊപ്പം പോകാന്‍ വണ്ടന്‍മേട് ​ഗ്രാമപഞ്ചായത്ത് അം​ഗം സൗമ്യ എബ്രഹാം തയ്യാറാക്കിയത് വിപുലമായ പദ്ധതികളായിരുന്നു. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചാലുടന്‍ വിദേശത്തുള്ള കാമുകന്റെ അടുത്തേക്ക് പറക്കാനായിരുന്നു സൗമ്യ പദ്ധതിയിട്ടിരുന്നത്. നാണക്കേട് കൊണ്ട് നാടുവിട്ടു പോകുന്നു എന്ന് നാട്ടുകാരെയും ബന്ധുക്കളെയും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു ലക്ഷ്യം. തയ്യല്‍ അറിയാവുന്നതിനാല്‍ ​ഗള്‍ഫില്‍ ഒരു ചെറിയ ജോലി ശരിയായി എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ കാമുകനടുത്തേക്ക് പറക്കുകയായിരുന്നു സൗമ്യയുടെ പദ്ധതി.

ഇതിനായി പാസ്പോര്‍ട്ട് എടുത്തത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞയാഴ്ചയാണ് വേരിഫിക്കേഷന്‍ കഴിഞ്ഞ് പാസ്പോട്ട് ലഭിച്ചത്. സമയബന്ധിതമായിട്ടായിരുന്നു സൗമ്യയുടെയും വിനോദിന്റെയും പ്ലാനിങ്. ഭര്‍ത്താവിനെ മയക്കു മരുന്നുമായി പിടിച്ചാല്‍ ഒരിക്കലും തന്നെ സംശയിക്കില്ലെന്നാണ് സൗമ്യ കരുതിയിരുന്നത്. ഈ പേര് പറഞ്ഞ് ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നതും എളുപ്പമായിരുന്നു. പക്ഷേ, പൊലീസ് എല്ലാ പ്ലാനും പൊളിച്ചു.

ഭര്‍ത്താവ് സുനിലിന്റെ വാഹനത്തില്‍ നിന്നും മയക്കുമരുന്ന് പിടിച്ചതിന് ശേഷം അയാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞാലും തങ്ങള്‍ പിടിക്കപ്പെടില്ലെന്നായിരുന്നു സൗമ്യയും കാമുകന്‍ വിനോദും കരുതിയിരുന്നത്. ഇനി അഥവാ സുനില്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍, വാഹനത്തില്‍ മയക്കുമരുന്ന് വെച്ചത് കോണ്‍​ഗ്രസുകാരാണെന്ന് വരുത്തി തീര്‍ക്കാനും സൗമ്യ പദ്ധതിയിട്ടു. സുനിലിന്റെ സ്‌കൂട്ടറില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ വച്ചത് കോണ്‍ഗ്രസുകാരാണെന്ന് വരുത്തി തീര്‍ക്കാന്‍ സൗമ്യ ശ്രമിച്ചിരുന്നു. ഇതിന് പിന്നിലെ ബുദ്ധി സിപിഎമ്മിലെ ചിലരുടേതായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുകാരെ ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പില്‍ ചില സിപിഎം നേതാക്കള്‍ക്കെതിരേ കേസുണ്ട്. ഈ മയക്കു മരുന്ന് കേസ് കോണ്‍ഗ്രസുകാരുടെ തലയില്‍ വച്ചു കെട്ടി ആദ്യത്തെ കേസ് ഒത്തു തീര്‍പ്പാക്കാനായിരുന്നു പദ്ധതി.

എന്നാല്‍, തന്റെ ഭാര്യക്ക് വഴിവിട്ട ചില ബന്ധങ്ങളുണ്ടെന്ന സുനിലിന്റെ സംശയം അന്വേഷണ സംഘത്തോട് പറഞ്ഞതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. ഇതോടെ സൗമ്യയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനും കോള്‍ ഡീറ്റയില്‍സും പൊലീസ് പരിശോധിച്ചു. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനിടയില്‍ പരസ്പര വിരുദ്ധമായ മറുപടികള്‍ നല്‍കിയതോടെ സൗമ്യ കുടുങ്ങുകയായിരുന്നു. സൈബര്‍ സെല്‍ നീക്കമാണ് എല്ലാം പൊളിച്ചത്. സൗമ്യയുടെയും കാമുകന്റെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ എല്ലാ തെളിവുകളും നല്‍കി.

എറണാകുളത്ത് എന്തിന് പോയതായിരുന്നുവെന്ന ചോദ്യത്തിന് പഞ്ചായത്തില്‍ നിന്നുള്ള പരിശീലന ക്ളാസിന് എന്നായിരുന്നു സൗമ്യയുടെ മറുപടി. തുടര്‍ന്ന് പൊലീസ് വണ്ടന്മേട് പഞ്ചായത്ത് സെക്രട്ടറിയുമായി ബന്ധപ്പെട്ടു. അങ്ങനെ ഒരു പരിശീലനം ഉണ്ടായിരുന്നില്ലെന്ന് സെക്രട്ടറി അറിയിച്ചു. ഇതാണ് കേസില്‍ വഴിത്തിരിവായത്. സെക്രട്ടറിയുടെ മൊഴി ആസ്പദമാക്കി നടത്തിയ ചോദ്യം ചെയ്യലില്‍ സൗമ്യയ്ക്ക് എല്ലാം സമ്മതിക്കേണ്ടി വന്നു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്ത സൗമ്യയെ താമസിപ്പിച്ചത് സെന്റ് ആന്റണീസ് പള്ളിയുടെ കോണ്‍വന്റിലായിരുന്നുവെന്നൊരു കഥയും പരക്കുന്നുണ്ട്. സിപിഎമ്മിന്റെ പ്രമുഖ നേതാവ് പൊലീസിനെ സ്വാധീനിച്ചാണത്രേ സുഖതാമസം ഒരുക്കിയത്.

പ്ലസ്ടു വിദ്യാഭ്യാസം മാത്രമുള്ള സൗമ്യ തയ്യല്‍ തൊഴിലാളിയാണ്. പ്രദേശത്തെ എല്ലാ കൂട്ടായ്മകളിലും സജീവ സാന്നിധ്യവും. സിപിഎം പ്രവര്‍ത്തക കൂടിയായ സൗമ്യയെ കോണ്‍​ഗ്രസിന്റെ സിറ്റിം​ഗ് സീറ്റ് പിടിച്ചെടുക്കാനാണ് ഇക്കുറി സിപിഎം രം​ഗത്തിറക്കിയത്. സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ പിഴച്ചില്ല. നല്ല ഭൂരിപക്ഷത്തില്‍ സൗമ്യ ജയിച്ചു കയറി. ​ഗ്രമപഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിം​ഗ് കമ്മിറ്റിയിലേക്കും സൗമ്യയെ നിയോ​ഗിച്ചത് സിപിഎമ്മിന് സൗമ്യയിലുള്ള വിശ്വാസം കൊണ്ടായിരുന്നു. എന്നാല്‍, അധികാരം കിട്ടിയ സൗമ്യ, തന്റെ ഒഴിവാക്കി കാമുകനൊപ്പം പോകാനാണ് പദ്ധതികല്‍ തയ്യാറാക്കിയത്.

സമൂഹ മാധ്യമങ്ങളിലൂടെയാണ് വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ എബ്രഹാം വിദേശത്ത് ജോലി ചെയ്യുന്ന വിനോദിനെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി മാറിയതോടെ ഭര്‍ത്താവിനെ എങ്ങനെയും ഒഴിവാക്കണമെന്ന് 33കാരി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു സൗമ്യയും വിനോദും. സൗമ്യയെ കാണാന്‍ വേണ്ടി പലതവണ വിനോദ് നാട്ടിലെത്തിയിരുന്നു. കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച്ച. പഞ്ചായത്തിന്റെ ആവശ്യങ്ങള്‍ക്ക് എന്ന് പറഞ്ഞു പോകുന്നതിനാല്‍ ഭര്‍ത്താവ് പുറ്റടി അമ്ബലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിന് മറ്റ് സംശയങ്ങളൊന്നും തോന്നിയിരുന്നുമില്ല. വിനോദ് സൗമ്യയും ചേര്‍ന്ന് സുനിലിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് ലഹരിമരുന്ന് കേസില്‍ പെടുത്തി ജയിലിലക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ച്‌ കൊലപ്പെടുത്താനാണ് സൗമ്യ ആദ്യം പദ്ധതിയിട്ടത്. ഇതിനായി എറണാകുളത്തുള്ള സംഘത്തെ നിയോഗിച്ചു. പിന്നീട് അത് മാറ്റി ഭക്ഷണത്തില്‍ സയനേഡ് കലര്‍ത്തി കൊല്ലാനും പദ്ധതിയിട്ടു. എന്നാല്‍ കൊലപാതക കേസില്‍ പ്രതിയാകുമെന്ന ഭയത്തെ തുടര്‍ന്ന് ഇത് വേണ്ടെന്ന് വെക്കുകയായിരുന്നു. പിന്നീടാണ് ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാനുള്ള പദ്ധതിയിട്ടത്. പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതില്‍ നിന്നും പിന്മാറി. ശേഷം ഇടയ്ക്കിടെ വിദേശത്തു നിന്നും വന്നു പോകുന്ന കാമുകന്‍ വിനോദും സൗമ്യയും ഒരു മാസം മുന്‍പ് എറണാകുളത്ത് ആഡംബര ഹോട്ടലില്‍ റൂം എടുത്ത് രണ്ട് ദിവസം താമസിച്ചാണ് ഗൂഢാലോചന നടത്തിയത്. അതിനു ശേഷമാണ് സൗമ്യയുടെ പക്കല്‍ ആമയാറ്റില്‍ മയക്കുമരുന്ന് എത്തിച്ചു കൊടുത്തത്.

ഷാനവാസും ഷെഫിന്‍ഷായും ചേര്‍ന്നാണ് 45000 രൂപ വില വാങ്ങി വിനോദിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തത്. ഇതിന് ശേഷം വിദേശത്തേയ്ക്ക് കടന്ന വിനോദിനെ തിരികെ എത്തിച്ച്‌ അറസ്റ്റ് ചെയ്യുന്നുള്ള ശ്രമത്തിലാണ് പൊലീസ്. സൗമ്യയ്ക്ക് പുറമേ സഹായികളായ ഷാനവാസും ഷെഫിന്‍ഷായും അറസ്റ്റിലായി.

സുനിലിനെ ഒഴിവാക്കാനായി കാമുകനോടൊപ്പം ചേര്‍ന്നാണ് യുവതി പദ്ധതികള്‍ ആവിഷ്കരിച്ചത്. മാനസികമായി സുനിലില്‍ നിന്നും അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ 18 ന് ഷെഫിന്‍ഷാ സുഹൃത്ത് ഷാനവാസും ചേര്‍ന്ന് വണ്ടന്മേട് ആമയാറ്റില്‍ വച്ച്‌ മയക്കു മരുന്ന് സൗമ്യയ്ക്ക് കൈമാറി. സൗമ്യ ഇത് സുനിലിന്റെ ഇരുചക്ര വാഹനത്തില്‍ വച്ച ശേഷം അതിന്റെ ഫോട്ടോ എടുത്ത് കാമുകന് അയച്ച്‌ കൊടുത്തു. പൊലീസിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും വിദേശത്ത് ഇരുന്നു കൊണ്ട് വണ്ടിയുടെ പടവും ലഹരിമരുന്നുണ്ടെന്ന സൂചനയും നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ എംഡിഎംഎ ലഭിച്ചു. വിശദമായ അന്വേഷണത്തില്‍ സുനില്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു.

കഴിഞ്ഞ 22 നാണ് സുനില്‍ വര്‍ഗീസിന്റെ സ്‌കൂട്ടറില്‍ നിന്നും എംഡിഎംഎ പിടികൂടിയത്. വണ്ടന്മേട് പൊലീസ് ഇന്‍സ്പെക്ടറും എസ്‌പിയുടെ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് സ്‌കൂട്ടറില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ ലഹരി ഉപയോഗിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്യാത്ത സുനിലിന്റെ വാഹനത്തില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തത് പൊലീസിന് സംശയമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് നിരപരാധിയാണെന്ന് പൊലീസ് മനസ്സിലാക്കിയത്. തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കം പുറത്തുവന്നത്.

കാമുകനുമൊത്തു ഭര്‍ത്താവിനെ ഒഴിവാക്കാന്‍ ഗൂഢാലോചന നടത്തിയ ​ഗ്രാമപഞ്ചായത്തം​ഗം സൗമ്യ എബ്രഹാമിന്റെ രാജിക്കത്ത് വണ്ടന്‍മേടിലെ സിപിഎം നേതൃത്വം പൊലീസ് കസ്റ്റഡിയില്‍ വെച്ചുതന്നെ എഴുതിവാങ്ങിയിരുന്നു. സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷവും യുവതി തങ്ങളുടെ മെമ്ബറായി തുടരുന്നത് നാണക്കേടാകുമെന്ന തിരിച്ചറിവിലാണ് ചട്ടവിരുദ്ധമായി സൗമ്യയെ കൊണ്ട് സിപിഎം രാജിവെപ്പിച്ചത്. ഇതിന് പൊലീസും ഒത്താശ ചെയ്തു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കാന്‍ പോകുന്നു എന്ന വിവരം പൊലീസിലെ ചിലര്‍ സിപിഎം പ്രാദേശിക നേതൃത്വത്തെ അറിയിക്കുകയായിരുന്നു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്യുമെന്നും അതിന് മുമ്ബ് ഇടപെടണം എന്നുമായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച്‌ യുവതിയുടെ രാജി എഴുതി വാങ്ങി പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനാണ് സിപിഎം നേതൃത്വം ശ്രമിച്ചത്. 24 നാണ് സൗമ്യ കസ്റ്റഡിയില്‍ ആയത്. മയക്കു മരുന്ന് കേസ് ആയതിനാല്‍ റിമാന്‍ഡില്‍ പോകുമെന്ന് ഉറപ്പായി. പോരാത്തതിന് കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യുകയും ഗൂഢാലോചന തെളിയുകയും ചെയ്യും.

നിശ്ചിത ഫോമില്‍ വേണം രാജിക്കത്ത് എഴുതാന്‍. മൂന്നു ഭാഗമാണ് ഫോമിനുള്ളത്. ഇതില്‍ ആദ്യ ഭാഗത്ത് അംഗത്തിന്റെ രാജി എഴുതി ഒപ്പിടണം. അടുത്ത ഭാഗം ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്താനുള്ളതാണ്. ഏറ്റവും അവസാനത്തെ ഭാഗം രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറി അംഗീകരിച്ചു കൊണ്ട് ഒപ്പിടാനുള്ളതാണ്. 11-ാം വാര്‍ഡ് മെമ്ബര്‍ സ്ഥാനത്ത് നിന്ന് സൗമ്യയുടെ രാജി നിശ്ചിത ഫോമില്‍ എഴുതി വാങ്ങി. അറ്റസ്റ്റ് ചെയ്യാന്‍ ഗസറ്റഡ് ഓഫീസറെ തപ്പി എങ്ങും പോകേണ്ടി വന്നില്ല. വണ്ടന്മേട് പൊലീസ് ഇന്‍സ്പെക്ടര്‍ നവാസ് തന്നെ സാക്ഷ്യപ്പെടുത്തിക്കൊടുത്തു. ഇനിയിപ്പോള്‍ ധൈര്യമായി സിപിഎമ്മിന് സൗമ്യയെ തള്ളിപ്പറയാം. കേസില്‍ പ്രതിയാകുന്നതിന് മുന്‍പ് സൗമ്യ പഞ്ചായത്തംഗം രാജി വച്ചുവെന്ന തരത്തിലുള്ള സൈബര്‍ പ്രചാരണമാണ് ലക്ഷ്യമിടുന്നത്.

ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസ്വാമിയുടെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്‌പി വി എ നിഷാദ് മോന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘ ത്തില്‍ വണ്ടന്മേട് ഇന്‍സ്പെക്ടര്‍ വി എസ് നവാസ്, ഇടുക്കി ഡാന്‍സാഫ് അംഗങ്ങളായ ജോഷി , മഹേശ്വരന്‍, അനൂപ്, ടോം എന്നിവരും കട്ടപ്പന ഡിവൈ.എസ്‌പിയുടെ ടീമംഗങ്ങളായ എസ് ഐ സജിമോന്‍ ജോസഫ്, എഎസ്‌ഐ മാരായ ടോണി ജോണ്‍ വികെ അനീഷ് സിനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മൃദുല ജി. ഷിബു പി.എസ് വേണുഗോപാല്‍ , മഹേഷ് പി.വി എന്നിവര്‍ ചേര്‍ന്ന് ഇടുക്കി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇടുക്കി വണ്ടന്മേടിലെ സിപിഎം സ്വതന്ത്ര പഞ്ചായത്തംഗം സൗമ്യ, കാമുകന്‍ വിനോദിന്റെ സുഹൃത്തുക്കളായ ഷാനവാസ്, ഷെല്‍ഫിന്‍ എന്നിവരാണ് അറസ്റ്റിലായത്. പുറ്റടി അമ്ബലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിനെയാണ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക