കോഴിക്കോട്: സ്വകാര്യവ്യക്തികളുമായി ഗൂഢാലോചന നടത്തി 40 കോടിയോളം വിലയുള്ള കെട്ടിടം 9.18 കോടിരൂപക്ക് ലേലത്തില്‍ വിറ്റുവെന്ന പരാതിയില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് (കെ.എഫ്.സി) മുന്‍ മാനേജിങ് ഡയക്ടര്‍ ഡി.ജി.പി. ടോമിന് ജെ.തച്ചങ്കരിയടക്കം ഒമ്ബതു പേര്‍ക്കെതിരെ പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവ്. മേയ് 16നകം പ്രാഥമിക അന്വേഷണം നടത്തി വിജിലന്‍സ് കോഴിക്കോട് യൂനിറ്റ് ഡിവൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജഡ്ജി ടി. മധുസൂദനന്റെ നിര്‍ദേശം.
മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിനടുത്തെ പേള്‍ഹില്‍ ബില്‍ഡേഴ്സ് കെട്ടിടത്തിന്റെ വായ്പയില്‍ കുടിശ്ശിക വരുത്തിയതിന് ലേലത്തില്‍ വിറ്റത് അഴിമതിയാണെന്ന് കാണിച്ച് പേള്‍ ഹില്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് മാനേജിങ് ഡയറക്ടര്‍ പി.പി. അബ്ദുല്‍നാസര്‍ അഡ്വ. ഡി. മോഹന്‍ദാസ് കല്ലായി മുഖേന നല്കിയ സ്വകാര്യ ഹരജിയിലാണ് നടപടി.
40.06 സെന്റ് സ്ഥലത്ത് 48.197ചതുരശ്ര അടിയില്‍ പണിത കെട്ടിടം വിലകുറച്ച് വിറ്റെന്നാണ് ആരോപണം. വിപണിയില്‍ ഒരു സെന്റിന് 75ലക്ഷം രൂപ കിട്ടും. ഇതുവഴി സ്ഥലത്തിനു തന്നെ 30കോടിയോളം വിലയുണ്ട്. കെട്ടിടത്തിന് ചതുരശ്ര അടിക്ക് 2000 രൂപയുണ്ട്. അതു പ്രകാരം10 കോടിയെങ്കിലും കിട്ടും. അന്നത്തെ കെ.എഫ്.സി. ജനറല്‍ മാനേജര്‍ പ്രേംനാഥ് രവീന്ദ്രനാഥ്, കോഴിക്കോട് ബ്രാഞ്ച് ചീഫ് മാനേജര്‍ സി. അബ്ദുല്‍ മനാഫ് എന്നിവരും ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തി പൊതുസ്വത്ത് നഷ്ടപ്പെടുത്തിയെന്നാണ് പരാതി.
4.89 കോടിരൂപ കെ.എഫ്.സിയില്‍ നിന്ന് വായ്പയെടുത്താണ് നാസര്‍ 2014ല്‍ കെട്ടിടമുണ്ടാക്കിയത്. കാലാവധിയായ അഞ്ചുകൊല്ലത്തിനകം 2.60 കോടിരൂപ തിരിച്ചടച്ചെങ്കിലും കുടിശ്ശിക ഒമ്ബതു കോടിയായി. തിരിച്ചടവില്‍ വീഴ്ചയാരോപിച്ച് 2021 മാര്‍ച്ചില്‍ കെട്ടിടം ലേലത്തില്‍ വിറ്റു. ഇ-ടെന്‍ഡറില്‍ ലേലം നടത്തിയെങ്കിലും ഉടമക്ക് വിവരം കൊടുത്തില്ല.
കൊല്ലത്തുള്ളയാള്‍ ലേലത്തിലെടുത്തെങ്കിലും ലേലത്തില്‍ നിന്ന് പിന്വാങ്ങിയയാളുടെ മകന്റെയടക്കം പേരിലാണ് രജിസ്റ്റര്‍ ചെയ്തത് 9.18 കോടിക്ക് ലേലത്തിനെടുത്തിട്ടും ഇതുവരെ 4.18 കോടിയെ കൊടുത്തിട്ടുള്ളൂ. ബാക്കി അഞ്ചു കോടി വായ്പയായി കൊടുക്കുകയും ചെയ്തു. വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും അദ്ദേഹം നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയത്.