കൊച്ചി: ഹോട്ടലില്‍ മുറിയെടുത്ത് ലഹരിക്കച്ചവടം നടത്തുന്നതിനിടെ യുവതിയുള്‍പ്പെട്ട എട്ടംഗ സംഘം പിടിയിലായെങ്കിലും പുലിവാല് പിടിച്ചത് അന്വേഷണ സംഘം. പിടിയിലായവരെല്ലാം സിന്തറ്റിക് ലഹരി വസ്തുവായ എംഡിഎംഎ ഉപയോ​ഗിച്ച്‌ അബേധാവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ പിടിയിലായ ഉടന്‍ തന്നെ മെഡിക്കലിന് വിധേയരാക്കാനോ ചോദ്യം ചെയ്യാനോ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ എല്ലാവരുടെയും ലഹരി ഇറങ്ങിയ ശേഷം വൈകിട്ടോടെയാണ് ഇവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കിയത്. വിശദമായ ചോദ്യം ചെയ്യല്‍ തുടുരകയാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

56.005 ഗ്രാം എം.ഡി.എം.എയും മൂന്ന് വാഹനങ്ങളും പത്തോളം മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ കൊലക്കേസ് പ്രതികളും വിദേശത്ത് ലഹരിക്കേസില്‍ ശിക്ഷിക്കപ്പെട്ടവരുമുണ്ട്. ആലുവ സ്വദേശി റിച്ചു റഹ്മാന്‍ (30), മലപ്പുറം സ്വദേശി മുഹമ്മദ് അലി (32), തൃശൂര്‍ സ്വദേശി വിബീഷ് (32), കണ്ണൂര്‍ സ്വദേശി സല്‍മാന്‍ (26), കൊല്ലം സ്വദേശികളായ ഷിബു (37), സുബൈര്‍ (29), ആലപ്പുഴ സ്വദേശി ശരത് (33), തന്‍സീല (24) എന്നിവരാണ് എക്സൈസ് ആന്റി നാര്‍ക്കോട്ടിക്സ് വിഭാഗവും കസ്റ്റംസ് പ്രിവിന്റീവ് വിഭാഗവും സംയുക്തമായി നടത്തിയ ദൗത്യത്തില്‍ കുടുങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിങ്കളാഴ്ച 7.30ഓടെ ഇടപ്പള്ളി ചങ്ങമ്ബുഴ പാര്‍ക്കിന് സമീപത്തെ ഗ്രാന്‍ഡ് കാസ ഇന്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് സംഘം വലയിലായത്. മയക്കുമരുന്ന് വില്പനയ്ക്കായി 15 ദിവസത്തോളം ഹോട്ടലില്‍ രണ്ട് മുറിയെടുത്ത് തമ്ബടിച്ച നാലുപേരും കൊല്ലത്ത് നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയ സ്ത്രീയുള്‍പ്പെടുന്ന നാലുപേരുമാണ് പിടിയിലായത്. റിച്ചു റഹ്മാന്‍, മുഹമ്മദ് അലി, വിബീഷ്, സല്‍മാന്‍ എന്നിവരാണ് ലഹരിയിടപാട് നിയന്ത്രിച്ചിരുന്നത്. ബംഗളൂരുവിലെ ആഫ്രിക്കന്‍ വംശജരില്‍ നിന്നാണ് ഇവര്‍ എം.ഡി.എം.എ ശേഖരിച്ചതെന്നാണ് മൊഴി. ഇവരില്‍ നിന്ന് ലഹരി വാങ്ങാനാണ് കൊല്ലത്ത് നിന്ന് യുവതിയടക്കമുള്ള മൂന്നംഗ സംഘം പുലര്‍ച്ചെ മൂന്ന് മണിക്ക് ഹോട്ടലില്‍ എത്തിയത്.

ലഹരിക്കച്ചവടം നടത്തിയിരുന്ന സംഘവുമായി ഏറെ നാളായി ലഹരി ഇടപാട് നടത്തിയിരുന്നവരാണ് ഇവരെന്നാണ് നിഗമനം. മുന്തിയ ഹോട്ടലുകളില്‍ മുറിയെടുത്തായിരുന്നു ഇടപാടുകള്‍. രണ്ടു സംഘങ്ങളും ഉപയോഗിച്ചിരുന്ന കാറുകളാണ് കസ്റ്റഡിയിലെടുത്തത്. വിദേശത്ത് ജോലി ചെയ്യുന്നവരാണ് മിക്കവരും. അവിടെ വച്ചുള്ള പരിചയത്തിലാണ് മയക്കുമരുന്ന് വില്പനയിലേക്ക് കടന്നതെന്നാണ് അറിയുന്നത്. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ് ഇവര്‍ ഹോട്ടല്‍ റൂമുകള്‍ ബുക്ക് ചെയ്തത്. എക്‌സൈസിനും കസ്റ്റംസിനും ലഹരി ഇടപാടിനെക്കുറിച്ച്‌ രഹസ്യവിവരം ലഭിച്ചിരുന്നു. ഇവരും മുറി എടുത്ത് മയക്കുമരുന്ന് സംഘത്തിന്റെ നീക്കം നിരീക്ഷിച്ചുവരികയായിരുന്നു.

കേരളത്തിലെ ലഹരി മാഫിയ കഞ്ചാവും ബ്രൗണ്‍ഷുഗറും ഉപേക്ഷിച്ച്‌ രാസലഹരിയിലേക്ക് ചുവടുമാറിയെന്നാണ് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നത്. പരമ്ബരാ​ഗത ലഹരി വസ്തുക്കളെക്കാള്‍ എംഡിഎംഎ എന്ന ലഹരി വസ്തുവിനോടാണ് കേരളത്തിലെ ലഹരി അടിമകളായ യുവാക്കള്‍ക്കും താത്പര്യം. യുവതികളും വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരും അടക്കം നിരവധി സ്ത്രീകളും ലഹരി മാഫിയയുടെ ഭാ​ഗമായി മാറിയെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്കയാണ് കേരളത്തിലെത്തുന്ന എംഡിഎംഎയുടെ പ്രഭവകേന്ദ്രം.

ശ്രീലങ്കയില്‍ നിന്നും എത്തിക്കുന്ന എം.ഡി.എം.എ. ബംഗളൂരുവില്‍ എത്തിച്ച്‌ അവിടെ നിന്നുമാണ് പിന്നീട് കൊച്ചിയിലേക്ക് കൊണ്ടുവരിക. ഓയോ സൈറ്റ് വഴി മുറി ബുക്ക് ചെയ്ത ശേഷം സ്ത്രീകളടക്കം എത്തി കുടുംബമെന്ന് ചൂണ്ടിക്കാട്ടിയാണ് മുറിയിലെത്തുക. പിന്നീട് ഇടപാടുകാര്‍ ഹോട്ടലുകളിലെത്തി മയക്കുമരുന്ന് കൈപ്പറ്റി മടങ്ങുകയാണ് പതിവ്. മയക്കുമരുന്ന് വില്‍പനക്കെത്തിയ നാലുപേരും, കൊല്ലത്ത് നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയ സ്ത്രീയുള്‍പ്പട്ടെ സംഘത്തിലെ നാലുപേരുമാണ് പിടിയിലായത്.

കൊല്ലത്തു നിന്നും തന്‍സീല എന്ന 24കാരി ലഹരി മരുന്ന് വാങ്ങാന്‍ കൊച്ചിയിലെത്തിയത് സ്വന്തം കുഞ്ഞിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ട ശേഷമായിരുന്നു. വിവാഹ മോചിതയായ യുവതി എക്സൈസ് പിടിയിലാകുമ്ബോള്‍ ലഹരി മരുന്ന് ഉപയോ​ഗിച്ച ശേഷം അബോധാവസ്ഥയിലായിരുന്നു. കൊല്ലത്തു നിന്നുമുള്ള യുവാക്കളുടെ സംഘത്തിനൊപ്പമാണ് തന്‍സീല എത്തിയത്.

ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തെങ്കിലും മയക്കുമരുന്ന് ലഹരി വിട്ട് പ്രതികളെ ചോദ്യം ചെയ്യാന്‍ മണിക്കൂറുകളെടുത്തു. മയക്കുമരുന്ന് വലിയ്ക്കാനുള്ള ഹുക്ക, പ്രത്യേക സജ്ജീകരണങ്ങളുള്ള ലൈറ്റര്‍, അളന്നു വില്‍ക്കുന്നതിനുള്ള ഉപകരണങ്ങള്‍, നിരവധി മൊബൈല്‍ ഫോണുകള്‍ എന്നിവയും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.തൊടുപുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളും മയക്കുമരുന്ന് വാങ്ങാന്‍ ഹോട്ടലിലെത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

വിദേശത്ത് ജോലി ചെയ്തിരുന്നവരാണ് പ്രതികളില്‍ മിക്കവരും. അവിടെ വെച്ചുള്ള പരിചയത്തിലാണ് മയക്കുമരുന്ന് വില്‍പ്പനയിലേക്ക് കടന്നത്. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ് ഇവര്‍ ഹോട്ടല്‍ റൂമുകള്‍ ബുക്ക് ചെയ്ത് വരുന്നതെന്നാണ് വ്യക്തമായത്. എക്സൈസ്-കസ്റ്റംസ് സംഘത്തിന് വില്‍പന സംബന്ധിച്ച്‌ നേരത്തെ വിവരം ലഭിച്ചിരുന്നതായാണ് സൂചന. ഇവരും ഇവിടെ റൂം എടുത്തിരുന്നതായാണ് വിവരം. തുടര്‍ന്ന് മയക്കുമരുന്ന് സംഘത്തിന്റെ നീക്കം നിരീക്ഷിച്ചുവരികയായിരുന്നു. മലപ്പുറത്ത് നിന്നുള്ള സംഘം ബെംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ. എത്തിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ പറഞ്ഞിരിക്കുന്നത്.

കസ്റ്റംസ് പ്രിവന്‍്റീവ് അസിസ്റ്റന്റ് കമ്മിഷണര്‍ പി.ജി. ലാലൂ, സൂപ്രണ്ട് വിവേക് വി., ഇന്‍സ്പെക്ടര്‍മാരായ ലിജിന്‍ ജെ. കമല്‍, ഷിനുമോന്‍ അഗസ്റ്റിന്‍, റമീസ് റഹീം, മനീഷ് (ഇന്‍സ്‌പെക്ടര്‍), എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി. അനികുമാര്‍, ജി. കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടമാരായ മുകേഷ് കുമാര്‍, മധുസൂദനന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍.എം. അരുണ്‍ കുമാര്‍, ബസന്ത് കുമാര്‍, സുബിന്‍, രാജേഷ്, അനൂപ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എല്‍.എം. ധന്യ, എസ്. നിഷ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക