തിരുവനന്തപുരം: താന്‍ കെ റെയിലിന് അനുകൂലമാണെന്ന് അര്‍ത്ഥമില്ലെന്ന പ്രസ്താവനയുമായി ശശി തരൂര്‍ എംപി. യുഡിഎഫ് എംപിമാരുടെ കെ റെയിലിന് എതിരെയുള്ള നിവേദനത്തില്‍ അദ്ദേഹം ഒപ്പുവച്ചിരുന്നില്ല.

എന്നാല്‍ പദ്ധതിയെ കുറിച്ച്‌ വിശദമായി പഠിക്കാതെ സില്‍വര്‍ ലൈനിനെ എതിര്‍ക്കാന്‍ താനില്ലെന്നാണ് അദ്ദേഹം പറയുന്നത്. പദ്ധതിയെക്കുറിച്ചു മനസ്സിലാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും, നിവേദനത്തില്‍ ഒപ്പിടാത്തതിനാല്‍ താന്‍ പദ്ധതിക്ക് അനുകൂലമാണെന്ന വ്യാഖ്യാനം തെറ്റാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അംഗീകരിക്കാനാവില്ല എന്ന നിലപാടിൽ കെപിസിസി

സില്‍വര്‍ലൈന്‍ വേഗ റെയില്‍ പദ്ധതിക്കെതിരായ പ്രതിഷേധം തീവ്രമാകുന്നതിനിടെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നു യുഡിഎഫ് എംപിമാരുടെ യോഗം വിളിക്കുമ്ബോള്‍ അതില്‍ ശശി തരൂര്‍ എംപി പങ്കെടുക്കുമോ എന്നത് നിര്‍ണ്ണായകമാകും. പദ്ധതിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് എംപിമാര്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണു യോഗം. പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കു വീണ്ടും കത്തെഴുതി കാത്തുനില്‍ക്കുന്നതിനിടെയുള്ള യോഗം നിര്‍ണായകമാണ്. 

തരൂര്‍ ഒപ്പിടാത്തതിനെ ഗൗരവത്തോടെയാണ് കെപിസിസിയും കോണ്‍ഗ്രസ് ഹൈക്കമാണ്ടും കാണുന്നത്. പെട്രോള്‍ സമരത്തിനിടെ മുഖ്യമന്ത്രിയെ പ്രൊഫഷണല്‍ എന്ന് വിശേഷിപ്പിച്ച്‌ തരൂര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇത് ഏറെ വിവാദമായി. കൊച്ചിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെതിരെ പരസ്യമായി രംഗത്തു വരികയും ചെയ്തു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പോരാട്ടത്തെ തരൂര്‍ തകര്‍ക്കുന്നുവെന്ന പ്രതീതി ശക്തമാണ്. ഈ സാഹചര്യത്തില്‍ വേഗ റെയിലിലെ പിന്മാറ്റം കോണ്‍ഗ്രസ് ഗൗരവത്തോടെ എടുക്കും.

വേഗ റെയിലിനെതിരെ കോണ്‍ഗ്രസ് കടുത്ത പ്രതിഷേധത്തിലാണ്. എന്നാല്‍ താന്‍ മുഖ്യമന്ത്രിക്ക് വേണ്ടിയല്ല ഒപ്പിടാത്തതെന്നും പഠിക്കാന്‍ വേണ്ടിയാണെന്നും തരൂരും വിശദീകരിക്കുന്നു. ഇന്നത്തെ യോഗത്തില്‍ തരൂര്‍ എത്തിയാല്‍ പ്രശ്‌നം തീരും. അല്ലെങ്കില്‍ തരൂരിനെതിരെ കടുത്ത നടപടികളിലേക്ക് കെപിസിസി നീങ്ങും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാട് നിര്‍ണ്ണായകമാകും. ആരും പാര്‍ട്ടിക്ക് അതീതരല്ലെന്ന നിലപാടിലാണ് സുധാകരന്‍. പാര്‍ട്ടി നിലപാടുകളെ അംഗീകരിക്കാതെ ആര്‍ക്കും മുമ്ബോട്ട് പോകാന്‍ കഴിയില്ലെന്നും സുധാകരന്‍ നിലപാട് എടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക