തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ താരം വട്ടിയൂര്‍ക്കാവിലെ പുതിയ ആള്‍ദൈവമാണ്. ചിത്രാനന്ദമയി അമ്മ എന്ന പേരില്‍ സ്വന്തമായി പൂജകളും പ്രവചനങ്ങളുമൊക്കെ നടത്തുന്ന ഇവരുടെ വിവിധ ഭാവങ്ങളിലുള്ള ഫോട്ടോകളും വീഡിയോകളുമൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റോട് ഹിറ്റ്.

രണ്ട് മാസം മുമ്ബ് തന്നെ വട്ടിയൂര്‍ക്കാവിലെ വീടിന് മുന്നില്‍ ചിത്രാനന്ദമയി അമ്മ ഫൗണ്ടേഷന്റെ ബോര്‍ഡ് ഉയര്‍ന്നെങ്കിലും രണ്ടാഴ്‌ച്ച മുമ്ബ് മാത്രമാണ് ചിത്രാനന്ദമയി വട്ടിയൂര്‍ക്കാവിലെത്തുന്നത്. അതിന് മുമ്ബ് കരമന, പാപ്പനംകോട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വട്ടിയൂര്‍ക്കാവ് ചിത്രാനന്ദമയിക്ക് ലക്കിപ്ലെയ്സ് ആകുകയായിരുന്നു. ഫേസ്‌ബുക്കില്‍ ആരോ ഇട്ട ഫൗണ്ടേഷന്റെ ബോര്‍ഡിന്റെ ചിത്രം മണിക്കൂറുകള്‍ കൊണ്ടാണ് വൈറലായത്. തുടര്‍ന്ന് ചിത്രാനന്ദമയിയുടെ ധ്യാനത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ ട്രോളന്മാര്‍ അമ്മയെ ഏറ്റെടുക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമ്മയാകും മുമ്ബെ

ഇപ്പോള്‍ തന്റെ ഭൂതകാലത്തെ പറ്റിയുള്ള അമ്മയുടെ വാക്കുകളാണ് വൈറലാകുന്നത്. ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിരുന്ന ഭൂതകാലമായിരുന്നു തന്റേതെന്ന് അവര്‍ തന്നെ പറയുന്നു. ഒരുപാട് ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ട്. ജീവി്ക്കാനായി ഒരുപാട് ജോലികള്‍ ചെയ്തിട്ടുണ്ട്. ആദ്യം പതിമൂന്ന് വര്‍ഷം ആയുര്‍വ്വേദവുമായി ബന്ധപ്പെട്ട ജോലിയായിരുന്നു. അതിനുശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ പൊതിച്ചോറ് വില്‍ക്കാനും പോയിട്ടുണ്ട്. ഒടുവില്‍ ജീവിക്കാന്‍ മാര്‍ഗമില്ലാതെ ഹോട്ടലില്‍ പാത്രം കഴുകാന്‍ വരെ പോയിട്ടുള്ളതായും ചിത്രാനന്ദമയി പറയുന്നു.

സിദ്ധി തിരിച്ചറിയുന്നത്

ആത്മീയ സിദ്ധിയെക്കുറിച്ച്‌ ആളുകള്‍ കളിയാക്കുകയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളുകള്‍ നേരിടുകയും ചെയ്തെങ്കിലും തന്റെ കഴിവില്‍ പൂര്‍ണമായ ആത്മവിശ്വാസവും അഭിമാനവും ചിത്രാനന്ദമയിക്കുണ്ട്. മുമ്ബ് പല ജോലികള്‍ ചെയ്തിരുന്ന കാലത്തും തന്റെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യം ആകാറുണ്ടായിരുന്നെന്ന് അവര്‍ പറയുന്നു. ദൈവാനുഗ്രഹം കൊണ്ട് തനിക്ക് ലഭിച്ച സിദ്ധിയാണിത്. അത് തിരിച്ചറിഞ്ഞതോടെയാണ് സാധാരണ വീട്ടമ്മയായിരുന്ന താന്‍ ചിത്രാനന്ദമയി അമ്മയായതെന്ന് അവര്‍ പറയുന്നു.

തന്റെ സിദ്ധികള്‍ കൊണ്ട് മറ്റ് മനുഷ്യര്‍ക്ക് ഉപകാരമുണ്ടാകണമെന്ന ആഗ്രഹം മാത്രമേ ഉള്ളു. സാമ്ബത്തികലാഭമായിരുന്നു ലക്ഷ്യമെങ്കില്‍ താനിപ്പോഴും വാടകവീട്ടില്‍ കഷ്ടപ്പെട്ട് ജീവിക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. തിരുവനന്തപുരത്തും പരിസരത്തുമുള്ളവര്‍ക്ക് തന്നെ അറിയാം, താന്‍ പറയുന്ന കാര്യങ്ങളൊക്കെ കള്ളമാണെങ്കില്‍ തന്നെ അറിയുന്നവര്‍ അത് പരസ്യമായി ചോദിക്കുമല്ലോ എന്നും അവര്‍ പറയുന്നു.

ചിത്രാനന്ദമയി ആള്‍ദൈവമായത് ബന്ധുക്കള്‍ക്കാര്‍ക്കും ഇഷ്ടമായിട്ടില്ല. അതുകൊണ്ടുതന്ന അവരുമായി ഇപ്പോള്‍ ചിത്രാനന്ദമയിക്ക് ബന്ധമൊന്നുമില്ല. അവിടേക്ക് ധാരാളം ആളുകള്‍ ഇപ്പോള്‍ വരുന്നുണ്ടെന്ന് അവര്‍ പറയുന്നു. അവര്‍ പണം തരും, പക്ഷെ എത്രയാണ് തുകയെന്നു ഞാന്‍ നോക്കാറില്ല. അവര്‍ തരുന്ന പണത്തിന്റെ കനമനുസരിച്ചല്ല അവരോട് സംസാരിക്കാറുള്ളത്. ആ കിട്ടുന്ന പണവും ഭക്തര്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. ബന്ധുക്കള്‍ക്കോ കുടുംബത്തിനോ പോകുമെന്ന ഭയം വേണ്ടെന്നും അവര്‍ പറയുന്നു.

ദീക്ഷയില്ല, സിദ്ധി മാത്രം

ചട്ടപ്രകാരമുള്ള സന്യാസദീക്ഷയൊന്നും ചിത്രാനന്ദമയി സ്വീകരിച്ചിട്ടില്ല. ലഭിച്ച സിദ്ധി മറ്റുള്ളവരുടെ ഗുണത്തിനായി വിനിയോഗിക്കണമെന്ന ചിന്ത മാത്രം. ശ്രീരാമകൃഷ്ണ പരമഹംസനടക്കമുള്ള മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നിരവധിപേരെ മാനസഗുരുക്കളായി വരിച്ചിട്ടുണ്ട്. പാപ്പനംകോട് വീട്ടില്‍ ഇരുന്നപ്പോള്‍ വധഭീഷണി വരെ ഉണ്ടായി. വട്ടിയൂര്‍ക്കാവില്‍ ഇപ്പോഴുള്ള വീട് ഒരു ഭക്തയുടേതാണെന്നുമാണ് ചിത്രാനന്ദമയി പറയുന്നു. എന്തായാലും ട്രോളുകള്‍ ഹിറ്റായതിനെ തുടര്‍ന്ന് ഇപ്പോള്‍ കൂടുതല്‍ പേര്‍ ചിത്രാനന്ദമയിയെ തേടി വട്ടിയൂര്‍ക്കാവിലെത്തുന്നുണ്ട്.

കടപ്പാട്: മറുനാടൻ മലയാളി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക