നംഗ്യാലും നൂറിയും സഹോദരന്മാരാണ്. ചെറുപ്പത്തില്‍ എല്ലാക്കാര്യത്തിലും ഒരുമിച്ചു നിന്നവരായിരുന്നു അവര്‍. ഒരേ ഫുട്ബോള്‍ ടീമിന് വേണ്ടി ഇരുവരും കളിച്ചു, ഒരേ സ്കൂളില്‍ പഠിച്ചു, ഒരേ മുറിയില്‍ ഉറങ്ങി, ഒരേ പള്ളിയില്‍ പോയി. പക്ഷേ, കഴിഞ്ഞ ഒമ്ബത് വര്‍ഷങ്ങളായി ഇരുവരും പരസ്പരം കൊല്ലാന്‍ നടക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ കുന്ദൂസ് പ്രവിശ്യയില്‍ നിന്നുള്ള ഈ സഹോദരങ്ങള്‍ ശത്രുക്കളായി മാറുന്നത്, താന്‍ അഫ്ഗാന്‍ നാഷണല്‍ ആര്‍മിയില്‍ ചേരുകയാണെന്ന് ഒരത്താഴവേളയില്‍ നംഗ്യാല്‍ തന്റെ കുടുംബത്തോട് പറഞ്ഞ ദിവസം മുതലാണ്.

“മുസ്ലിംകള്‍ക്കെതിരെ അമേരിക്കക്കാരെ പിന്തുണയ്ക്കുക വഴി നരകത്തിന്‍റെ പാതയാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് നൂറി നംഗ്യാലിനോട് പറഞ്ഞു. തുടര്‍ന്ന് ഡൈനിംഗ് റൂമില്‍ വെച്ച്‌ എന്റെ സഹോദരങ്ങള്‍ തമ്മില്‍ വഴക്ക് തുടങ്ങി” അവരുടെ 28 -കാരിയായ സഹോദരി വൈസ് വേള്‍ഡ് ന്യൂസിനോട് പറഞ്ഞു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം നൂറി താലിബാനില്‍ ചേര്‍ന്നു. പാശ്ചാത്യ സൈന്യം പിന്‍വാങ്ങിയതോടെ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും പിടിച്ചെടുത്തു തുടങ്ങി. പലപ്പോഴും നംഗ്യാലും നൂറിയും മുന്‍നിരയില്‍ തന്നെ പരസ്പരം ഏറ്റുമുട്ടി. രണ്ടുപേരോടും സംസാരിച്ച വൈസ് ന്യൂസ് എഴുതുന്നത് അവരിപ്പോഴും ശത്രുത പുലര്‍ത്തുന്നു എന്നാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“പര്‍വ്വതങ്ങളിലും ഗ്രാമങ്ങളിലും വെച്ച്‌ ഞാന്‍ എന്റെ സഹോദരനെ പലതവണ യുദ്ധത്തില്‍ നേരിട്ടു. എന്റെ സഹോദരന് നേരെ വെടിയുതിര്‍ത്തത് ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പക്ഷേ എനിക്ക് മറ്റ് വഴികളില്ല. എന്റെതന്നെ ഹൃദയത്തില്‍ വെടിവെച്ച്‌ സ്വയം കൊല്ലുകയാണെന്ന് ഞാന്‍ കരുതി” ഇപ്പോള്‍ 34 വയസുള്ള നംഗ്യാല്‍ പറഞ്ഞു. ഈ വേനല്‍ക്കാലത്ത് അഫ്ഗാന്‍ നാഷണല്‍ ആര്‍മി ശിഥിലമായി, പാശ്ചാത്യ പിന്തുണയുള്ള ഗവണ്‍മെന്റുകളുടെയും സായുധ സേനയുടെയും മുന്‍ അംഗങ്ങള്‍ക്ക് താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും, പ്രതികാര കൊലപാതകങ്ങള്‍ തുടര്‍ന്നു. അഫ്ഗാന്‍ സൈന്യം തകരുന്നതിന് മുമ്ബ്, ആഗസ്ത് 10 -ന് നൂറി നംഗ്യാലുമായി ബന്ധപ്പെട്ടു. ഏകദേശം 10 വര്‍ഷത്തിന് ശേഷമുള്ള അവരുടെ ആദ്യത്തെ നേരിട്ടുള്ള ആശയവിനിമയമായിരുന്നു അത്.

‘ഞങ്ങള്‍ക്ക് വിജയം ലഭിച്ചു എന്ന് അവന്‍ എന്നോട് പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ ആളുകളോടൊപ്പം കീഴടങ്ങണം എന്ന് ഭീഷണിപ്പെടുത്തി. അല്ലാത്തപക്ഷം ഞങ്ങള്‍ കൊല്ലപ്പെടുമെന്നും സൂചന തന്നു. എന്നാല്‍, അവര്‍ എന്നെ കീഴടക്കാന്‍ ശ്രമിച്ചാല്‍ അവനെയും കൊല്ലുമെന്ന് ഞാന്‍ ഭീഷണിപ്പെടുത്തി’ എന്നും നംഗ്യാല്‍ പറയുന്നു. അഞ്ച് ദിവസത്തിന് ശേഷം നംഗ്യാല്‍ തന്റെ സഹോദരന്റെ പ്രതികാരത്തില്‍ നിന്നും ഒഴിവാകാന്‍ കാണ്ഡഹാറിലേക്ക് താമസം മാറ്റി.

കഴിഞ്ഞ 10 വര്‍ഷത്തെ കാര്യങ്ങളെടുത്തു നോക്കിയാലും നംഗ്യാല്‍ ഇപ്പോഴും ഉറച്ച്‌ വിശ്വസിക്കുന്നത് താനെടുത്ത തീരുമാനം ശരിയായിരുന്നു എന്ന് തന്നെയാണ്. ‘ഞാന്‍ ഒരു ദേശസ്നേഹിയായിരുന്നു, അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യം അപകടത്തിലായിരുന്നു. സൈന്യത്തില്‍ ചേരുകയും സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി എന്റെ ജീവിതം സമര്‍പ്പിക്കുകയും ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു. പക്ഷേ, മണ്ണിനോടുള്ള എന്റെ വിശ്വസ്തതയും ത്യാഗവും എന്റെ സഹോദരനെ എന്റെ ശത്രുവാക്കി. എന്റെ വീട്ടിലേക്ക് കഠിനമായ ദുരന്തങ്ങള്‍ വരുത്തിയ നിര്‍ഭാഗ്യവാനായ ഒരു സൈനികനായി ഞാന്‍’ അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ പഴയ സഹോദരന്മാരും നിലവിലെ ശത്രുക്കളുമായിത്തീര്‍ന്നു. ഞാന്‍ വീണ്ടും വീട്ടില്‍ പോയാല്‍ എനിക്ക് എന്റെ ജീവന്‍ നഷ്ടപ്പെടും, കാരണം ഞാന്‍ ഒരു രാജ്യദ്രോഹിയാണെന്ന് എന്റെ സഹോദരന്‍ വിശ്വസിക്കുന്നു’ നംഗ്യാല്‍ പറഞ്ഞു. ഇപ്പോള്‍ 33 വയസ്സുള്ള നൂറിക്ക് യാതൊരു പശ്ചാത്താപവുമില്ല. ‘അവിശ്വാസികള്‍ നിങ്ങളുടെ രാജ്യം ആക്രമിക്കുമ്ബോള്‍ മുസ്ലിംകള്‍ക്ക് യുദ്ധം നിര്‍ബന്ധമാണ്. ഇസ്‌ലാമിന് വേണ്ടി എല്ലാം ത്യജിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്റെ രാജ്യത്തെ മോചിപ്പിക്കാനാണ് ഞാന്‍ ജിഹാദില്‍ പങ്കെടുത്തത്’ അയാള്‍ വൈസ് വേള്‍ഡ് ന്യൂസിനോട് പറഞ്ഞു.

‘എന്റെ സഹോദരന്‍ അവിശ്വാസികളുടെ അടിമയായിരുന്നു, അവര്‍ക്കുവേണ്ടി മുസ്ലിംകള്‍ക്കെതിരെ പോരാടുകയായിരുന്നു അവന്‍’ എന്നും നൂറി പറയുന്നു. തന്റെ സഹോദരനുമായി അനുരഞ്ജനം സാധ്യമല്ലെന്നും നൂറി പറഞ്ഞു. ‘എന്റെ സഹോദരന്‍ താലിബാന്റെ കൊലയാളിയാണ്. താലിബാനെ കൂട്ടക്കൊല ചെയ്യാന്‍ ശ്രമിച്ച കൊലയാളികളെ ഞാന്‍ മറക്കില്ല, ക്ഷമിക്കില്ല’ എന്നും അയാള്‍ പറയുന്നു. ഇവരുടെ പിതാവ് 2010 -ല്‍ മരിച്ചു, അവര്‍ക്ക് മൂന്ന് സഹോദരിമാരുണ്ട്. 64 വയസ്സുള്ള അവരുടെ അമ്മ തന്റെ മക്കളെ അനുനയിപ്പിക്കാന്‍ പലതവണ ശ്രമിച്ചുവെങ്കിലും അവര്‍ ഇതുവരെ നിരസിച്ചു. ‘ഞാന്‍ ലോകത്തിലെ ഏറ്റവും ഭാഗ്യമില്ലാത്ത അമ്മയാണ്. എന്റെ വേദന വാക്കുകളില്‍ വിവരിക്കുക അസാധ്യമാണ്’ എന്ന് അവര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക