ഇപ്പോൾ സോഷ്യല്‍മീഡിയയിൽ നിറയുന്നത് സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും അദ്ദേഹത്തിന്റെ ജയിലര്‍ എന്ന സിനിമയുമാണ്. തമിഴ്നാട്ടിലും കേരളത്തിലുമടക്കം ജയിലര്‍ റിലീസ് നടന്ന എല്ലായിടത്തും നിന്നും മികച്ച റിപ്പോര്‍ട്ടുകളാണ് നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് ലഭിക്കുന്നത്.ഒട്ടനവധി എക്സ്ട്രാ ഷോകളും സിനിമയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തൊന്നും ഇത്ര ഗംഭീരമായൊരു രജിനി സിനിമ കണ്ടിട്ടില്ലെന്നാണ് ഓരോ പ്രേക്ഷകനും ഒരേ സ്വരത്തില്‍ പറയുന്നത്. ഗസ്റ്റ് റോളില്‍ വന്ന് തകര്‍ത്താടിയ മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെയും വാനോളം പുകഴ്ത്തുന്നുണ്ട് പ്രേക്ഷകര്‍.

രജിനിയും ജയിലറും നെല്‍സണുമെല്ലാം ആഘോഷിക്കപ്പെടുമ്ബോള്‍ സിനിമയിലേക്ക് സൂപ്പര്‍സ്റ്റാറിന് വഴിതുറന്ന് കൊടുത്തൊരു വ്യക്തിയുടെ പേരാണ് വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത്.വെറും ബസ് കണ്ടക്ടറായി ഒതുങ്ങപ്പോകുമായിരുന്ന രജിനികാന്തിനെ അഭിനയം പഠിക്കാൻ പറഞ്ഞയച്ചത് താരത്തിന്റെ പ്രണയിനിയായിരുന്നു. എന്നാല്‍ രജിനി സിനിമയില്‍ ക്ലച്ച്‌ പിടിച്ചപ്പോഴേക്കും കാമുകിയെ എന്നന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു. ഇന്നും ഏത് ആള്‍ക്കൂട്ടത്തിലും രജിനി നിര്‍മ്മലയെന്ന തന്റെ കാമുകിയെ തിരയുന്നുണ്ട്.സൂപ്പര്‍താരത്തിന്റെ ഉള്ളിലുള്ള നഷ്ട പ്രണയത്തെ കുറിച്ച്‌ വളരെ അധികം അടുത്ത് അറിയാവുന്ന ഒരാളാണ് നടൻ ദേവൻ. നിമ്മിയെ നഷ്ടപ്പെട്ട സങ്കടം പലപ്പോഴും രജിനികാന്ത് തന്നോട് പറഞ്ഞതായി അടുത്തിടെ കാൻ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദേവൻ പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്ന് ദേവൻ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ബാഷ എന്ന സിനിമയില്‍ അഭിനയിക്കാൻ‌ തുടങ്ങിയ ശേഷമാണ് രജിനികാന്തുമായി ദേവന് സൗഹൃദം ഉണ്ടാകുന്നത്. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളില്‍ ഒരുമിച്ച്‌ സമയം ചിലവഴിച്ചതിനെ കുറിച്ചും ഭക്ഷണം കഴിച്ചതിനെ കുറിച്ചുമെല്ലാം ദേവൻ വെളിപ്പെടുത്തിയിരുന്നു. അത്തരമൊരു സൗഹൃദ കൂട്ടായ്മയില്‍ വെച്ചാണ് ആദ്യമായി നിമ്മിയെ കുറിച്ച്‌ സൂപ്പര്‍സ്റ്റാര്‍ ദേവനോട് സംസാരിച്ചത്.’ഒരു ദിവസം അദ്ദേഹം എന്നെ റൂമിലേക്ക് വിളിപ്പിച്ചു. അന്നദ്ദേഹം സംസാരിക്കാനും, അഭിനയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം ചിലത് സംസാരിക്കാനുമായിട്ടാണ് എന്നെ വിളിച്ചത്. പലതും സംസാരിച്ച്‌ തുടങ്ങി. അങ്ങനെ ആദ്യ പ്രണയം എന്ന വിഷയത്തിലേക്ക് എത്തിയപ്പോഴാണ് നിമ്മിയെ കുറിച്ച്‌ അദ്ദേഹം പറഞ്ഞത്.’

“അദ്ദേഹം ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന കാലം. അവിടെ എല്ലാവരും പിന്നീലൂടെ ബസില്‍ കയറി മുന്‍ വാതില്‍ വഴി ഇറങ്ങിപ്പോകുന്നതാണ് അന്നത്തെ രീതി. അങ്ങനെ ഒരു പെണ്‍കുട്ടി എന്നും കയറും. പക്ഷെ ഒരു ദിവസം അവള്‍ മുന്‍ വാതില്‍ വഴി കയറി. രജിനി സര്‍ അവളെ തടഞ്ഞിട്ട് പിന്‍ വാതില്‍ വഴി വരാനായി പറഞ്ഞു. അദ്ദേഹത്തെ തള്ളിമാറ്റി അവള്‍ സീറ്റില്‍ പോയിരുന്നു. അങ്ങിനെയാണ് അവരുടെ സൗഹൃദം തുടരുന്നത്. പിന്നീട് നല്ല സുഹൃത്തുക്കളായി.

അങ്ങനെ ഇരിക്കെ ഒരു ദിവസം രജിനി സര്‍ താമസിച്ചിരുന്ന കോളനിയില്‍ എന്തോ ഒരു പരിപാടി വന്നു. അതില്‍ ഒരു നാടകത്തില്‍ അദ്ദേഹം അഭിനയിക്കുന്നുണ്ട്. അത് കാണാന്‍ വരാൻ അദ്ദേഹം ആ പെണ്‍കുട്ടിയോട് പറഞ്ഞു. അവള്‍ വന്നു… കണ്ടു. രജിനികാന്തിന്റെ അഭിനയത്തെ കുറിച്ച്‌ നല്ല അഭിപ്രായമൊക്കെ പറഞ്ഞിട്ടുപോയി.

അത് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഒരു ഇന്റര്‍വ്യു കാര്‍ഡ് രജിനി സാറിന് വന്നു. അങ്ങനെ ഒരു കോഴ്‌സിന് രജിനി സര്‍ അപ്ലെ ചെയ്തിരുന്നില്ല. പിന്നെ എങ്ങിനെ വന്നുവെന്ന് ആലോചിച്ചിട്ട് അദ്ദേഹത്തിന് ഉത്തരം കിട്ടിയില്ല. അതിനുശേഷം ആ പെണ്‍കുട്ടി വന്നു ചോദിച്ചു… കാര്‍ഡ് വന്നോ എന്ന്. അപ്പോഴാണ് അപേക്ഷ അയച്ചത് അവളാണെന്ന് അദ്ദേഹമറിഞ്ഞത്. പക്ഷെ അന്ന് ചെന്നൈ വരെ പോയി അവിടെ താമസിച്ച്‌ പഠിക്കാനുള്ള കാശൊന്നും അദ്ദേഹത്തിന്റെ കൈയ്യിലില്ലായിരുന്നു.’പോകാന്‍ പറ്റില്ല എന്ന് രജിനി സര്‍ പറഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി അഞ്ഞൂറ് രൂപ എടുത്ത് കൊടുത്തു. അന്ന് അഞ്ഞൂറിന് ഇന്നത്തെ അയ്യായിരത്തിന്റെ മൂല്യമുണ്ട്. എന്നിട്ട് അവള്‍ പറഞ്ഞു നിങ്ങളില്‍ നല്ല ഒരു കലാകാരനുണ്ട്. ലോകം അറിയപ്പെടുന്ന ഒരു അഭിനേതാവായി നിങ്ങള്‍ വരും. ഈ ചുമരുകളിലെല്ലാം നിങ്ങളുടെ ഫോട്ടോ പതിയുന്നത് എനിക്ക് കാണണമെന്ന്.

അങ്ങനെ രജിനി സര്‍ ചെന്നൈയില്‍ പോയി. കോഴ്‌സിന് ജോയിന്‍ ചെയ്തു. രണ്ടാഴ്ച കഴിഞ്ഞ് അവളെ കാണാന്‍ നാട്ടിലെത്തി. പക്ഷെ ബസില്‍ അവളുണ്ടായിരുന്നില്ല. അന്ന് മടങ്ങിപ്പോയി. അടുത്ത ആഴ്ചയും വന്നു. അന്നും ഉണ്ടായിരുന്നില്ല. അവസാനം അവള്‍ താമസിച്ചിരുന്ന കോളനി അന്വേഷിച്ചുപോയി. രണ്ടുമാസം മുമ്ബ് അവര്‍ കുടുംബത്തോടെ ഇവിടെ നിന്നും മാറിപ്പോയിയെന്നും എവിടെയാണെന്ന് അറിയില്ല എന്നുമാണ് രജിനി സാര്‍ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. നിരാശയോടെ അദ്ദേഹം അവിടെ നിന്നും മടങ്ങി. നിര്‍മല എന്നാണ് അവരുടെ പേര്. രജിനി സര്‍ നിമ്മിയെന്ന് വിളിക്കും. ഇന്നും സാര്‍ നിമ്മിയെ ആള്‍ക്കൂട്ടത്തില്‍ തിരയാറുണ്ട്” ദേവൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക