നെടുമങ്ങാട്: അശാസ്ത്രീയമായ റോഡു പണി ആട്ടുകാല്‍ ക്ഷീരോല്പാദക സഹകരണ സംഘം മന്ദിരത്തിന്‍റെ അടിത്തറയും ചുറ്റുമതിലും തകര്‍ത്തു. പത്ത് മീറ്ററോളം നീളത്തിലുള്ള കരിങ്കല്‍ നിര്‍മ്മിത മതിലും കെട്ടിടത്തിന്റെ ഫൗണ്ടേഷനും തകര്‍ന്നു തരിപ്പണമായി. അടിവാരം തകര്‍ന്നതോടെ ചുമരുകളില്‍ വിള്ളല്‍ വീണ കെട്ടിടവും തകര്‍ച്ചയുടെ വക്കിലാണ്.

കിഫ്ബിയില്‍ നിന്ന് 5 കോടി രൂപ ചെലവിട്ടു നിര്‍മ്മാണം നടക്കുന്ന പനവൂര്‍ – ചുള്ളിമാനൂര്‍ റോഡിന്റെ കരയിലുള്ള ക്ഷീരസംഘം കെട്ടിടമാണ് അപകടാവസ്ഥയിലായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. റോഡ് ലെവല്‍ ചെയ്യുന്നതിന്റെ പേരില്‍ എസ്‌കേവറ്റര്‍ ഉപയോഗിച്ച്‌ മതിലിന്റെ അടിത്തറ തോണ്ടിയതാണ് കെട്ടിടത്തിനു വിനയായത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച മതിലും ഫൗണ്ടേഷനുമാണ് നിലം പൊത്തിയത്. മില്‍മയുടെ കീഴില്‍ ചില്ലിംഗ് പ്ലാന്റുള്‍പ്പടെ സജ്ജീകരിച്ച്‌ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംഘം , കെട്ടിടം തകര്‍ന്നതോടെ പ്രവര്‍ത്തനം താറുമാറായി. പ്രതിദിനം അയ്യായിരം ലിറ്ററോളം പാല്‍ സംഭരിക്കുന്ന ജില്ലയിലെ പ്രമുഖ ക്ഷീര സംഘമാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടാഴ്ച മുമ്ബ് , സംഘം കെട്ടിടത്തിന്റെ പ്രവേശന കവാടം തകര്‍ത്ത് ഓട പണി തുടങ്ങിയപ്പോള്‍ തന്നെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. മുന്നറിയിപ്പ് അവഗണിച്ച്‌ അടിത്തറ തോണ്ടിയതാണ് തകര്‍ച്ചയ്ക്ക് വഴിവച്ചതെന്ന് പരാതിയുണ്ട്. സംഘം പ്രസിഡന്റ് സദാശിവന്‍ നായരുടെ പരാതിയെ തുടര്‍ന്ന് നെടുമങ്ങാട് ഡയറി ഓഫീസര്‍ ബിജു വാസുദേവന്‍ സ്ഥലം സന്ദര്‍ശിച്ച്‌ ജില്ലാ ഡയറി ഓഫീസര്‍ക്ക് റിപ്പോര്‍ട്ടു നല്‍കി. പി.ഡബ്ലിയു.ഡി അസി.എക്സിക്യുട്ടീവ് എഞ്ചിനിയറുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരും അപകട സ്ഥലം സന്ദര്‍ശിച്ചു. സുരക്ഷാ ഭിത്തി പുനര്‍ നിര്‍മ്മിക്കണമെന്നും മന്ദിരത്തിന്റെ കേടുപാടു തീര്‍ക്കാന്‍ നഷ്ടപരിഹാരം നല്‍കണമെന്നും ക്ഷീര കര്‍ഷകര്‍ ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക