തിരുവനന്തപുരം: കോട്ടയം പാമ്ബാടിയില്‍നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയത് യുവാക്കളോടൊപ്പം. തമ്ബാനൂരിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ട്രെയിനിലാണ് തിരുവനന്തപുരത്തേക്ക് എത്തിയതെന്നും ഇവിടെ ഒരു ദിവസം തങ്ങിയ ശേഷം ബംഗളുരുവിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി. ഇതിനായി ടിക്കറ്റ് എടുക്കാന്‍ തയ്യാറായി നിന്നപ്പോഴാണ് പോലീസ് പൊക്കിയതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം വീടുവിടാനുണ്ടായ കാരണം എന്താണെന്ന് കുട്ടികള്‍ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല പ്രായപൂര്‍ത്തിയാകാത്ത യുവാക്കളോടൊപ്പമായിരുന്നു പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞത്. ഒളശ സ്വദേശി ജിബിന്‍ സ്കറിയ പെണ്‍കുട്ടികളുടെ നാട്ടുകാരനായ വിശാല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെള്ളിയാഴ്ച്ച ഉച്ചയോട് കൂടിയാണ് വിദ്യാര്‍ത്ഥിനികളെ കാണാനില്ല എന്ന പരാതി വന്നത്. ജോലി കഴിഞ്ഞ് രക്ഷിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല തുടര്‍ന്ന് വീടിന്റെ പരിസരത്ത് അന്വേഷണം നടത്തി എങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ ബെംഗളൂരുവിലേക്ക് പോവുകയാണെന്ന് സുഹൃത്തിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

അതേസമയം കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കുട്ടികള്‍ കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. അതിനിടെ നാഗമ്ബടം സ്റ്റാന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഇവര്‍ക്കൊപ്പം മറ്റൊരു പെണ്‍കുട്ടി കൂടി ഉണ്ടായിരുന്നു. പൊലീസ് സംഘം ഈ പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെ ഇവരുടെ ബന്ധുവാണെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ പെണ്‍കുട്ടികള്‍ എവിടെ പോയതാണെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ഈ പെണ്‍കുട്ടി പറഞ്ഞത്.

തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തമ്ബാനൂരിലുണ്ടെന്ന് കണ്ടെത്തിയത്. തമ്ബാനൂരില്‍ അന്വേഷണം നടത്തിയ പോലീസിന് ഇവര്‍ ലോഡ്ജില്‍ താമസിക്കുന്നുണ്ട് എന്ന വിവരം ലഭിച്ചു. ഇതോടെ തിരുവനന്തപുരത്തേക്കും രാത്രിതന്നെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

തുടര്‍ന്ന് പോലീസ് പരിശോധിച്ചപ്പോഴാണ് സഹോദരിമാര്‍ക്കൊപ്പം രണ്ടു യുവാക്കളെയും കണ്ടത്. പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരെ ജുവനൈല്‍ കോടതിയിലും പ്രായപൂര്‍ത്തിയായ യുവാവിനെ കോടതിയിലും ഹാജരാക്കുമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി എന്‍. ബാബുക്കുട്ടന്‍, പാമ്ബാടി എസ്‌എച്ച്‌ഒ യു. ശ്രീജിത്ത് എന്നിവര്‍ പറഞ്ഞു.

പിടിയിലായ ആണ്‍കുട്ടികളില്‍ ഒരാള്‍ സ്വകാര്യ ബസ് കണ്ടക്ടറും, മറ്റൊരാള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയുമാണ്. പെണ്‍കുട്ടികളെ കാണാതായത് മുതല്‍ ഇവരുടെ മൊബൈല്‍ ഫോണുകളും സ്വിച്ച്‌ ഓഫ് ആയിരുന്നു. ലോഡ്ജ് ഉടമ അറിയിച്ചതനുസരിച്ച്‌ രാവിലെ പൊലീസ് എത്തി ഇവരെ സ്റ്റേഷനില്‍ കൊണ്ടുവന്നു. ട്രെയിനിലാണ് തലസ്ഥാനത്ത് എത്തിയത്. വൈകിട്ടോടെ പാമ്ബാടി പൊലീസ് എത്തി ഇവരെ കോട്ടയത്തേക്ക് കൊണ്ടുപോയി. ഇന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക