കെ സുധാകരന്‍ കോണ്‍ഗ്രസ് പ്രസിഡണ്ടായി അധികാരമേറ്റയുടന്‍ വിവാദമായ ബ്രണ്ണന്‍ കോളജ് വാക്‌പോരില്‍ മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ കെ സുധാകരനെ പ്രതിരോധത്തിലാക്കിയത് മമ്ബറം ദിവാകരനായിരുന്നു. സുധാകരന്റെ വാദങ്ങള്‍ പൂര്‍ണമായി തള്ളിപ്പറഞ്ഞ ദിവാകരനെ കുറിച്ച്‌ ഒടുവില്‍ കെപിസിസി പ്രസിഡണ്ട് പറഞ്ഞതിങ്ങനെയാണ്; ‘മമ്ബറം കോണ്‍ഗ്രസിന്റെ അകത്താണോ പുറത്താണോ എന്നറിയില്ല’. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ഒരുകാര്യം വ്യക്തമായിരിക്കുന്നു. മമ്ബറം ദിവാകരന്‍ പുറത്തു തന്നെയാണ്.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മമ്ബറത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് എങ്കിലും ഇരുവരും തമ്മിലുള്ള രാഷ്ട്രീയ വൈരത്തിന് അഞ്ചു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. പുറമേക്ക് അത്ര പരിചിതമല്ലെങ്കിലും കണ്ണൂരിലെ കോണ്‍ഗ്രസില്‍ ആമുഖങ്ങളൊന്നും വേണ്ടാത്ത നേതാവാണ് മമ്ബറം. കെ സുധാകരനെ പോലെ, സിപിഎം ക്രിമിനല്‍-ഗുണ്ടാ നേതാവ് എന്ന് വിളിക്കുന്ന കോണ്‍ഗ്രസ് നേതാവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു കാലത്ത് സിപിഎമ്മിനെതിരെയുള്ള കോണ്‍ഗ്രസ് പ്രതിരോധത്തിന്റെ കാവലാളായിരുന്നു മമ്ബറം ദിവാകരന്‍. സുധാകരന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തും മുമ്ബ് ദിവാകരന്‍ പാര്‍ട്ടിയില്‍ സജീവമാണ്. ബ്രണ്ണന്‍ വിവാദത്തിലും അല്ലാതെയും അക്കാര്യം ദിവാകരന്‍ പലകുറി പറഞ്ഞിട്ടുണ്ട്. അതിങ്ങനെയാണ്. ‘ഞാന്‍ പിണറായി വിജയന്‍ പഠിക്കുന്ന കാലത്ത് ബ്രണ്ണന്‍ കോളജില്‍ ഉണ്ടായിട്ടില്ല. ഞാനന്ന് നിര്‍മലഗിരി കോളജിലാണ് പഠിച്ചിരുന്നത്. ബ്രണ്ണനില്‍ ഞാന്‍ 71ലാണ് വരുന്നത്. ബ്രണ്ണനില്‍ വരുന്ന ദിവസവും 74ല്‍ കോളജില്‍നിന്ന് പോകുന്ന ദിവസവും അടി കിട്ടിയിട്ടുണ്ട്. അന്ന് എകെ ബാലനുമായിട്ടാണ് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നത്. 1969ല്‍ സുധാകരന്‍ സംഘടനാ കോണ്‍ഗ്രസില്‍ പോയി. 1984ന് ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസില്‍ വരുന്നത്. 1969 മുതല്‍ 1984 വരെ എകെ ഗോപാലന്‍, എംവി രാഘവന്‍, പിണറായി വിജയന്‍ എന്നിവരുമായി രാഷ്ട്രീയപ്പോരാട്ടം നടത്തിയ വ്യക്തിയാണ് ഞാന്‍.’ അന്ന് സംഘടനാ കോണ്‍ഗ്രസിലും ജനതാപാര്‍ട്ടിയിലുമായിരുന്നു സുധാകരനെന്നും അദ്ദേഹം കുത്തിപ്പറഞ്ഞിട്ടുണ്ട്.

1992ല്‍ ഡിസിസി പ്രസിഡണ്ടായിരുന്ന എന്‍ രാമകൃഷ്ണനോടുള്ള എതിര്‍പ്പിന്റെ ഭാഗമായാണ് ദിവാകരന്‍ സുധാകരനുമായി യോജിപ്പിലെത്തുന്നത്. തൊണ്ണൂറ്റി രണ്ടിലെ സംഘടനാ തെരഞ്ഞെടുപ്പില്‍ സുധാകരന്‍ ഡിസിസി പ്രസിഡണ്ടും ദിവാകരന്‍ വര്‍ക്കിങ് സെക്രട്ടറിയുമായി. എ, ഐ അല്ലാതെ മൂന്നാം ഗ്രൂപ്പായി മത്സരിച്ചായിരുന്നു ഇരുവരുടെയും വിജയം. സംഘടനാ തെരഞ്ഞെടുപ്പ് തന്റെ നേതൃത്വത്തില്‍ അട്ടിമറിച്ചാണ് സുധാകരനെ പ്രസിഡണ്ടാക്കിയത് എന്ന് ദിവാകരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

സുധാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് കണ്ണുനട്ടു നടന്ന കാലത്ത്, അദ്ദേഹം പ്രസിഡണ്ടായാല്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന് വെട്ടിത്തുറന്നു പറഞ്ഞ നേതാവാണ് ദിവാകരന്‍. അങ്ങനെ പറയാനുള്ള ആര്‍ജ്ജവമുള്ള ഒരു കോണ്‍ഗ്രസുകാരനേ കണ്ണൂരിലുള്ളൂ എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. 1973 മുതല്‍ സിപിഎമ്മിനെതിരെയുള്ള പോരാട്ടത്തില്‍ ദിവാകരനുണ്ട്. കൊളങ്ങരേത്ത് രാഘവന്‍ വധക്കേസില്‍ മൂന്നു കൊല്ലവും എട്ടുമാസവും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എഴുപതോളം കേസുകളില്‍ പ്രതിയായിരുന്നു താനെന്ന് ഒരഭിമുഖത്തില്‍ മമ്ബറം വെളിപ്പെടുത്തിയിട്ടുണ്ട്.

ദിവാകരനെതിരെ നടപടിയെടുത്തതിലൂടെ അച്ചടക്ക ലംഘനത്തിന് മാപ്പില്ലെന്ന സൂചനയാണ് കെപിസിസി നേതൃത്വം നല്‍കുന്നത് എങ്കിലും പതിറ്റാണ്ടുകളായി തുടരുന്ന രാഷ്ട്രീയകലഹം ഈ തീരുമാനത്തിന് പിന്നിലുണ്ട് എന്ന് വ്യക്തം. അച്ചടക്കനടപടിയില്‍ മുതിര്‍ന്ന നേതാക്കളുടെ പരസ്യപ്രതികരണങ്ങള്‍ വരുന്നതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയാകും എന്നാണ് കരുതപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക