ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ വിട്ട് നേതാക്കള്‍ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കുമോ. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ പ്രിയങ്ക കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കണം എന്ന ആവശ്യമുയര്‍ന്നു.

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നുണ്ട് പ്രിയങ്ക. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല പാര്‍ട്ടി പ്രിയങ്കയെ ഏല്‍പ്പിച്ചിരുന്നു എങ്കിലും കാര്യമായ നേട്ടമുണ്ടായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എങ്കിലും ദേശീയ തലത്തില്‍ എല്ലാവര്‍ക്കും ഏറെ താല്‍പ്പര്യമുള്ള വ്യക്തിയാണ് പ്രിയങ്ക എന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യമുന്നയിച്ചവര്‍ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം പാര്‍ട്ടിയില്‍ സമൂലമായ മാറ്റങ്ങള്‍ക്കുള്ള ചര്‍ച്ചയും ചിന്തന്‍ ശിബിരത്തില്‍ നടക്കുന്നുണ്ട്. പിന്നാക്ക ജനവിഭാഗങ്ങളെ കൂടെ നിര്‍ത്താനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കുന്നത്.

വിശദാംശങ്ങള്‍ ഇങ്ങനെ:

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണന്‍ ആണ് പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയാകണം എന്ന ആവശ്യം ഉന്നയിച്ചത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ മുഖമാണ് പ്രിയങ്ക എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടു വര്‍ഷമായി രാഹുല്‍ ഗാന്ധിക്ക് പിന്നാലെ നടക്കുന്നില്ലേ. അദ്ദേഹം ഒരുക്കമല്ലെങ്കില്‍ പ്രിയങ്കയെ ദേശീയ അധ്യക്ഷ പദവി ഏല്‍പ്പിക്കണമെന്നും ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെല്ലാമുള്ള സദസിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടതെങ്കിലും ആരും പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ദേശീയ തലത്തില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ സോണിയ ഗാന്ധി നേതാക്കളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബറില്‍ നടത്തിയതിന് സമാനമായ സമരങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും നടത്താനാണ് നിര്‍ദേശം. ജനങ്ങളുമായി സംവദിക്കാനുള്ള അവസരമായി സോണിയ ഇതിനെ കാണുന്നു. സര്‍ക്കാര്‍ നയങ്ങള്‍ ജനങ്ങള്‍ക്ക് മുമ്ബില്‍ തുറന്നുകാട്ടുകയും ബദല്‍ രേഖ എടുത്തുപറയുകയുമാണ് ലക്ഷ്യം. ജന ജാഗരണ്‍ അഭിയാന്‍ എന്ന ജനങ്ങളുമായി സംവദിക്കുന്ന പരിപാടിയെ കുറിച്ചുള്ള ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയും സംസാരിച്ചു.

കഴിഞ്ഞ നവംബര്‍ 14 മുതല്‍ 29 വരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ജന ജാഗരണ്‍ അഭിയാന്‍ സംഘടിപ്പിച്ചിരുന്നു. രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ജനങ്ങളുമായി സംവദിക്കുന്നതായിരുന്നു പരിപാടി. പണപ്പെരുപ്പം, വിലക്കയറ്റം, സാമ്ബത്തിക മാന്ദ്യം, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവയാണ് അന്ന് കോണ്‍ഗ്രസ് ചര്‍ച്ചാ വിഷയമാക്കിയത്. സമാനമായ രീതിയില്‍ ഇത്തവണയും വലിയ ജനകീയ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം ഞായറാഴ്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഘടനാ തലത്തില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന കാര്യങ്ങളും ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ചയായി. പട്ടിക ജാതി-വര്‍ഗം, മറ്റു പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് എല്ലാ സംഘടനാ തലത്തിലും 50 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കാനാണ് നിര്‍ദേശം. ഇക്കാര്യം മുതിര്‍ന്ന നേതാവ് കെ രാജുവാണ് പങ്കുവച്ചത്. സാമൂഹിക നീതി- ശാക്തീരകരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി. ഞായറാഴ്ച ചേരുന്ന പ്രവര്‍ത്തക സമിതിയുടെ അംഗീകാരം കിട്ടിയാല്‍ ഈ തീരുമാനം ദേശീയ തലത്തില്‍ നടപ്പാക്കും.

കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റിനെ സഹായിക്കുന്നതിന് ഒരു സാമൂഹിക നീതി ഉപദേശക സമിതി വേണമെന്ന നിര്‍ദേശവും വന്നിട്ടുണ്ട്. ഇവരായിരിക്കും സാമൂഹിക നീതി വിഷയത്തില്‍ പ്രസിഡന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ആറ് മാസത്തിലൊരിക്കല്‍ പ്രവര്‍ത്തക സമിതി വിളിച്ചുചേര്‍ക്കണമെന്ന നിര്‍ദേശവും ചര്‍ച്ചയായെന്ന് കെ രാജു പറഞ്ഞു. ജാതി സെന്‍സസ് നടത്തണം. സ്വകാര്യ മേഖലയില്‍ പട്ടിക ജാതി-വര്‍ഗ- ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം വേണം. വനിതാ സംവരണ ബില്ലില്‍ പട്ടിക ജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് ഉപസംവരണം വേണമെന്നും കോണ്‍ഗ്രസ് നേതൃയോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. നാളെ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക