വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ വിവാഹമോചനം(divorce) ആവശ്യപ്പെട്ട് ഒരു ഈജിപ്ഷ്യൻ യുവാവ്(Egyptian man) കുടുംബ കോടതിയെ സമീപിച്ചു. എന്നാൽ, അതിന് പിന്നിലുള്ള കാരണമാണ് വിചിത്രം. മേക്കപ്പില്ലാതെ ഭാര്യയെ കണ്ടതിന് ശേഷം, ഭാര്യക്ക് ചന്തം പോരെന്ന് തോന്നിയതാണ് വിവാഹമോചനത്തിന് അയാളെ പ്രേരിപ്പിച്ചത്.
ഭാര്യയുടെ സൗന്ദര്യത്തിൽ മതിമറന്നുപോയ ഭർത്താവ് വിവാഹപ്പിറ്റേന്നാണ് ഞെട്ടിപ്പോയത്. ഉറക്കമുണർന്ന അയാൾ മേക്കപ്പില്ലാതെ ഭാര്യയുടെ മുഖം കണ്ട് ഞെട്ടിപ്പോയി. “വിവാഹത്തിന് മുമ്പ് കനത്ത മേക്കപ്പ് ഉപയോഗിച്ചിരുന്ന അവൾ എന്നെ ചതിച്ചു. മേക്കപ്പില്ലാതെ അവളെ കാണാൻ ഒട്ടും ഭംഗിയില്ല” അയാൾ കോടതിയിൽ പറഞ്ഞു. പിന്നീട് ഒരു മാസം അവർ ഒരുമിച്ച് കഴിഞ്ഞെങ്കിലും, അവളുടെ മേക്കപ്പ് ഇല്ലാത്ത മുഖം അയാൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അങ്ങനെയാണ് വിവാഹമോചനത്തിന് അയാൾ മുൻകൈയെടുത്തത്.
ഫേസ്ബുക്കിലൂടെയാണ് അവർ തമ്മിൽ പരിചയപ്പെട്ടത്. ഫേസ്ബുക്കിൽ ഫുൾ മേക്കപ്പ് ധരിച്ച് അവളുടെ മനോഹരമായ ചിത്രങ്ങൾ കണ്ട അയാൾ അവളുമായി അടുത്തു. അതിന് ശേഷം പലതവണ അയാൾ അവളെ കണ്ടുവെങ്കിലും, അപ്പോഴെല്ലാം അവൾ മേക്കപ്പ് ധരിച്ചിരുന്നു. ഒടുവിൽ അവർ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, വിവാഹത്തിന് ശേഷമാണ് മേക്കപ്പ് ഇടാത്ത അവളുടെ യഥാർത്ഥ മുഖം അയാൾ ആദ്യമായി കാണുന്നത്. “ഞാൻ ശരിക്കും ഞെട്ടിപ്പോയി. കാരണം വിവാഹത്തിന് മുമ്പ് ഞാൻ പലതവണ കണ്ടിട്ടുണ്ടെങ്കിലും, അന്ന് ഞാൻ കണ്ട വ്യക്തിയെപ്പോലെയല്ല അവൾ ഇന്ന്” പരാതിക്കാരൻ കോടതിയിൽ പറഞ്ഞു.
അദ്ദേഹം കൂട്ടിച്ചേർത്തു: “ഞാൻ അവളുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ കണ്ടു. മേക്കപ്പ് ധരിക്കാത്തപ്പോൾ അവൾ തികച്ചും വ്യത്യസ്തയായി കാണപ്പെടുന്നു. ഞാൻ വഞ്ചിക്കപ്പെട്ടു. അവളെ വിവാഹമോചനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.” താൻ പരമാവധി ഒത്തുപോകാൻ ശ്രമിച്ചുവെന്നും എന്നാൽ തനിക്ക് അതിന് സാധിക്കില്ലെന്ന് കണ്ടെത്തിയപ്പോഴാണ് വിവാഹമോചനത്തിന് അപേക്ഷിച്ചതെന്നും ഭർത്താവ് കോടതിയിൽ പറഞ്ഞതായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.