കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൽ രാജ്യസഭാ സീറ്റിനെ ചൊല്ലി പാര്‍ട്ടിയില്‍ വടം വലി തുടങ്ങി. ആരാകും സ്ഥാനാര്‍ത്ഥിയെന്ന ചൂടുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ രാജ്യസഭയില്‍ പോകണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും സിപിഎമ്മിന്റെയും താല്‍പ്പര്യം. ഏതെങ്കിലും കാരണവശാല്‍ ജോസ് കെ മാണി അതിന് തയ്യാറായില്ലെങ്കില്‍ പകരം ആരെന്ന ചര്‍ച്ചകളാണ് പിന്നാമ്ബുറത്ത് നടക്കുന്നത്.

പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജിന്‍റെ പേര് ഉയര്‍ന്നു വന്നെങ്കിലും പാര്‍ട്ടിയിലെ മുഴുവന്‍ പ്രവര്‍ത്തകരും എതിര്‍ത്തെന്നാണ് ലഭിക്കുന്ന വിവരം. അതോടെ സ്റ്റീഫന്‍ ജോര്‍ജ്ജ് കളത്തിന് വെളിയിലായി. പിന്നീട് സംസ്ഥാന സെക്രട്ടറിമാരായ പ്രഫ. ലോപ്പസ് മാത്യു, പിടി ജോസ്, ജോര്‍ജുകുട്ടി ആഗസ്തി എന്നിവരാണ് രംഗത്ത് വന്നത്. ചര്‍ച്ചകള്‍ ആ വഴിക്ക് നീങ്ങുമ്ബോഴാണ് സ്വയം സ്ഥാനാര്‍ത്ഥി കുപ്പായമണിഞ്ഞു ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകനായ ജോര്‍ജ്ജ് കള്ളിവയല്‍ രംഗത്തെത്തിയത്.ഇതിനെതിരെ വ്യാപകമായ എതിര്‍പ്പുകളാണ് പാര്‍ട്ടിയിലുള്ളത് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാർട്ടിക്ക് ലഭിക്കുന്ന സ്ഥാനമാനങ്ങൾ മുഴുവൻ നൽകുന്നത് മാധ്യമപ്രവർത്തകർക്ക്:

ജോര്‍ജ് കള്ളിവയലിന്റ സഹോദരന്‍ കേരള കോണ്‍ഗ്രസ് എം നോമിനിയായി വ്യവസായ വികസന കോര്‍പ്പറേഷന്‍ അംഗമായത് കഴിഞ്ഞ മാസമാണ്. അത് കൂടാതെയാണ് ജോര്‍ജ്ജ് കള്ളിവയലിന്റെ രംഗപ്രവേശം. മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ മനോരമയുടെ ബോണി കുര്യാക്കോസിനെ പി എസ് സി അംഗം ആക്കിയിട്ടു മാസങ്ങളേ ആയുള്ളൂ. മനോരമയിലെ മറ്റൊരു മാധ്യമ പ്രവര്‍ത്തകനായ സുജിത്ത് നായരെ മന്ത്രി റോഷി അഗസ്റ്റിന്റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ആക്കിയിട്ടും മാസങ്ങള്‍ മാത്രം. സമാനമായി കേരള കോൺഗ്രസ് അക്കൗണ്ടിലാണ് സഞ്ചാരം ചാനൽ ഉടമ കൂടിയായ സന്തോഷ് ജോർജ് കുളങ്ങരയെ സംസ്ഥാന പ്ലാനിങ് ബോർഡിൽ ഉൾപ്പെടുത്തിയത്.

പണിയെടുക്കാനും വിറക് വെട്ടാനും വെള്ളം കോരാനും പാര്‍ട്ടിപ്രവര്‍ത്തകരും, മന്ത്രിയുടെ സ്റ്റാഫ് ആകാനും പി എസ് സി മെമ്ബര്‍ ആകാനും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആകാനും ഒടുവില്‍ എംപി ആകാനും മാധ്യമ പ്രവര്‍ത്തകരുമോയെന്നാണ് പാര്‍ട്ടി ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍. ജോസ് കെ മാണിക്കെതിരായി വാര്‍ത്ത കൊടുത്ത് പാലായില്‍ തോല്‍പ്പിക്കുകയും ചെയ്തവരാണ് മാധ്യമങ്ങളെന്നാണ് പാര്‍ട്ടിക്കാരുടെ ആരോപണം. സ്ഥാനമാനങ്ങൾ എല്ലാം മാധ്യമ പ്രവർത്തകർ അടിച്ചു മാറ്റുകയാണ് എന്ന വികാരമാണ് പൊതുവിൽ കേരള കോൺഗ്രസ് നേതാക്കൾക്കിടയിൽ നിലനിൽക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക