തിരുവനന്തപുരം: പുനഃസംഘടിപ്പിക്കപ്പെട്ട കെപിസിസിയുടെ ആദ്യ യോഗത്തില്‍ പ്രസിഡന്റ് കെ സുധാകരനും ബെന്നി ബെഹനാന്‍ എംപിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റം. പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്ന് എ, ഐ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടു. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെ സുധാകരന്‍. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും യോഗം ബഹിഷ്കരിച്ചു. കെ മുരളീധരന്‍ പങ്കെടുത്തതുമില്ല.

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന്റെ പരിശീലനപരിപാടിയില്‍ നേതാക്കളെ അവഗണിച്ചെന്ന് ബെന്നി ബെഹനാന്‍ പരാതിപ്പെട്ടു. യൂണിറ്റുകളെ കെ എസ് ബ്രിഗേഡാക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇതു കേട്ട് സുധാകരന്‍ രോഷാകുലനായി. നിയമസഭയില്‍ പിണറായി വിജയനോട് ചോദിക്കുന്നതുപോലെ ഇവിടെ സംസാരിക്കരുത്. താന്‍ കെപിസിസി പ്രസിഡന്റാണ്. യൂണിറ്റ് കമ്മിറ്റിക്കുള്ള പരിശീലനമാണ് നടക്കുന്നത്. അവിടെ നിങ്ങള്‍ എന്തിന് പ്രസംഗിക്കണമെന്നും- സുധാകരന്‍ ചോദിച്ചു. ബെന്നി ഇടപെടാന്‍ നോക്കിയെങ്കിലും, ‘അവിടെ ഇരിക്ക്, ഞാന്‍ പറയട്ടെ’ എന്നു പറഞ്ഞ് വിരട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വനിതാനേതാക്കള്‍ തഴയപ്പെടുന്നെന്ന് ഷാനിമോള്‍ ഉസ്മാന്‍ പരാതിപ്പെട്ടു. കഴിവുള്ളവര്‍പോലും അവഗണിക്കപ്പെട്ടു. ബിന്ദുകൃഷ്ണയും ഇതേ വികാരം പ്രകടിപ്പിച്ചു. സമുദായനേതാക്കള്‍ പറയുന്നവര്‍ക്കാണ് ഭാരവാഹിത്വം നല്‍കുന്നതെന്ന് ടി ശരത്ചന്ദ്ര പ്രസാദ് വിമര്‍ശിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശേഷിക്കുന്ന പുനഃസംഘടന നിര്‍ത്തണമെന്ന് എ ഗ്രൂപ്പിലെ കെ ബാബു, കെ സി ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു. എ, ഐ ഗ്രൂപ്പുകളുടെ ധാരണപ്രകാരമാണ് ഇക്കാര്യം ഉന്നയിച്ചത്. സംഘടനാ തെരഞ്ഞെടുപ്പ് തമ്മില്‍ തല്ലുണ്ടാക്കാനുള്ളതല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെയാണ് പുനഃസംഘടനയില്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയത്.
രാഷ്ട്രീയകാര്യ സമിതിയുടെ ആവശ്യമില്ലെന്ന തരത്തിലും ചര്‍ച്ചയുണ്ടായി. നിര്‍വാഹക സമിതി ചേര്‍ന്ന് ഇപ്പോള്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നതിനാല്‍ രാഷ്ട്രീയകാര്യ സമിതി കൂടേണ്ടതില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക