ഇടുക്കി: മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.രാവിലെ ഏഴുമണിമുതലാണ് ഓറഞ്ച് മുന്നറിയിപ്പ്. ഒരടി കൂടി വെള്ളം ഉയര്‍ന്നാല്‍ അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടണം.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2396.86 അടി ആയതോടെയാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലുള്‍പ്പെടെ ശക്തമായ മഴ പെയ്തിരുന്നു.ഇതോടെയാണ് ജലനിരപ്പുയര്‍ന്നത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. 2018ലെ മഹാപ്രളയത്തിലാണ് ഇടുക്കി അണക്കെട്ട് അവസാനമായി തുറന്നത്. അതിനിടെ ഇന്ന് രാവിലെ 11 മണിക്ക് കക്കി ആനത്തോട് ഡാം തുറക്കും.നാല് ഷട്ടറുകളില്‍ 2 എണ്ണമാണ് തുറക്കുക. 100 മുതല്‍ 200 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും. പമ്ബയില്‍ 10-15 സെന്റിമീറ്റര്‍ വെള്ളം ഉയരുമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ മുന്നറിയിപ്പ് നല്‍കി. മിതമായ തോതിലാകും ജലം തുറന്നുവിടുകയെന്ന് ജില്ലാ കളക്ടര്‍ ദിവ്യാ എസ് അയ്യര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക