തിരുവനന്തപുരം: പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കി കെ.എസ്.ഇ.ബി. ഇതിന്റെ ഭാഗമായി ഒാരോ ജില്ലയിലും എക്സിക്യുട്ടീവ് എന്‍ജിനിയര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ പൂര്‍ണ ചുമതലയേല്‍പിക്കും. ഉപഭോക്താക്കള്‍ ഇദ്ദേഹത്തെ മാത്രം ബന്ധപ്പെട്ടാല്‍ മതിയാകും. അപേക്ഷ നല്‍കുന്നത് മുതല്‍ പദ്ധതി പൂര്‍ത്തിയാകുന്നതുവരെ ഈ ഉദ്യോഗസ്ഥന് മാത്രമായിരിക്കും ഉത്തരവാദിത്വം. ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ സുഗമമായും ലളിതമായും നല്‍കണമെന്ന കേന്ദ്രത്തിന്റെ പുതിയ വൈദ്യുതി നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കരണം.

നിലവില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ കരാറുകാരനെ മാത്രം ആശ്രയിച്ചാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത്. പുതിയ പരിഷ്കാരത്തില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനോട് സംശയ ദൂരീകരണത്തിനും സാങ്കേതിക ഉപദേശത്തിനും അവസരമുണ്ട്. അതോടെ കൂടുതല്‍പേര്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ തയാറാകുമെന്നാണ് പ്രതീക്ഷ. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി സംസ്ഥാനം നടപ്പാക്കിയ പദ്ധതിക്ക് നിലവില്‍ കാര്യമായ പ്രതികരണം ലഭിക്കുന്നില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതുവരെ 18,478 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗാര്‍ഹിക പദ്ധതി ഇങ്ങനെ:

1000 രൂപ ഫീസ് നല്‍കി വൈദ്യുതി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഏതു പ്രതലത്തിലും സോളാര്‍ പാനല്‍ സ്ഥാപിക്കാം. പദ്ധതിക്ക് രണ്ട് സ്കീമുകളുണ്ട്.

ആദ്യ സ്കീം പ്രകാരം നിലയത്തിന്റെ മുഴുവന്‍ ചെലവും അപേക്ഷകന്‍ വഹിക്കണം. 3 കിലോവാട്ട് വരെ ശേഷിയുള്ള നിലയത്തിന് 40% സബ്സിഡി കിട്ടും. 10 കിലോവാട്ട് വരെ 20% സബ്സിഡി. ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപഭോക്താവിന് എടുക്കാം. മിച്ചമുണ്ടെങ്കില്‍ യൂണിറ്റിന് 2.94 രൂപയ്ക്കു ബോര്‍ഡിന് വില്‍ക്കാം.

രണ്ടാമത്തെ സ്കീം പ്രകാരം 120 യൂണിറ്റില്‍ താഴെ പ്രതിമാസ ഉപയോഗമുള്ളവര്‍ ആകെ ചെലവിന്റെ 12% മുടക്കിയാല്‍ 25% വൈദ്യുതി സൗജന്യം.150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 20% ചെലവു വഹിച്ചാല്‍ 40% വൈദ്യുതി സൗജന്യം. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 25% ചെലവ് വഹിക്കുമ്ബോള്‍ 50% വൈദ്യുതി സൗജന്യം. നിലയം സ്ഥാപിക്കാന്‍ ബോര്‍ഡ് എംപാനല്‍ ചെയ്ത ഏതു കമ്ബനിയെയും തിരഞ്ഞെടുക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക