പാലാ കത്തോലിക്കാ രൂപതയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുന്ന കേരള കോൺഗ്രസ് പ്രചരണ ശൈലിയോട് പാലാ രൂപത നേതൃത്വത്തിൽ അതൃപ്തി എന്ന് സൂചന. യുഡിഎഫ് അനുഭാവിയായ സഞ്ജയ് സക്കറിയാസിനെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുവാനുള്ള കേരള കോൺഗ്രസ് നീക്കത്തിനെതിരെ മാണി സി കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ യുഡിഎഫ് ശക്തമായി പ്രതിരോധം ഉയർത്തിയിരുന്നു. പ്രതികാര രാഷ്ട്രീയത്തിനെതിരെ എംഎൽഎ തിരുവോണനാളിൽ പ്രതിഷേധസൂചകമായി ഉപവാസവും പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സാമൂഹ്യമാധ്യമങ്ങളിൽ അടക്കം യുഡിഎഫിനു വേണ്ടി പ്രചരണം സംഘടിപ്പിച്ചതിൽ ഐടി വിദഗ്ധനായ സഞ്ജയ് സക്കറിയാസ് നിർണായക പങ്കുവഹിച്ചിരുന്നു. മുൻ കെപിസിസി അധ്യക്ഷനും ഗവർണറായിരുന്ന കെ എം ചാണ്ടിയുടെ കൊച്ചുമകനാണ് സഞ്ജയ്. ജോസ് കെ മാണിയുടെ തോൽവിക്ക് പിന്നാലെ തന്നെ യുഡിഎഫിനു വേണ്ടി പ്രചരണ രംഗത്ത് സജീവമായിരുന്ന ആളുകളെ കേസിൽ പെടുത്തുമെന്ന് ഭീഷണിയും കേരള കോൺഗ്രസ് കേന്ദ്രങ്ങൾ ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റീഫൻ ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുക എന്ന ഉദ്ദേശത്തോടെ കോടതിക്ക് തുടർ അവധികൾ വരുന്ന ദിവസങ്ങൾ നോക്കി, ഐടി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചാർജ് ചെയ്ത് സഞ്ജയ്യെ അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോലീസിന് മേൽ കടുത്ത സമ്മർദ്ദം ഇട്ടാണ് യാതൊരുവിധ അടിസ്ഥാനവും ഇല്ലാതെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. പ്രതികാര രാഷ്ട്രീയം നടപടികളെക്കുറിച്ച് പൊതുസമൂഹത്തിൽ ചർച്ച ഉയർന്നുവന്നത് കേരള കോൺഗ്രസ് കേന്ദ്രങ്ങളെ പ്രതിരോധത്തിലാക്കിയിരുന്നു. അപ്പോഴാണ് മുഖം രക്ഷിക്കാനായി ബിഷപ്പ് ഫ്രാങ്കോ വിഷയം നടന്ന നാളുകളിൽ സഞ്ജയ് സക്കറിയാസ് തൻറെ ഫേസ്ബുക്ക് പേജ് ആയ പാലാക്കാരൻ ചേട്ടനിൽ, ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ഉയർത്തിയ ചില വിമർശനങ്ങൾ ചൂണ്ടിക്കാട്ടി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുമേനിയെ അപകീർത്തിപ്പെടുത്തിയ വ്യക്തി എന്ന നിലയിൽ അദ്ദേഹത്തെ തേജോവധം ചെയ്യാൻ ശ്രമിക്കുന്നത്.

സഭയും സഭാ സ്ഥാപനങ്ങളും ആയി ഏറ്റവുമധികം ആത്മബന്ധം പുലർത്തിയിരുന്ന സെൻറ് തോമസ് കോളേജ് മുൻ അദ്ധ്യാപകൻ കൂടിയായ പ്രൊഫസർ കെ എം ചാണ്ടിയുടെ കൊച്ചുമകനെതിരെ നടക്കുന്ന രാഷ്ട്രീയ നീക്കത്തിൽ സഭയെ വലിച്ചിഴക്കുന്ന കേരളാ കോൺഗ്രസ് രാഷ്ട്രീയ സമീപനത്തിനെതിരെ സഭ നേതൃത്വത്തിലും, പുരോഹിത സമൂഹത്തിനിടയിലും ശക്തമായ എതിർപ്പാണ് ഉയരുന്നത്. കാപ്പൻ ജോസ് കെ മാണി പോരാട്ടത്തിൽ അടക്കം നിഷ്പക്ഷമായ സമീപനമാണ് പാലാ രൂപതയും കല്ലറങ്ങാട്ട് തിരുമേനിയും സ്വീകരിച്ചു പോരുന്നത്. ഇങ്ങനെ നിഷ്പക്ഷമായി മാറി നിൽക്കുന്ന സഭയെയും രൂപതയെയും അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രം ആക്കുവാൻ കേരള കോൺഗ്രസ് ശ്രമിക്കുന്നതിൽ ആണ് അതൃപ്തി ഉയരുന്നത്. ഇത് സഭയെ സമ്മർദത്തിൽ ആക്കാനുള്ള കേരള കോൺഗ്രസ് തന്ത്രമാണോ എന്ന സംശയവും ഉയരുന്നുണ്ട്.

കെഎം മാണിയുടെ കാലത്ത് ലഭിച്ചു വന്നിരുന്നത് പോലെയുള്ള പിന്തുണ ക്രൈസ്തവ സമൂഹത്തിനിടയിൽ ജോസ് കെ മാണിക്ക് ലഭിക്കുന്നില്ല. മറ്റൊരു ന്യൂനപക്ഷ മതവുമായി ക്രൈസ്തവ സമൂഹത്തിൽ ശക്തമായ ഭിന്നിപ്പും ഉണ്ടാക്കുന്നതിന് ഉൾപ്പെടെ തെരഞ്ഞെടുപ്പ് കാലത്തും, അതിനു ശേഷവും കേരള കോൺഗ്രസ് ശ്രമിച്ചിരുന്നു. തങ്ങൾക്കനുകൂലമായി ക്രൈസ്തവ വോട്ടുകളുടെ ഏകീകരണമാണ് ഇതിലൂടെ അവർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഈ നീക്കങ്ങളെല്ലാം ശക്തമായി പ്രതിരോധിച്ചു കൊണ്ടാണ് ജോസ് കെ മാണിയെ വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി മാണി സി കാപ്പൻ പാലായിൽ വിജയിച്ചത്.

ലൗ ജിഹാദ് വിഷയത്തെ ചൊല്ലി ജോസ് കെ മാണി തിരഞ്ഞെടുപ്പുകാലത്ത് നടത്തിയ ഒരു പ്രസ്താവന ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ജോസ് നടത്തിയ പ്രസ്താവനയെ കുറിച്ച് എൽഡിഎഫ് നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ അദ്ദേഹം പ്രസ്താവന പിൻവലിക്കുകയും ചെയ്തു. ജോസ് പ്രസ്താവന ഇറക്കിയപ്പോൾ സ്വാഗതം ചെയ്ത കെസിബിസിയും അദ്ദേഹം പ്രസ്താവന പിൻവലിച്ചതോടുകൂടി അപഹാസ്യം ആകുന്ന സാഹചര്യം ഉണ്ടായി. ഇത്തരത്തിൽ നിരന്തരം സഭയെ അനാവശ്യ രാഷ്ട്രീയ വിഷയങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയും വിവാദങ്ങളുടെ ഭാഗമാക്കുകയും ചെയ്യുന്ന കേരള കോൺഗ്രസ് ശൈലിക്കെതിരെ വിശ്വാസികൾക്കിടയിലും അമർഷം വർധിക്കുകയാണ്. ഇനിയും ഈ പ്രവണത തുടർന്നാൽ പരസ്യ പ്രതികരണത്തിന് തന്നെ മുതൽ വേണ്ടിവരുമെന്ന നിലപാടിലാണ് വിശ്വാസികളിൽ ഒരു വിഭാഗം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക