തിരുവനന്തപുരം: അഴിമതിക്കേസില്‍ കുടുങ്ങിയ ഫോറസ്റ്റ് ഉദ്യോഗസ്ഥയെ ലൈംഗിക പീഡനത്തിന് ഇരയാക്കി മേലുദ്യോഗസ്ഥര്‍. അന്വേഷണ ഉദ്യോഗസ്ഥനായ ഫ്ളയിങ് സ്‌ക്വാഡ് ഡിഎഫ്‌ഒ ജസ്റ്റിന്‍ സ്റ്റാന്‍ലിക്കും ഫോറസ്റ്റ് കണ്‍ട്രോള്‍ റൂം എസ്‌എഫ്‌ഒ ജി. ജയകുമാറിനും എതിരായുള്ള പരാതി ശരിയാണെന്നും ഇരുവര്‍ക്കുമെതിരെ നിലവിലുള്ള സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഇന്റേണല്‍ കംപ്ലയ്ന്റ്സ് കമ്മിറ്റി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഓഗസ്റ്റ് 10 ന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തായി. എന്നാല്‍ ഫോറസ്റ്റ് മേധാവിയുടെ വിശ്വസ്തരായ പ്രതികളെ സംരക്ഷിക്കുന്നതിനായി സംഭവം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് വകുപ്പ്. അന്വേഷണ റിപ്പോര്‍ട്ട് പരാതി ശരിവച്ചിട്ട് ദിവസങ്ങളേറെ ആയെങ്കിലും സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.

മറ്റൊരു പരാതിയില്‍ ‘ഇര’യായ സ്ത്രീയെ മാത്രം സസ്പെന്‍ഡ് ചെയ്യുകയും പ്രതികളെ മധ്യകേരളത്തിലേയ്ക്ക് മണ്‍സൂണ്‍ ട്രാന്‍സ്ഫറുകള്‍ നല്‍കി സംരക്ഷിക്കുകയും ചെയ്യുന്ന വനം വകുപ്പിന്റെ നിലപാടിനെതിരെ ജീവനക്കാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.ലക്ഷങ്ങളുടെ തിരിമറി നടത്തി എന്ന ആരോപണത്തിലാണ് സ്ത്രീയ്ക്കെതിരെ വകുപ്പ്തല അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അന്വേഷണത്തിനിടെ പ്രസ്തുത ഉദ്യോഗസ്ഥ അന്വേഷണ ഉദ്യോഗസ്ഥനായ ജസ്റ്റിന്‍ സ്റ്റാന്‍ലിയാല്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച്‌ അവര്‍ വനംവകുപ്പ് മേധാവിക്ക് പരാതി നല്‍കി.തുടര്‍ന്ന് അന്വേഷണം ജസ്റ്റിന്‍ സ്റ്റാന്‍ലിയില്‍ നിന്നും മാറ്റി പുനലൂര്‍ ഡിഎഫ്‌ഒയെ ഏല്‍പ്പിച്ചു. ജസ്റ്റിന്‍ സ്റ്റാന്‍ലിക്കെതിരായ പരാതി അന്വേഷിക്കാന്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നീതു ലക്ഷ്മി ഐഎഫ്‌എസിന്റെ നേതൃത്വത്തിലുള്ള ഇന്റേണല്‍ കംപ്ലയ്ന്റ്സ് കമ്മിറ്റിയെ ഏല്‍പ്പിക്കുകയും ചെയ്തു. പുനലൂര്‍ ഡിഎഫ്‌ഒ നടത്തിയ അന്വേഷണത്തില്‍ അഴിമതിക്കേസില്‍ ഉദ്യോഗസ്ഥ കുറ്റക്കാരിയെന്ന് തെളിയുകയും വനം വകുപ്പ് മേധാവി കേശവന്‍ ഐഎഫ്‌എസിന് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥയ്ക്ക് മേലുണ്ടായ ലൈംഗികപീഡനത്തിന്മേല്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ മറ്റൊരു ഞെട്ടിക്കുന്ന കണ്ടെത്തല്‍ കൂടിയുണ്ട്. ഉദ്യോഗസ്ഥ ജസ്റ്റിന്‍ സ്റ്റാന്‍ലിയില്‍ നിന്ന് മാത്രമല്ല, മറ്റൊരു ഫോറസ്റ്റ് ഓഫീസറായ ജി ജയകുമാറിനാലും പീഡിപ്പിക്കപ്പെട്ടു എന്ന് ഇന്റേണല്‍ കംപ്ലയ്ന്റ്സ് കമ്മിറ്റി കണ്ടെത്തി.എന്നാല്‍ ഈ ഉദ്യോഗസ്ഥരെ ട്രാന്‍സ്ഫര്‍ ചെയ്ത് കേസ് ഒതുക്കിത്തീര്‍ക്കാന്‍ വനം വകുപ്പ് മേധാവി കേശവന്‍ ഐഎഫ്‌എസ് ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇരയുടേത് വകുപ്പിലെ ഏറ്റവും ജൂനിയര്‍ പോസ്റ്റുകളിലൊന്നാണ്. താപ്പാനകള്‍ വേണ്ടുവോളമുള്ള വനം വകുപ്പില്‍ ഇവരെ പോലെ ഒരു ജൂനിയര്‍ ഉദ്യോഗസ്ഥ മാത്രം വിചാരിച്ചാല്‍ ലക്ഷങ്ങളുടെ വെട്ടും അഴിമതിയും നടത്താന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. ഇവര്‍ക്കൊപ്പം അഴിമതിയില്‍ പങ്കാളികളായ സീനിയര്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് വകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന പരാതിയുമുണ്ട്. അതിന്റെ ഭാഗമായാണ് അഴിമതിയിലെ മറ്റ് ഉദ്യോഗസ്ഥരിലേയ്ക്ക് അന്വേഷണം പോകാത്തതെന്നും ഒരു ഉദ്യോഗസ്ഥയ്ക്കെതിരെ മാത്രം അന്വേഷണം ഉണ്ടായതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രതികളെ സംരക്ഷിക്കുന്നതിനായി വകുപ്പ് ആസ്ഥാനം കേന്ദ്രമാക്കി ചില ഉന്നതഉദ്യോഗസ്ഥര്‍ ചരടുവലികള്‍ നടത്തുന്നുണ്ട്. പ്രതിയായ ജസ്റ്റിന്‍ സ്റ്റാന്‍ലി വകുപ്പ് മേധാവിയുടെ വിശ്വസ്തനായതുകൊണ്ടുതന്നെ ഐഎഫ്‌എസ് നല്‍കാന്‍ പരിഗണിക്കപ്പെടുവരില്‍ മുന്‍പന്തിയിലുള്ളയാളാണ്. അതുകൊണ്ട്കൂടിയാണ് ഈ കേസ് ഇതുവരെയും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് തയ്യാറാകാത്തതെന്ന ആക്ഷേപമുണ്ട്.പീഡനക്കേസുകള്‍ നല്ല രീതിയില്‍ തീര്‍ക്കാന്‍ അസാമാന്യ പാടവമുള്ള വനം വകുപ്പ് മന്ത്രിയുടെ വഴിയെയാണ് വകുപ്പിലെ ഉദ്യോഗസ്ഥരുമെന്ന് തെളിയിക്കുകയാണ് ഈ സംഭവം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക