FeaturedKeralaNewsPolitics

ഷഷ്ടിപൂർത്തിക്ക് മുമ്പ് പിളരുമോ കേരള കോൺഗ്രസ്? നിർണായകമാകുക ജോസ് കെ മാണിയുടെ രാജ്യസഭാ തുടർ അവസരം; അണികൾക്ക് കൂടുതൽ പ്രിയം റോഷിയോട്; ജോസ് പോന്നാലും റോഷി ഇടതിൽ നിന്ന് പോരില്ല.

1964 ഒക്ടോബർ 9, അന്നൊരു വെള്ളിയാഴ്ചയായിരുന്നു. വൈകുന്നേരം കോട്ടയം തിരുനക്കര മൈതാനത്ത് തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി വിറയാർന്ന ശബ്ദത്തില്‍ ഭാരത കേസരി മന്നത്ത് പത്മനാഭൻ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സംസ്ഥാന പാർട്ടിയുടെ പ്രഖ്യാപനം നടത്തി. “ആർ.ശങ്കർ മന്ത്രിസഭയുടെ അഴിമതി നിറഞ്ഞ ദുർഭരണത്തിന് അറുതി വരുത്തിയ 15 യുവ എംഎല്‍എമാരുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എന്ന പേരില്‍ ഒരു പുതിയ രാഷ്ടീയ പാർട്ടി രൂപമെടുത്തിരിക്കുന്ന വിവരം ഞാൻ നിങ്ങളെ അറിയിക്കുന്നു” എന്നായിരുന്നു മന്നത്ത് പത്മനാഭൻ പ്രഖ്യാപിച്ചത്.

ad 1

ഈ വർഷം ഒക്ടോബർ 9 ബുധനാഴ്ച കേരളാ കോൺഗ്രസിന് 60 വയസ് പൂർത്തിയാവും. ഒരുപാട് ഉയർച്ച താഴ്‌ചകള്‍ക്ക് സാക്ഷ്യം വഹിച്ച കേരള കോണ്‍ഗ്രസ് ശോഷിച്ച്‌ ശോഷിച്ച്‌ ഒരു പരുവമായി നില്‍ക്കുകയാണ്. പല കഷണങ്ങളായി മാറി നില്‍ക്കുന്ന കേ-കോ ഗ്രൂപ്പുകളില്‍ പ്രബലമെന്ന് കരുതുന്ന മാണി കേരള കോണ്‍ഗ്രസ് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇടതുമുന്നണിയില്‍ തുടരുമോ അതോ ഐക്യമുന്നണിയിലേക്ക് ചേക്കേറുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസിനെതിരെ ജന്മമെടുത്ത് പത്താം വർഷത്തില്‍ കോണ്‍ഗ്രസിനൊപ്പം ഭരണത്തില്‍ പങ്കാളികളായ പാരമ്പര്യം ഉള്ളവരാണ് കേരളാ കോൺഗ്രസുകാർ. അതുകൊണ്ടുതന്നെ അധികാരത്തിനു വേണ്ടി മുന്നണി മാറുന്നത് ഒരു പാപമായി ഇവർ കരുതുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

1972 നവംബർ 10 മുതല്‍ പ്രാബല്യത്തിലുള്ള പാർട്ടി ഭരണഘടനയുടെ ആമുഖത്തില്‍ കേരള കോണ്‍ഗ്രസിന്‍റെ ഉദ്ദേശത്തെക്കുറിച്ച്‌ പ്രഖ്യാപനമിങ്ങനെയാണ്. “ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങളും വരുമാന മാർഗങ്ങളും ലഭ്യമാക്കിക്കൊണ്ട് അധികാര വികേന്ദ്രീകരണവും ജനാധിപത്യവല്‍ക്കരണവും യാഥാർത്ഥ്യമാക്കി സാമ്ബത്തിക സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും സുശക്തമായ കേന്ദ്രത്തോടൊപ്പം സംതൃപ്തമായ സംസ്ഥാനങ്ങള്‍ കെട്ടിപ്പെടുക്കുന്നതിനും ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് വ്യവസ്ഥിതി നടപ്പാക്കുന്നതിനും വേണ്ടി നിലകൊള്ളുന്നു.”

ad 3

മഹത്തായ ഉദ്ദേശലക്ഷ്യത്തോടെ ആരംഭിച്ച ഈ പാർട്ടി 60 വർഷത്തിനിടയില്‍ വളർന്നും പിളർന്നും ഇന്ന് വ്യക്തി കേന്ദ്രീകൃതമായ നിരവധി ചെറു പാർട്ടികളായി കേരളത്തിലെ മൂന്ന് മുന്നണികളിലായി ഏഴു ചെറു ഗ്രൂപ്പുകളായി നിലകൊള്ളുന്നു. കൃത്യമായ ആശയ അടിത്തറയോ, ആദർശഭാരമോ ഒന്നും ഇവരെ അലട്ടാറില്ല. അധികാരത്തില്‍ പങ്കു പറ്റി നില്‍ക്കുക എന്ന പരമമായ ലക്ഷ്യത്തിലാണ് എല്ലാ ഗ്രൂപ്പുകാരും നിന്നുപോകുന്നത്.

ad 5

കോണ്‍ഗ്രസിലെ 15 യുവ എംഎല്‍എമാരുമായി രൂപീകരിച്ച കേരള കോണ്‍ഗ്രസിന് ഇന്ന് ഭരണകക്ഷിയിലും പ്രതിപക്ഷത്തുമായുള്ള അഞ്ച് കേ -കോ ഗ്രൂപ്പുകളിലായി പത്ത് എംഎല്‍എമാരുണ്ട്. ഈ പാർട്ടികളില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ളതും പ്രബലവുമായ പാർട്ടി കേരള കോണ്‍ഗ്രസ് മാണിയാണ്. അഞ്ച് നിയമസഭാ സാമാജികരും പാർലമെന്റിന്‍റെ ഇരു സഭകളിലുമായി ഓരോ എംപിമാരും മാണി ഗ്രൂപ്പിനുണ്ട്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണ് മാണി കോണ്‍ഗ്രസിനെ നയിക്കുന്ന ജോസ്.കെ.മാണിയും കൂട്ടരും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി യുഡിഎഫ് വിട്ടു പോയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം മാണി ഗ്രൂപ്പ് കൂടി വന്നതോടെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വൻ നേട്ടം കൊയ്യാൻ കഴിഞ്ഞു. പക്ഷേ, പാർട്ടി ചെയർമാൻ ജോസ്.കെ.മാണി കേരള കോണ്‍ഗ്രസിന്‍റെ വത്തിക്കാൻ എന്നറിയപ്പെട്ടിരുന്ന പാലായില്‍ 15738 വോട്ടിന് മാണി.സി.കാപ്പനോട് പരാജയപ്പെട്ടു. 54 വർഷം പാലായിലെ എംഎല്‍എ ആയിരുന്ന കെ.എം.മാണിയുടെ മകന് ആ സീറ്റ് നിലനിർത്താൻ കഴിയാതെ പോയത് രാഷ്ട്രീയമായും വ്യക്തിപരമായും വലിയ തിരിച്ചടിയായി മാറി.

കെ.എം.മാണിയുടെ നിര്യാണത്തെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലും ജോസ്.കെ.മാണിയുടെ സ്ഥാനാർത്ഥിയായ ജോസ് ടോമിന് കനത്ത പരാജയം നേരിടേണ്ടിവന്നു. തുടരെത്തുടരെ വന്ന രണ്ട് പരാജയങ്ങള്‍ ജോസിനെ വ്യക്തിപരമായും രാഷ്ട്രീയമായും ഏറെ ക്ഷീണിപ്പിച്ചിട്ടുണ്ട്. പാലായില്‍ കാലുറപ്പിക്കാനാവാത്ത ജോസിന് എങ്ങനെ മുന്നണി സംവിധാനങ്ങളില്‍ നിർണായക ശക്തിയായി മാറാനാവും എന്നതില്‍ ഒരുപാട് സന്ദേഹങ്ങളുണ്ട്.

കേരള കോണ്‍ഗ്രസിന്‍റെ പാരമ്ബര്യമനുസരിച്ച്‌ മന്ത്രിസ്ഥാനവും അധികാരവുമുള്ള വ്യക്തിയും പാർട്ടിയിലെ രണ്ടാമനുമായി നിരന്തരം ഏറ്റുമുട്ടിയ ചരിത്രം കേരള കോണ്‍ഗ്രസിനുണ്ട്, പ്രത്യേകിച്ച്‌ കെ.എം.മാണിക്ക്. പാർട്ടിയുടെ ആദ്യ ചെയർമാൻ കെ.എം.ജോർജുമായി തുടങ്ങിയ മാണിയുടെ ഏറ്റുമുട്ടല്‍ ആർ ബാലകൃഷ്ണപിള്ള, പി ജെ ജോസഫ്, ടി എം ജേക്കബ് തുടങ്ങി ഏറ്റവും ഒടുവിൽ ഏറ്റവുമൊടുവില്‍ പി.സി. ജോർജുമായി വരെ തുടർന്നു. അതേ സ്ഥിതി ഇപ്പോഴത്തെ മന്ത്രി റോഷി അഗസ്റ്റിനും ജോസ്.കെ.മാണിയും തമ്മില്‍ സമീപഭാവിയില്‍ ഉടലെടുക്കാനിടയുണ്ട്. കേരള കോണ്‍ഗ്രസുകളുടെ ഡിഎൻഎയില്‍ അലിഞ്ഞു ചേർന്ന സ്വഭാവമാണ് വ്യക്തികള്‍ തമ്മിലെ സ്വരചേർച്ചയില്ലായ്മ. ആസന്നഭാവിയില്‍ ജോസ്-റോഷി അടി പൊട്ടിപ്പുറപ്പെടാനുള്ള സകല സാധ്യതകളും തെളിഞ്ഞു വരുന്നുണ്ട്.

ജൂലൈ ഒന്നിന് രാജ്യസഭയില്‍ കാലാവധി പൂർത്തിയാക്കുന്ന ജോസ്.കെ.മാണിക്ക് ഒരു വട്ടം കൂടി അവസരം ഇടതുമുന്നണി നല്‍കുമോ എന്നത് നിര്‍ണായകമാകും. ജോസ്.കെ.മാണി മുന്നണി വിട്ടാലും മന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥാനത്യാഗം നടത്തി ഇടതുമുന്നണി വിടാന്‍ ഒരു സാധ്യതയും നിലവിലില്ല. അതാണ്‌ കേരള കോണ്‍ഗ്രസുകളുടെ പാരമ്ബര്യം. അധികം താമസിയാതെ മറ്റൊരു കേരള കോണ്‍ഗ്രസ് കൂടി കേരള രാഷ്ട്രീയത്തില്‍ പിറക്കാനിടയുണ്ട് എന്നര്‍ത്ഥം. അത് പാർട്ടിയുടെ ഷഷ്ടിപൂർത്തിക്ക് മുമ്പാകുമോ ശേഷമാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button