സംസ്ഥാനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കാനുള്ള ഉപാധികള്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഉപാധികള്‍ അംഗീകരിക്കാത്ത സംസ്ഥാനങ്ങളുടെ വായ്പാ ലഭ്യതയില്‍ കുറവുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വായ്പാ ലഭ്യതയ്ക്കുള്ള ഉപാധികള്‍ തുടരാന്‍ തീരുമാനിച്ചതോടെ കേരളത്തിന് തിരിച്ചടിയാകുക വൈദ്യുതി മേഖലയിലായിരിക്കും. കേരളത്തിലെ നിലവിലെ വായ്പാ പരിധി 29,341.92 കോടിയാണ്. പരിഷ്‌കരിച്ച വായ്പാ പരിധി 41567.72 കോടിയും. നിലവിലെ വായ്പാ പരിധിക്ക് ഉപരിയായി പരിഷ്‌കരിച്ച വായ്പാ പരിധിയുടെ ആനുകൂല്യം ഈ വര്‍ഷവും ലഭിക്കണമെങ്കില്‍ വായ്പാ ലഭ്യത ഉപാധികള്‍ പാലിക്കണമെന്നാണ് കേന്ദ്ര നിലപാട്. മൊത്തം വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് ഓരോ സംസ്ഥാനത്തിന്റയും വായ്പാ പരിധി.

കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ മെയില്‍ ഉപാധികളോടെ രണ്ട് ശതമാനം വായ്പാ പരിധി സംസ്ഥാനങ്ങള്‍ക്ക് വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. വൈദ്യുതി, ഭക്ഷ്യപൊതുവിതരണം, വ്യവസായം, നഗരവികസനം തുടങ്ങിയ മേഖലകളിലെ കേന്ദ്രവ്യവസ്ഥകള്‍ അംഗീകരിക്കണമെന്നതായിരുന്നു പരിഷ്‌കരിച്ച വായ്പാ വിതരണത്തിനുള്ള ഉപാധി. ഈ വര്‍ഷവും ഇതേ നിബന്ധന വായ്പ ലഭ്യമാകാന്‍ കേരളത്തിന് അംഗീകരിക്കേണ്ടി വരും. കേരളത്തിന് വൈദ്യുതി മേഖലയിലാകും ഇത്തവണ കേന്ദ്ര വ്യവസ്ഥകള്‍ പ്രധാനമായും സ്വീകരിക്കേണ്ടി വരിക. ഇതോടെ വൈദ്യുതി വകുപ്പിന്റെ നഷ്ടം കുറയ്ക്കുന്നതിന് ബാധ്യത സംസ്ഥാനം ഏറ്റെടുക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശ്ശിക അടക്കമാകും പൂര്‍ണമായും ഒഴിവാക്കേണ്ടി വരിക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക