കനത്ത ചൂടിനൊപ്പം ജനങ്ങള്‍ക്ക് കെ.എസ്.ഇ.ബി വക ഷോക്കും. വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ വര്‍ധന വരുത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷനെ സമീപിച്ചു. വൈദ്യുതി വാങ്ങിയ 68.68 കോടി രൂപ പിരിഞ്ഞ് കിട്ടാത്തതിനാല്‍ നിലവിലുള്ള സര്‍ചാര്‍ജിന് പുറമെ വൈദ്യുതി യൂണിറ്റിന് 14 പൈസ കൂടി സര്‍ചാര്‍ജായി ഈടാക്കാന്‍ അനുവദിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം.

ഇതനുവദിച്ചാല്‍ വൈദ്യുതി യൂണിറ്റിന് 33 പൈസ കൂടും. സര്‍ക്കാരിന്റെ അഭിപ്രായം കൂടി കേട്ട ശേഷമാകും കമ്മിഷന്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. കടുത്ത ചൂടില്‍ വൈദ്യുതി ഉപഭോഗം ഗണ്യമായി കൂടിയ അവസ്ഥയില്‍ സര്‍ചാര്‍ജ് കൂടിയാല്‍ വൈദ്യുതി ബില്‍ സാധാരണക്കാരെ പൊള്ളിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച്‌ പ്രതിമാസം 19 പൈസ ഈടാക്കാന്‍ നേരത്തേ തന്നെ കെ.എസ്.ഇ.ബിക്ക് അനുമതിയുണ്ട്. ഇതിന് പുറമെ വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ പൊതു തെളിവെടുപ്പില്‍ 14 പൈസ കൂട്ടണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്.കഴിഞ്ഞ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ അധികമായി വൈദ്യുതി വാങ്ങിയതില്‍ ഇനിയും 60. 68 കോടി രൂപ പിരിഞ്ഞ് കിട്ടാനുണ്ടെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.

കഴിഞ്ഞ ദിവസം ബോര്‍ഡിന്റെ പെറ്റിഷനില്‍ റഗുലേറ്ററി കമ്മിഷന്‍ വാദം കേട്ടെങ്കിലും ഉത്തരവ് വൈകും. കെ.എസ്.ഇ.ബിക്ക് പറയാനുള്ളത് വിശദമായി കേട്ടെങ്കിലും സര്‍ക്കാരിന്റെ അഭിപ്രായം കൂടി കേട്ട ശേഷമെ കമ്മിഷന്‍ തീരുമാനം എടുക്കൂ. അതേസമയം, തെരഞ്ഞെടുപ്പു കാലമായതിനാല്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന. അനുമതി നല്‍കിയാല്‍ ഫെബ്രുവരി, മാര്‍ച്ച്‌ മാസത്തെ ബില്ലില്‍ യൂണിറ്റിന് 33 പൈസ വീതം ജനങ്ങള്‍ക്ക് സര്‍ചാര്‍ജ് അടക്കേണ്ടിവരും. അതായത് പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 33 രൂപ കൂടും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക