കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഹന സ്ക്രാപ്പേജ് നയം വാഹന വ്യവസായ രം​ഗത്ത് വന്‍ മുന്നേറ്റത്തിന് കാരണമാകുമെന്ന് വ്യവസായ വിദ​ഗ്ധര്‍. പുതിയ നിയമം അനുസരിച്ച്‌, 15 വര്‍ഷത്തിലധികം പഴക്കമുളള വാണിജ്യ വാഹനങ്ങളും ഇരുപത് വര്‍ഷത്തിലധികം പഴക്കമുളള യാത്രാ വാഹനങ്ങളും ഫിറ്റ്നസ്, എമിഷന്‍ ടെസ്റ്റുകളില്‍ വിജയിച്ചില്ലെങ്കില്‍ അവയുടെ രജിസ്ട്രേഷന്‍ റദ്ദാകും. കൂടാതെ, പതിനഞ്ച് വര്‍ഷത്തേക്ക് ഉപയോഗിച്ചതിന് ശേഷം സര്‍ക്കാര്‍ വകുപ്പുകളും അവരുടെ വാഹനങ്ങള്‍ ഉപേക്ഷിക്കേണ്ടിവരും. ഇത് രാജ്യത്തെ വാഹന വില്‍പ്പന ഉയരാന്‍ ഇ‌ടയാക്കും.

വാഹന സ്ക്രാപ്പേജ് നയം നടപ്പാക്കുന്നത് വാഹന വ്യവസായത്തിലേക്ക് നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്നും അസംസ്കൃത വസ്തുക്കളുടെ വില കുറയ്ക്കുന്നതിന് സഹായിക്കുമെന്നും ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ പറഞ്ഞു. ഉല്‍പാദനക്ഷമമായ മെറ്റീരിയലുകള്‍ സ്ക്രാപ്പ് ചെയ്യുന്നതിന് ഈ നയം ആവശ്യമായ പ്രചോദനം നല്‍കുമെന്ന് വാഹന നിര്‍മാതാവ് അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ നയം അനിവാര്യവും ദീര്‍ഘകാലമായി കാത്തിരുന്നതും വാഹന വ്യവസായത്തെയും അനുബന്ധ പിന്തുണാ വ്യവസായത്തെയും എല്ലാവര്‍ക്കും ​ഗുണകരമാകുമെന്നും വാഹന നിര്‍മാതാവ് അഭിപ്രായപ്പെട്ടതായി ഇക്കണോമിക് ടൈംസ് ഓട്ടോ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

“ചട്ടക്കൂട് കൂടുതല്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും അസംസ്കൃത വസ്തുക്കളുടെ വില ഗണ്യമായി കുറയ്ക്കുകയും ഷീറ്റ് മെറ്റല്‍ റീസൈക്ലിംഗ് പുതുക്കുന്നതിന് സഹായിക്കുകയും ചെയ്യും, “റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കിട്ടറാം മാമിലപല്ലെ പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ നയത്തെ ഓട്ടോമോട്ടീവ് വ്യവസായം സ്വാഗതം ചെയ്യുന്നുവെന്നും സാമ്ബത്തിക മാന്ദ്യകാലത്ത് ആവശ്യമായ മുന്നേറ്റം വ്യവസായത്തിന് നല്‍കുമെന്നും ഗ്രാന്റ് തോര്‍ട്ടണ്‍ ഭാരതിലെ സാകേത് മെഹ്റ പറയുന്നു. എല്ലാ വിഭാഗം വാഹനങ്ങളുടെയും വില്‍പ്പനയ്ക്ക് ഉത്തേജനം ലഭിക്കുമെന്നാണ് പ്രമുഖ വാഹന നിര്‍മാണക്കമ്ബനികള്‍ കണക്കാക്കുന്നത്.

“വ്യക്തിഗത വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സമയപരിധി നേരത്തെ മുന്നോട്ട് വച്ചിരുന്നെങ്കില്‍, ഉപഭോക്താക്കളും ഒഇഎമ്മുകള്‍ക്കും (ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കള്‍) സമീപകാലത്ത് വലിയ തോതില്‍ ഇതിന്റെ പ്രയോജനം ലഭിക്കുമായിരുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ” മെഹ്റ ദേശീയ മാധ്യമമായ ലൈവ് മിന്റിനോട് പറഞ്ഞു.

അസംസ്കൃത വസ്തുക്കളുടെ വിലയില്‍ അടുത്ത കാലത്തായി വന്‍ വര്‍ധനയുണ്ടായി. ഉരുക്കിന്റെ നിരക്ക് കഴിഞ്ഞ ആറുമാസത്തിനിടെ ഗണ്യമായി വര്‍ദ്ധിച്ചു (ഏകദേശം 30%), ഇത് ഉല്‍പാദനച്ചെലവ് ഉയര്‍ത്തുന്ന ഘടകമാണ്. പഴയ വാഹന ലോഹത്തിന്റെ പുനരുപയോഗത്തോടെ, പുതിയ വാഹനത്തിന്റെ ഉല്‍പാദനച്ചെലവ് ഒരു പരിധിവരെ കുറയുകയും ഉല്‍പാദനച്ചെലവ് യുക്തിസഹമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌, സാധുവായ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ 17 ലക്ഷം പഴയ ഇടത്തരം, ഹെവി വാണിജ്യ വാഹനങ്ങള്‍ ഇന്ത്യയിലുണ്ട്. കൂടാതെ, 20 വര്‍ഷത്തിന് മുകളില്‍ പഴക്കമുളള ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം 51 ലക്ഷത്തില്‍ കൂടുതലാണ്. ഹെവി ഡ്യൂട്ടി വാണിജ്യ വാഹനങ്ങള്‍ക്ക് 2023 മുതലും വ്യക്തിഗത വാഹനങ്ങള്‍ക്ക് 2024 ജൂണ്‍ മുതലും പുതിയ നിയമം ബാധകമാകും.

“കേന്ദ്രസര്‍ക്കാരിന്റെ വാഹന സ്ക്രാപ്പേജ് നയം ആത്മനിര്‍ഭര്‍ ഭാരതത്തിലേക്കുള്ള സുപ്രധാന നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ റോഡുകളിലെ പഴക്കം ചെന്ന വാഹനങ്ങള്‍ നീക്കംചെയ്യാന്‍ മാത്രമല്ല, പുനരുപയോഗത്തിനും സഹായിക്കും, നയം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു, ” ഒമേഗ സെയ്കി മൊബിലിറ്റി ചെയര്‍മാനും സ്ഥാപകനുമായ ഉദയ് നാരംഗ് ലൈവ് മിന്റിനോട് പറഞ്ഞു.

പൊളിക്കാന്‍ നല്‍കുന്ന പഴയ വാഹനത്തിന്റെ അതേ മോഡലിലുള്ള പുതിയ വാഹനത്തിന്റെ എക്സ് ഷോറൂം നിരക്കിന്റെ നാല് മുതല്‍ ആറ് ശതമാനം വരെ പൊളിക്കല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഉടമസ്ഥര്‍ക്ക് നല്‍കും. സ്ക്രാപ്പ് ഡിപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റ് (പൊളിക്കല്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കിയാല്‍ പുതിയ വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനം വിലക്കിഴിവ് നല്‍കാന്‍ കമ്ബനികളോട് സര്‍ക്കാര്‍ നിര്‍ദേശിക്കും. ഉടമയ്ക്ക് താല്‍പര്യമുള്ള മറ്റൊരാള്‍ക്ക് ഇതു കൈമാറാനും സാധിക്കുന്ന വിധമാണ് നിയമം നടപ്പാക്കുക.

സ്വകാര്യ വാഹനങ്ങള്‍ക്ക് 25 ശതമാനം റോഡ് നികുതിയിളവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 ശതമാനം റോഡ് നികുതിയിളവും നല്‍കാ‍ന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. പുതിയ വാഹനത്തിന്റെ റജിസ്ട്രേഷന്‍ ഫീസ് സൗജന്യമാക്കാനും കേന്ദ്ര സര്‍ക്കാരിന് ആലോചനയുണ്ട്. വാഹന പൊളിക്കല്‍ കേന്ദ്രങ്ങള്‍ പരിസ്ഥിതി, മലിനീകരണ, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. മതിയായ പാര്‍ക്കിങ് സൗകര്യം, വായു, ജല, ശബ്ദ മലിനീകരണ നിയന്ത്രണ സംവിധാനം, അപകടകരമായ മാലിന്യം സുരക്ഷിതമായി നീക്കാനുള്ള സംവിധാനം എന്നിവ വേണമെന്നും നിയമത്തില്‍ നിബന്ധനയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക