കൊല്ലം നഗരത്തില്‍ ചിന്നക്കടയില്‍ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകള്‍ ഹൈക്കോടതി ജഡ്ജിയുടെ ഇടപെടലിനെ തുടർന്ന് നീക്കം ചെയ്തു.
ഇന്നലെ കോടതി സമുച്ചയ ശിലാസ്ഥാപനത്തിന് എത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബോർഡുകള്‍ ഉടൻ മാറ്റണമെന്ന് കർശന നിർദ്ദേശം നല്‍കുകയായിരുന്നു. കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്തിയാണ് ജഡ്ജി നടപടിയെടുത്തത്.
-->
റോഡരികില്‍ ഫ്ലക്സ് ബോർഡുകള്‍ സ്ഥാപിക്കരുതെന്നാണ് കോടതി ഉത്തരവ്. യാത്രക്കാരുടെ കാഴ്ച മറച്ച് ഫ്ലക്സ് ബോർഡുകള്‍ നിറഞ്ഞ ചിന്നക്കട റൗണ്ടും പരിസരവുമാണ് കൊല്ലത്ത് കോടതി സമുച്ചയ ശിലാസ്ഥാപനത്തിനെത്തിയ ഹൈക്കോടതി ജഡ്ജി ദേവൻ രാമൻചന്ദ്രൻ നേരില്‍ കണ്ടത്.
ഉടൻ കോർപ്പറേഷൻ അധികൃതരെ അതൃപ്തി അറിയിച്ചു. കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തി ബോർഡുകള്‍ മാറ്റാൻ നിർദേശിച്ചു. പിഴയീടാക്കുമെന്ന ജഡ്ജിയുടെ താക്കീതിന് പിന്നാലെ ഫ്ലക്സ് ബോർഡുകള്‍ ഒരു മണിക്കൂറിനുള്ളില്‍ നീക്കം ചെയ്തു.
രാഷ്ട്രീയ പാർട്ടികളുടെ അടക്കം നൂറുകണക്കിന് ഫ്ലക്സ് ബോർഡുകളാണ് ചിന്നക്കടയില്‍ ഉണ്ടായിരുന്നത്. നഗരത്തില്‍ മറ്റിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളും അടിയന്തരമായി മാറ്റുമെന്ന് കോർപ്പറേഷൻ അറിയിച്ചു. കോടതി ഉത്തരവ് നടപ്പിലാക്കാൻ ജഡ്ജി തന്നെ നേരിട്ട് ഇറങ്ങേണ്ടി വരുന്നത് നിയമ സംവിധാനത്തോട് അധികൃതർ കാണിക്കുന്ന അനാദരവിന്റെ തെളിവാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
അതേസമയം ഫ്ലക്സ് ബോർഡുകള്‍ മുഴുവൻ മാറ്റിയ ചിന്നക്കടയില്‍ പിന്നാലെ തന്നെ വീണ്ടുമൊരു ബോർഡും പ്രത്യക്ഷപ്പെട്ടു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക