തിരുവനന്തപുരം: യു.ഡി.എഫ് കണ്‍വീനറായി എം.എം.ഹസ്സന്‍ തുടരും. ഘടകകക്ഷികളും അംഗീകരിച്ചതോടെയാണ് തീരുമാനം അന്തിമമായത്. കഴിഞ്ഞ ഒക്ടോബറിലാണ് ഹസ്സന്‍ കണ്‍വീനറായി നിയമിതനായത്. നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നണിയുടെ കനത്ത പരാജയത്തെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും മാറ്റിയ വേളയില്‍ കണ്‍വീനറെയും മാറ്റുമെന്ന സൂചനകളുണ്ടായിരുന്നു.

എന്നാല്‍, ചുമതലയേറ്റ് അധികനാളാകും മുമ്ബ് നടന്ന തിരഞ്ഞെടുപ്പായതിനാലും ഹസ്സന്റെ സാന്നിദ്ധ്യം തെക്കന്‍ ജില്ലകളില്‍ മുന്നണിക്ക് ഗുണമാകുമെന്നതിനാലും അദ്ദേഹം തന്നെ തുടരട്ടെയെന്ന ധാരണയാണ് നേതൃതല ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഹസ്സന്‍ തുടരുന്നതിനോട് യോജിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഘടകകക്ഷികളും അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചില്ല:

കെ. മുരളീധരന്‍ കണ്‍വീനര്‍ സ്ഥാനത്തെത്തുമെന്ന് ഇടയ്ക്ക് പ്രചാരണമുണ്ടായെങ്കിലും പിന്നീട് ഹസ്സനിലേക്ക് തന്നെ കാര്യങ്ങളെത്തുകയായിരുന്നു. ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കാതിരുന്നതും അതിനാലാണ്. മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമേ കേരളത്തില്‍ നിന്നുള്ള എം.പിമാരുമായും സംസാരിച്ച ശേഷം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ ഹസ്സന്‍ തുടരട്ടെയെന്ന് നിര്‍ദ്ദേശിച്ചുള്ള റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് നല്‍കി. ഇത് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം അംഗീകരിക്കുകയും ചെയ്തു. കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷനായി കെ. മുരളീധരനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ എല്ലാ അനിശ്ചിതത്വവും മാറി. ഹസ്സന്‍ തന്നെ തുടരാന്‍ ധാരണയായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാലും ഫോണില്‍ വിളിച്ചറിയിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക