ഇന്ത്യയിലെ റീടെയില്‍ വിപണി ചില്ലറ പ്രലോഭനമല്ല റിലയന്‍സിനും ടാറ്റയ്ക്കും ആമസോണിനും നല്‍കുന്നത്. പോയവര്‍ഷം 883 ബില്യണ്‍ ഡോളര്‍ കുറിച്ച റീടെയില്‍ മേഖല 2024 ഓടെ 1.24 ലക്ഷം കോടി ഡോളറും 2026 ഓടെ 1.75 ലക്ഷം കോടി ഡോളറും വളര്‍ച്ച കണ്ടെത്തും. ഈ പശ്ചാത്തലത്തില്‍ റീടെയില്‍ രംഗത്ത് കുത്തക സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് ആമസോണ്‍, ടാറ്റ, റിലയന്‍സ് കമ്പനികള്‍.

നിലവില്‍ ഗ്രോസറി ഉത്പന്നങ്ങള്‍ക്കായി റിലയന്‍സിന് ജിയോമാര്‍ട്ടുണ്ട്. ആമസോണിന് പാന്‍ട്രിയും. ഈ മേഖലയില്‍ ബിഗ്ബാസ്‌കറ്റിനെ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പും ഇപ്പോള്‍ കടന്നുവരികയാണ്. കഴിഞ്ഞ ഏപ്രിലിലാണ് ബിഗ്ബാസ്‌കറ്റിനെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. ഒരൊറ്റ ആപ്പില്‍ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നുവെന്നതാണ് ആമസോണിന് മത്സരത്തില്‍ മേല്‍ക്കൈ നല്‍കുന്ന പ്രധാന ഘടകം. പക്ഷെ റിലയന്‍സും ടാറ്റയും വൈകാതെ ഈ മാതൃക സ്വീകരിക്കും. അണിയറയില്‍ റിലയന്‍സിന്റെ ആപ്പ് ഒരുങ്ങുന്നുണ്ട്. ചൈനയില്‍ വീ ചാറ്റ് പ്രചാരം കയ്യടക്കിയതുപോലുള്ള പ്രചാരമാണ് പുതിയ ആപ്പിലൂടെ റിലയന്‍സ് ലക്ഷ്യമിടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റീടെയില്‍ മത്സരത്തില്‍ ആമസോണും റിലയന്‍സും ടാറ്റ ഗ്രൂപ്പിനെക്കാളും ബഹുദൂരം മുന്നിലാണ്. പോയവര്‍ഷത്തെ കണക്കുകള്‍ പ്രകാരം ആമസോണിന് ഇന്ത്യയില്‍ 7 ലക്ഷത്തോളം വില്‍പ്പനക്കാരുമായി സഹകരണമുണ്ട്. ഓരോമാസവും 20,000 -ത്തോളം വില്‍പ്പനക്കാരെ പുതുതായി നേടാനും കമ്പനിക്ക് സാധിക്കുന്നു. 2025 ഓടെ 1 ലക്ഷം വില്‍പ്പനക്കാരെ പ്ലാറ്റ്‌ഫോമിൽ എത്തിക്കുകയെന്നതാണ് ഇന്ത്യയില്‍ ആമസോണിന്റെ ലക്ഷ്യം. ഇതുവഴി ഇന്ത്യയില്‍ കുത്തക സ്ഥാപിക്കാന്‍ സാധിക്കുമെന്ന് ജെഫ് ബെസോസ് കരുതുന്നു.

മറുഭാഗത്ത് റിലയന്‍സും ഒരുങ്ങിത്തന്നെയാണ്. റിലയന്‍സ് ഫ്രഷ്, റിലയന്‍സ് ഡിജിറ്റല്‍, റിലയന്‍സ് ഫൂട്ട്പ്രിന്റ്, ഹാംലീസ്, ജിയോമാര്‍ട്ട്, നെറ്റ്‌മെഡ്‌സ്, അര്‍ബന്‍ ലാഡര്‍ തുടങ്ങിയ 45 അനുബന്ധ കമ്പനികള്‍ റിലയന്‍സ് റീടെയിലിന് കീഴിലുണ്ട്. ഉള്‍നാടന്‍ മേഖലകളിലും ശൃഖലയുണ്ടെന്നതാണ് റിലയന്‍സിന് മത്സരത്തില്‍ മേല്‍ക്കൈ നല്‍കുന്ന ഘടകം. നിലവില്‍ 11,000 -ത്തില്‍പ്പരം സ്റ്റോറുകള്‍ റിലയന്‍സിന് ഇന്ത്യയില്‍ ഉടനീളമായുണ്ട്. ഒപ്പം ആമസോണിനെ വെല്ലുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായി ജിയോമാര്‍ട്ട് പതിയെ രൂപംകൊള്ളുന്നതും കാണാം.

പ്രധാന പോരാട്ടം റിലയന്‍സും ആമസോണും തമ്മിലാണെങ്കിലും ടാറ്റ ഗ്രൂപ്പ് പതിയെ ചിത്രത്തിലേക്ക് കടന്നുവരുന്നുണ്ട്. ബിഗ്ബാസ്‌കറ്റ് കമ്പനിയെ വാങ്ങിയതുവഴി റീടെയില്‍ വ്യവസായത്തില്‍ ഒരു കൈ നോക്കാനുള്ള ഉദ്ദേശ്യം ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി. ആമസോണ്‍ മാതൃകയില്‍ പുതിയ ആപ്പ് എന്ന ആശയം ടാറ്റയും മുറുക്കെപ്പിടിക്കുന്നു. ഇതിലൂടെ ടാറ്റ ക്ലിഖ്, സ്റ്റാര്‍ക്വിക്ക്, ക്രോമ എന്നിവയുടെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വിരല്‍ത്തുമ്പിലെത്തിക്കാന്‍ ടാറ്റയ്ക്ക് സാധിക്കും. നിലവില്‍ തനിഷ്ഖ് ജ്വല്ലറി ഔട്ട്‌ലെറ്റുകള്‍, ടൈറ്റന്‍, സ്റ്റാര്‍ ബാസാര്‍ റീടെയില്‍ സ്റ്റോറുകള്‍, താജ് ഹോട്ടലുകള്‍, വെസ്റ്റ്‌സൈഡ് (തുണിത്തര ബ്രാന്‍ഡ്) എന്നിവയെല്ലാം ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ബിസിനസ് സംരംഭങ്ങളാണ്.

ഡിജിറ്റൽ ഫാർമസി:

ഡിജിറ്റല്‍ ഹെല്‍ത്ത് കമ്പനിയായ വണ്‍എംജിയുടെ ഭൂരിപക്ഷം ഓഹരികളും വാങ്ങുമെന്ന് ടാറ്റ പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ ഡിജിറ്റലിനാണ് ഇതിന്റെ ചുമതല. എന്നാല്‍ ഈ രംഗത്തു ആദ്യമേ ചുവടുറപ്പിക്കാനുള്ള നീക്കം റിലയന്‍സ് നടത്തിയത് കാണാം. 2020 ഓഗസ്റ്റില്‍ നെറ്റ്‌മെഡ്‌സിനെ വാങ്ങിയതുവഴി ഡിജിറ്റല്‍ ഫാര്‍മസി മേഖലയില്‍ റിലയന്‍സ് സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. സ്വന്തം ഡിജിറ്റല്‍ ഫാര്‍മസി കെട്ടിപടുക്കാനുള്ള ശ്രമത്തിലാണ് ആമസോണും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക