പോലീസുകാര്‍ക്ക് വിരുന്നൊരുക്കി ഗുണ്ടാനേതാവ്. തമ്മനം ഫൈസിലിന്റെ അങ്കമാലിയിലെ വീട്ടിലാണ് ആലപ്പുഴയിലെ ഡിവൈഎസ്പിയും പോലീസുകാരും വിരുന്നിന് എത്തിയത്. ഇതിനിടെ അങ്കമാലി എസ്ഐ പരിശോധനയ്ക്കെത്തിയപ്പോള്‍ ഡിവൈഎസ്പി ശുചിമുറിയില്‍ കയറി ഒളിക്കുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാ നേതാവ് ഫൈസലിന്റെ വീട്ടില്‍ അങ്കമാലി എസ്ഐയും സംഘവും റെയ്ഡിനെത്തിയതാണ്. ഇതിനിടെ ഇവിടെവച്ച് ആലപ്പുഴ ക്രൈം ഡിറ്റാച്ച്മെന്റില്നിന്നുള്ള ഡിവൈഎസ്പിയെയും രണ്ട് കോണ്സ്റ്റബിളുമാരെയും പോലീസ് ഡ്രൈവറെയും അപ്രതീക്ഷിതമായി കാണുകയായിരുന്നു.
ഗുണ്ടകളെ പിടികൂടാനുള്ള പദ്ധതിയായ ആഗ് ഓപ്പറേഷന്റെ ഭാഗമായാണ് തമ്മനം ഫൈസലിന്റെ വീട്ടില്‍ പോലീസെത്തിയത്. പിന്നാലെ ഫൈസല്‍ അടക്കമുള്ള ഗുണ്ടകളെ കരുതല്‍ തടങ്കലിലാക്കി പോലീസ് സംഘം മടങ്ങുകയായിരുന്നു. ഡിവൈഎസ്പി അടക്കമുള്ളവര്‍ ഗുണ്ട ഒരുക്കിയ വിരുന്നിന് പോയ സംഭവത്തില്‍ പോലീസ് ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി സാബുവാണ് വിരുന്നില്‍ പങ്കെടുത്തതെന്നാണ് വിവരം. ഇദ്ദേഹമാണ് പോലീസുകാരെ വിരുന്നിന് എത്തിച്ചതെന്നാണ് അറിയുന്നത്. ആലുവ റൂറല്‍ എസ്.പി., ഡിവൈഎസ്പിയോട് വിശദീകരണം തേടിയിട്ടുണ്ട്. വിരുന്ന് സംബന്ധിച്ച കൂടുതല്‍ അന്വേഷണം നടക്കുകയാണ്. വിരുന്ന് സംഘടിപ്പിച്ചത് എന്തിന്റെ പേരിലാണെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.