കോട്ടയം: കുടയംപടിയിലെ വ്യാപാരി കെ സി ബിനു ജീവനൊടുക്കിയ സംഭവത്തില്‍ കർണടക ബാങ്കിനോ മാനേജർക്കോ പങ്കില്ലെന്ന് പൊലീസ് റിപ്പോർട്ട് നല്‍കി. 2023 സെപ്റ്റംബർ 25നാണ് കുടയംപടിയില്‍ ചെരിപ്പുകട നടത്തിയിരുന്ന കെ.സി. ബിനു(50)വിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വായ്പ തിരിച്ചടവു മുടങ്ങിയതില്‍ കർണാടക ബാങ്ക് ജീവനക്കാരില്‍ നിന്നുണ്ടായ സമ്മർദം മൂലമാണ് ബിനു ജീവനൊടുക്കിയതെന്നു പ്രചാരണമുണ്ടായിരുന്നു. ഇതു സംബന്ധിച്ച്‌ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ബാങ്കിന് ഈ സംഭവവുമായി ബന്ധമില്ലെന്നു കണ്ടെത്തിയത്. ബിനുവിനു വലിയ കടബാധ്യതയുണ്ടായിരുന്നെന്നും കോട്ടയം വെസ്റ്റ് പൊലീസ്, സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ടിനു നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു. കർണാടക ബാങ്കില്‍ നിന്ന് 5 ലക്ഷം രൂപയാണ് ബിനു വായ്പയെടുത്തത്. കുടിശികയായതോടെ ബാങ്ക് 10 തവണ നോട്ടീസ് അയച്ചു. ബാങ്ക് മാനേജരും അസി. മാനേജരും കടയിലെത്തി സംസാരിച്ചു. തുടർന്നു ബിനു കുടിശിക പൂർണമായും അടച്ചുതീർത്തെന്നും പൊലീസിന്റെ റിപ്പോർട്ടില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടബാധ്യതയ്ക്ക് പുറമേ വ്യാപാരി കെ സി ബിനുവിന് തന്റെ ചെരുപ്പ് കടയിലെ ജീവനക്കാരിയോട് അടുപ്പമുണ്ടായിരുന്നുവെന്നും ഈ ബന്ധത്തെ ജീവനക്കാരിയുടെ കുടുംബം എതിർത്തിരുന്നതായും റിപ്പോർട്ടില്‍ പറയുന്നുണ്ട്. രാത്രിയില്‍ ഈ യുവതിയുമായി ബിനു വളരെ നേരം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. ബിനു മരണപ്പെടുന്നതിന് തലേന്നാള്‍ യുവതിയുടെ വിവാഹ നിശ്ചയം ആയിരുന്നെങ്കിലും, ആ ചടങ്ങില്‍ ബിനു പങ്കെടുത്തിരുന്നില്ല.

മരിക്കുന്നതിന് തലേദിവസം രാത്രി 9 തവണയോളം യുവതിയെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. മരണദിവസം പകല്‍ രണ്ടുമണിക്കും മൂന്നു മണിക്കും ഇടയില്‍ രണ്ടുതവണയും ബിനു യുവതിയെ വിളിച്ചു. യുവതിയുടെ ഒരുപവൻ തൂക്കമുള്ള സ്വർണ കൊലുസുകള്‍ ബിനു പണയം വച്ചെങ്കിലും, അത് വിവാഹത്തിന് മുമ്ബ് എടുത്തുകൊടുത്തില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. കടബാധ്യത തീർക്കാൻ ലക്ഷ്യമിട്ട് ഇയാള്‍ ഒരുദിവസം 1000 രൂപയുടെ ലോട്ടറി വാങ്ങിയിരുന്നതായും പൊലീസ് റിപ്പോർട്ടില്‍ പറയുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക