കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് വിവാദ കരിമണല്‍ കമ്ബനിയായ സിഎംആര്‍എല്ലിന് ടണ്‍ കണക്കിന് ഇല്‍മനൈറ്റ് നല്‍കിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ചവറയില്‍ നിന്നും സിഎംആര്‍എല്ലില്‍ ഇല്‍മനൈറ്റ് എത്തിയതിന്റെ തെളിവുകളും കുഴല്‍നാടന്‍ പുറത്തുവിട്ടു. മന്ത്രി പി രാജീവിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടത്.
തോട്ടപ്പള്ളിയിലെ മണലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഇല്‍മനൈറ്റ് ലഭിക്കുന്നത് കെഎംഎംഎല്ലിന് മാത്രമാണെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാല്‍ ടണ്‍ കണക്കിന് ഇല്‍മനൈറ്റ് സിഎംആര്‍എല്ലിലേക്ക് ഒഴുകിയെത്തിയെന്നാണ് കുഴല്‍നാടന്റെ ആരോപണം. ഇത് തെളിയിക്കുന്ന ഇവേ ബില്ലുകളാണ് കുഴല്‍നാടന്‍ പുറത്തു വിട്ടത്. മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ് എന്നിവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും കുഴല്‍നാടന്‍ മറുപടി നല്‍കി. ഹിറ്റ് ആന്റ് റണ്‍ തന്റെ രീതി അല്ലെന്നും പരസ്യ സംവാദത്തിന് മന്ത്രിമാര്‍ തയ്യാറാകണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.
കരാര്‍ ലംഘിച്ച് ഇല്‍മനൈറ്റ് സിഎംആര്‍എല്ലിന് കൈമാറിയ സംഭവത്തില്‍ മന്ത്രി മറുപടി പറയണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. മാസപ്പടി വിവാദത്തില്‍ മന്ത്രിമാരായ പി രാജീവ് എം ബി രാജേഷ് എന്നിവര്‍ ഉന്നയിച്ച അഞ്ചു ചോദ്യങ്ങള്‍ക്കും കുഴല്‍നാടന്‍ മറുപടി നല്‍കി. സിഎംആര്‍എല്ലിനെ മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കുഴല്‍നാടന്‍. താമസിയാതെ മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാനാണ് കുഴല്‍നാടന്റെ തീരുമാനം.