തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് കെ കെ ശൈലജ എംഎല്‍എ. സഭയില്‍ ശ്രദ്ധ ക്ഷണിക്കലിലാണ് മുന്‍ ആരോഗ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സംസ്ഥാന സര്‍ക്കാര്‍ സഹായം ചെയ്യുമ്ബോഴും ഇനിയും ജനങ്ങളെ സഹായിക്കേണ്ടതുണ്ടെന്നും ചെറുകിട പരമ്ബരാഗത തൊഴില്‍ മേഖല വലിയ ബുദ്ധിമുട്ടിലാണെന്നും കെകെ ശൈലജ പറഞ്ഞു.

കെ കെ ശൈലജയുടെ വാക്കുകൾ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കോവിഡ് പ്രതിസന്ധിയില്‍ ഗുരുതരമായ പ്രശ്നങ്ങളാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സഹായം ചെയ്യുമ്ബോഴും അവരെ ഇനിയും സഹായിക്കേണ്ടതുണ്ട് എന്നാണ് സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്.ചെറുകിട പരമ്ബരാഗത തൊഴില്‍ മേഖല വലിയ ബുദ്ധിമുട്ടിലാണ്. രണ്ട് ലക്ഷത്തിലേറെ തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ലൈറ്റ് ആന്‍ഡ് സൗണ്ട് പ്രധാനപ്പെട്ട ഘടകമാണ്.

ഈ മേഖലയിലെ തൊഴിലാളികള്‍ പട്ടിണിയിലാവുന്നു. സര്‍ക്കാര്‍ നല്‍കുന്ന കിറ്റുകള്‍ നല്‍കുന്നതുകൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലല്ലെങ്കിലും ബാങ്ക് ലോണുകള്‍, വിദ്യാഭ്യാസ ചെലവ് ഉള്‍പ്പെടെ നിര്‍വഹിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലാണ്. വാദ്ധ്യ, തെയ്യം കലാകാരന്മാര്‍ക്കും വരുമാനം ഇല്ല. സൈക്കിള്‍ വാടകക്ക് കൊടുക്കുന്ന ഷോപ്പുകള്‍ വരെ അടച്ചിടുന്നു. അവര്‍ക്ക് മറ്റുവരുമാനമില്ല. ക്ഷേമനിധിയില്‍ നിന്നും 1000 രൂപ നല്‍കിയെങ്കിലും അതുകൊണ്ട് മതിയാവില്ല.’ എന്നാണ് കെകെ ശൈലജ പറഞ്ഞത്. ഇവര്‍ക്ക് പലിശ രഹിത വായ്പ നല്‍കുകയും വിപണി ഒരുക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെ സര്‍ക്കാര്‍ ചെയ്യേണ്ടതുണ്ടെന്നും ശൈലജ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലൊക്കെ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച തരത്തിലുള്ള വിമര്‍ശനമാണ് ഇന്ന് ഭരണപക്ഷ ബെഞ്ചില്‍ നിന്നും ഉയര്‍ന്നത് എന്നതാണ് പ്രത്യേകത. പ്രതിപക്ഷ നേതാവ് ഈ മാസം 27ാം തീയ്യതി അടിയന്തര പ്രമേയത്തിന് അനുമതി തേടിയതും ഈ വിഷയത്തില്‍ ആയിരുന്നു. ഇതോടെ ശൈലജ ഉയര്‍ത്തി വിഷയം പ്രതിപക്ഷം കൈയടികളോടെ സ്വീകരിക്കുന്ന അവസ്ഥയിലായി. കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാരില്‍ ഒരാളായ കെ കെ ശൈലജക്ക് ഇക്കുറി മന്ത്രിസ്ഥാനവും നല്‍കിയിരുന്നില്ല.ഇതിനിടെയാണ് സര്‍ക്കാറിനെ വെട്ടിലാക്കുന്ന വിധത്തിലുള്ള പരാമര്‍ശവും ശൈലജ ടീച്ചറിൽ നിന്നും ഉണ്ടായത്.

സിപിഎമ്മിന് ഞെട്ടൽ:

അതേസമയം കെ കെ ശൈലജയിൽ നിന്ന് ഉയർന്ന വിമർശനം സിപിഎമ്മിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. മുൻ ആരോഗ്യ മന്ത്രിയും മുതിർന്ന നേതാവുമായ ഷൈലജ ടീച്ചർ ജനങ്ങൾക്കിടയിൽ മികച്ച പ്രതിച്ഛായ ഉള്ള ആളാണ്. കോ വിഡ് പ്രതിരോധത്തെ ചൊല്ലി കേരള മോഡൽ രൂക്ഷമായ വിമർശനങ്ങൾ നേരിടുന്ന ഈ സമയത്ത് പലപ്പോഴും കെ കെ ശൈലജയെ തിരിച്ചു വിളിക്കുക എന്ന മുറവിളിയും ഉയരുന്നുണ്ട്. പാർട്ടി നേതൃത്വവുമായി ഭിന്നതയില്ല എന്ന് പുറമേ വ്യക്തമാക്കുന്നുണ്ട് എങ്കിലും കെ കെ ശൈലജയുടെ അതൃപ്തി തന്നെയാണ് സഭയ്ക്കുള്ളിലെ വിമർശന രൂപത്തിൽ പുറത്തുവന്നിരിക്കുന്നത്.

സർക്കാർ വിവിധ വിഭാഗങ്ങളിൽ പെടുന്ന ജനങ്ങളുടെ പ്രതിസന്ധി പരിഹരിക്കുവാൻ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നില്ല എന്ന് തന്നെയാണ് ശൈലജ ടീച്ചർ പറഞ്ഞ വാക്കുകളുടെ അന്തരാർത്ഥം. കിറ്റ് കൊടുത്തതുകൊണ്ട് പട്ടിണി മാറും പക്ഷേ യഥാർത്ഥ പ്രതിസന്ധി അവിടെ തന്നെ നിലനിൽക്കുന്നു എന്ന് മുതിർന്ന ഒരു ഭരണപക്ഷ അംഗം തന്നെ ചൂണ്ടിക്കാട്ടുമ്പോൾ അത് പിണറായി സർക്കാരിന് നേരെയുള്ള ശക്തമായ ഉൾപ്പാർട്ടി വിമർശനമായി തന്നെ കാണാൻ കഴിയൂ. അതുകൊണ്ടുതന്നെ സിപിഎമ്മിനുള്ളിൽ വരുംദിവസങ്ങളിൽ ഇതു വലിയ ചർച്ചയും കോലാഹലവും ആകാനുള്ള സാധ്യതയുമുണ്ട്. പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കുന്ന അവസരത്തിൽ ഒരുപക്ഷേ കെ കെ ശൈലജ എന്ന മുൻ ആരോഗ്യ മന്ത്രി പാർട്ടിക്കുള്ളിൽ വെട്ടിനിരത്തപ്പെടാനും ഇത് കാരണമാകാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക