യുവാക്കള്‍ പാർട്ടി നേതൃത്വത്തില്‍ വരാത്തതിന് കാരണം ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളാണെന്നു പിസി വിഷ്ണുനാഥ് എംഎല്‍എ. യുവാക്കളെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നതില്‍ ഉമ്മൻചാണ്ടി മാതൃകയാണെന്നും മാതൃഭൂമി സംഘടിപ്പിച്ച അക്ഷരോത്സവത്തില്‍ ഉമ്മൻചാണ്ടിയുടെ ‘കാലം സാക്ഷി’ എന്ന ആത്മകഥ വിഷയമാക്കിയ സംവാദത്തില്‍ വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.

യുവാക്കള്‍ പാർട്ടിയുടെ നേതൃത്വസ്ഥാനത്തേക്ക് വന്നോട്ടെ എന്ന് കരുതാനുള്ള ആത്മവിശ്വാസം ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ദിരാഗാന്ധിയെ പോലുള്ള നേതാക്കളുള്ള കാലത്ത് വയലാർ രവി 32-ാം വയസില്‍ പ്രവർത്തക സമിതിയില്‍ വന്നു. ഉമ്മൻചാണ്ടി പല സ്ഥലങ്ങളില്‍ നിന്നാണ് ഞങ്ങളെയൊക്കെ കണ്ടെത്തി നേതൃത്വത്തിലേയ്ക്ക് കൊണ്ടുവന്നത്. അല്ലെങ്കില്‍ എന്നെ പോലുള്ളവർക്ക് നേതാവോ എംഎല്‍എയോ ആകാൻ കഴിയുമായിരുന്നില്ല. 2011ല്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പത്ത് ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടായിരുന്നു. ഏറ്റവും ചെറുപ്പക്കാരായവരോടു പോലും ആശയവിനിമയം നടത്താൻ കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹം’- വിഷ്ണുനാഥ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്യാനുള്ള ശേഷി പഴയ തലമുറയ്ക്ക് ഉണ്ടായിരുന്നുവെന്ന് കാലം സാക്ഷിയുടെ എഡിറ്ററായ സണ്ണിക്കുട്ടി എബ്രഹാം പ്രതികരിച്ചു. ‘ന്യൂഡല്‍ഹിയില്‍ പിടിയുള്ളവരുടെ കൂടെ നിന്നാല്‍ മതിയെന്നാണ് ഇന്നത്തെ സ്ഥിതി. പഴയ തലമുറയുടെ അസ്തമയത്തോടെയാണ് കെ കരുണാകരൻ, ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയവരൊക്കെ വന്നത്. എംഎ ജോണിനെപ്പോലുള്ളവർ ഈ തലമുറയെ ആശയപരമായും ആദർശപരമായും വളർത്തിയെടുക്കുന്നതില്‍ പങ്കുവഹിച്ചു. വിദ്യാർത്ഥി സമരക്കാരെ പൊലീസ് അടിച്ചമർത്തുമ്ബോള്‍ ലാത്തി പുല്ലാങ്കുഴലല്ല എന്നായിരുന്നു ഇഎംഎസിന്റെ ന്യായീകരണം. കാറ്റ് വിതച്ച്‌ കൊടുങ്കാറ്റ് കൊയ്യരുതെന്ന് ഇഎംഎസിന്റെ മുഖത്ത് നോക്കി പറയാൻ ഉമ്മൻ ചാണ്ടി ധൈര്യം കാട്ടി’- സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക