കോഴിക്കോട്: സ്വകാര്യ സന്ദർശനത്തിനായി ഏതാനും ദിവസങ്ങളായി കോഴിക്കോട്ടുള്ള ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടെ സുരക്ഷയിലുണ്ടായ വീഴ്ച കേരള പോലീസിന് തലവേദനയാകും. കോഴിക്കോട് നഗരത്തില്‍ ഞായറാഴ്ച വൈകിട്ടോടെ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ച്‌ കയറ്റിയ യുവാവിനെ സുരക്ഷാവീഴ്ചയുടെ പേരില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ഒരു മണിക്കൂർ കൊണ്ട് വിട്ടയച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ്റെയും മുൻ എംഎല്‍എ കെ.കെ.ലതികയുടെയും മകൻ ജൂലിയസ് നികിതാസ് ആണ് പിടിയിലായത്.

ആളെ തിരിച്ചറിഞ്ഞയുടൻ പെറ്റിക്കേസ് ചുമത്തി വിട്ടയക്കുകയായിരുന്നു. സെഡ് ക്യാറ്റഗറി സുരക്ഷയാണ് ഗോവ ഗവർണർക്കുള്ളത്. ഇൻസ്പെക്ടർ റാങ്കിലുള്ള പോലീസ് ഓഫീസറുടെ അകമ്ബടിയും അഡ്വാൻസ് പൈലറ്റും അകമ്ബടി വാഹനവുമാണ് ഇതിലുള്ളത്. ഇത്രയും പോലീസ് വാഹനങ്ങള്‍ക്ക് പുറമെ ആംബുലൻസ്, ഫയർ ഫോഴ്സ് എന്നിവയും ഉണ്ടാകും. ഇതിൻ്റെയെല്ലാം ഇടയിലേക്കാണ് ജൂലിയസ് കാറോടിച്ച്‌ കയറ്റിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗോവ രാജ്ഭവൻ വൃത്തങ്ങള്‍ ഇതേക്കുറിച്ച്‌ പറയുന്നത് ഇങ്ങനെ: “കാർ ഓടിച്ചുവന്നയാളെ അകമ്ബടി പോലീസുകാർ രണ്ട് തവണ വിലക്കുന്നത് കണ്ടു. എന്നാല്‍ ഇത് പരിഗണിക്കാതെ വീണ്ടും മുന്നോട്ട് കയറാൻ ശ്രമിക്കുകയായിരുന്നു. ഇത് ബോധപൂർവമാണ് എന്നാണ് മനസിലായത്. പോലീസുകാർ ഇടപെടുന്നതും കാർ തടഞ്ഞുവയ്ക്കുന്നതും കണ്ടതിനാല്‍ കൂടുതല്‍ ഇടപെട്ടില്ല.” ഗവർണർക്കൊപ്പം സഞ്ചരിച്ചവർ രാജ്ഭവനെ വിഷയം ധരിപ്പിച്ചത് ഇങ്ങനെയാണ്.

ഡ്രൈവറെയും കാറും പോലീസ് കസ്റ്റഡിയിലെടുത്ത് കസബ സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ഇതിനിടയില്‍ ബലപ്രയോഗം വേണ്ടിവന്നപ്പോള്‍ ഉദ്യോഗസ്ഥർ പോലീസ് മുറ പുറത്തെടുക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ആളെ തിരിച്ചറിഞ്ഞപ്പോള്‍ കേസെടുക്കാനും കേസില്ലാതെ വെറുതെ വിടാനും കഴിയാത്ത അവസ്ഥയായി. ഇതോടെയാണ് പേരിനൊരു പിഴ ചുമത്താൻ തീരുമാനിച്ച്‌ 1000 രൂപയില്‍ ഒതുക്കിയത്. വിഷയം ഗോവ രാജ്ഭവൻ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുമെന്ന് ഉറപ്പായതിനാല്‍ അത്രയെങ്കിലും വേണ്ടിവരുമെന്ന് പോലീസ് ഉന്നതരെയും ധരിപ്പിച്ചു.

പിണറായിയെ കരിങ്കൊടി കാണിച്ചാൽ കൊലപാതകശ്രമം; ഗവർണറുടെ മെക്കിട്ട് കേറിയാൽ പെറ്റി കേസും

നവ കേരള യാത്രയ്ക്കിടെ ജനാധിപത്യ പ്രതിഷേധങ്ങളുടെ ഭാഗമായി പിണറായി വിജയനെ കരിങ്കൊടി കാണിച്ച കെഎസ്‌യു യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകരെ പോലീസ് മൃഗീയമായിട്ടാണ് നേരിട്ടത്. പ്രതിഷേധക്കാരെ പോലീസ് സാന്നിധ്യത്തിൽ ഡിവൈഎഫ്ഐക്കാരും തല്ലി ചതച്ചു. ഇതിന്നെയെല്ലാം ന്യായീകരിച്ച് മുഖ്യമന്ത്രി ജീവൻ രക്ഷാപ്രവർത്തന വാദവുമായി രംഗത്തെത്തി. ചവിട്ടും ലാത്തിചാർജും മാത്രമല്ല വധശ്രമം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പോലീസ് പ്രതിപക്ഷ കക്ഷികളുടെ പ്രവർത്തകർക്കെതിരെ കേസെടുത്തത്.

എന്നാൽ ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് അപകടകരമാംവിധം വാഹനം ഓടിച്ചുകയറ്റിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനെതിരെ ആയിരം രൂപയുടെ പെറ്റി കേസ് മാത്രമാണ് ചുമത്തിയിരിക്കുന്നത്. പൊലീസിന്റെ ഭരണപക്ഷ പക്ഷപാതിത്വം വ്യക്തമാക്കുന്ന സംഭവമാണിത്. സിപിഎം നടത്തുന്ന അധികാര ദുർവിനിയോഗത്തിന്റെ ഏറ്റവും ഗൗരവമേറിയ ഉദാഹരണം കൂടിയാണ് സംഭവം. ബിജെപി വിഷയം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയ ഇടപെടൽ ഉണ്ടായാൽ പല പോലീസുകാരുടെയും തൊപ്പി തെറിക്കും എന്നും ഉറപ്പാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക