തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ ഇഡി നടപടി എടുത്തപ്പോള്‍ അതിനെ പ്രതിരോധിക്കാൻ സിപിഎം തയ്യാറായിരുന്നില്ല. എന്നാല്‍, കോടിയേരിയുടെ സ്ഥാനത്ത് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനായകപ്പോള്‍ മകള്‍ വീണ വിജയന് വേണ്ടി പ്രതിരോധം തീർക്കാൻ സിപിഎം അരയും തലയും മുറുക്കി രംഗത്തു വരികയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിയായ എക്‌സാലോജിക്കിന് എതിരായ അന്വേഷണം മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് സിപിഎം വിലയിരുത്തല്‍. അതുകൊണ്ടാണ് എസ്‌എഫ്‌ഐഒ അന്വേഷണത്തെ പ്രതിരോധിച്ചു കൊണ്ട് പാർട്ടി നേതാക്കള്‍ രംഗത്തു വരുന്നതും.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പു അടുത്ത പശ്ചാത്തലത്തില്‍ ഇനിയുള്ള മാസങ്ങള്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും കടുത്ത പരീക്ഷണങ്ങളും കാലമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പു വേളില്‍ നേതാക്കളെ വരുതിയില്‍ നിർത്തുന്ന വിധത്തിലുള്ള അന്വേഷണമായി എസ്‌എഫ്‌ഐഒ അന്വേഷണം മാറുമോ എന്നാണ് അറിയേണ്ടത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്ബനിയുടെ ഇടപാടുകള്‍ സംബന്ധിച്ച്‌ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്‌എഫ്‌ഐഒ) നടത്തുന്ന അന്വേഷണം പൂർത്തിയാക്കാൻ എട്ടു മാസത്തെ സമയാണ് കേന്ദ്രസർക്കാർ നിശ്ചയിച്ചിരിക്കുന്നത്. എക്‌സാലോജിക്കിന്റെ ഇടപാടുകള്‍ ദുരൂഹമാണെന്നും ക്രമക്കേടുകളുണ്ടെന്നും കമ്ബനിയുടെ പ്രവർത്തനം മരവിപ്പിക്കാൻ തെറ്റായ രേഖകള്‍ ഹാജരാക്കിയെന്നും രജിസ്റ്റ്രാർ ഓഫ് കമ്ബനീസ് (ആർഒസി) നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഉന്നത അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരഞ്ഞെടുപ്പു ഘട്ടത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കഠിനമായ നടപടികള്‍ കേന്ദ്ര ഏജൻസിയുടെ ഭാഗത്തു നിന്നുണ്ടാകുമോ എന്ന ആശങ്കയും ഇടതുകേന്ദ്രങ്ങളിലുണ്ട്. ജാർഖണ്ഡിൽ മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ തന്നെ കേന്ദ്ര ഏജൻസികൾ കസ്റ്റഡിയിലെടുത്തു. അതുകൊണ്ട് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയാൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ കസ്റ്റഡിയിലെടുക്കാനും കേന്ദ്രം മടിക്കില്ല എന്ന് സിപിഎമ്മിന് നന്നായി അറിയാം. കരാർ അനുസരിച്ചുള്ള സേവനങ്ങളൊന്നും നല്‍കാതെയാണ് എക്‌സാലോജിക് വൻതുക കരിമണല്‍ കമ്ബനിയായ കെഎംആർഎല്ലില്‍ നിന്നു കൈപ്പറ്റിയിരുന്നതെന്ന് ആദായ നികുതി സെറ്റില്‍മെന്റ് ബോർഡിന്റെ ഉത്തരവില്‍ വ്യക്തമാക്കിയപ്പോള്‍ വീണയോട് വിശദീകരണം ചേദിച്ചില്ലെന്നായിരുന്നു സിപിഎമ്മും മുഖ്യമന്ത്രിയും ഉയർത്തിയ പ്രതിരോധം. എന്നാല്‍ ആവശ്യപ്പെട്ടിട്ടും ഇടപാടുകള്‍ സംബന്ധിച്ച്‌ മതിയായ വിശദീകരണവും രേഖകളും വീണ നല്‍കിയില്ലെന്നും തെറ്റായ രേഖകള്‍ നല്‍കിയെന്നുമാണ് ആർഒസി റിപ്പോർട്ടില്‍ പറയുന്നത്.

എസ്‌എഫ്‌ഐഒ അന്വേഷണത്തില്‍ ഉടൻ തുടർ നടപടികള്‍ ഉടൻ തന്നെ ഉണ്ടാകുമെന്നാണ് സൂചനകള്‍. എക്‌സാലോജിക്കില്‍ നിന്നും സിഎംആർഎല്ലില്‍ നിന്നും കെഎസ്‌ഐഡിസിയില്‍ നിന്നും അടുത്താഴ്ച തന്നെ വിശദാംശങ്ങള്‍ തേടും. 3 കമ്ബനികളുടെയും ഇടപാടുകള്‍ വിശദമായി പരിശോധിക്കും. കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആർഒസി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരീസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഏറ്റെടുക്കുന്നത്. എക്‌സലോജിക്കും സിഎംആർഎല്ലിനും പുറമെ കെഎസ്‌ഐഡിസിയും റഡാറിലാണ്.എക്‌സലോജിക്കുമായുള്ള ഇടപാടിന് പുറമെ, ഇന്ററിം സെറ്റില്‍മെന്റ് ബോർഡ് ഉത്തരവില്‍ സിഎംആർഎല്ലുമായി ബന്ധപെട്ട് പറയുന്ന ഇടപാടുകളിലും അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.

അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്നുള്ള സാഹചര്യം യോഗത്തില്‍ ചർച്ചയായേക്കും. കേന്ദ്ര കമ്മറ്റിയംഗം എ.കെ.ബാലൻ ഇന്നലെ മുഖ്യമന്ത്രിയെയും മകളെയും പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു. എക്‌സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന നിലപാടാണ് തുടക്കം മുതല്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്. കേന്ദ്ര ബജറ്റിന്റെ അവലോകനവും യോഗത്തിലുണ്ടാകും. എട്ടിന് ഡല്‍ഹിയില്‍ നടത്തുന്ന കേന്ദ്ര വിരുദ്ധ സമരത്തിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും.

ഏതായാലും ഇനി കേരള രാഷ്ട്രീയം കണ്ണ് നട്ട് കാക്കുന്നത് എസ്എഫ്ഐഒ എന്ന കേന്ദ്ര ഏജൻസിയുടെ തുടർ നീക്കങ്ങളാണ്. അന്വേഷണം വീണ വിജയനപ്പുറം കരിമണൽ കർത്തായിലേക്കും സിഎംആർഎല്ലിലേക്കും കടന്നാൽ യുഡിഎഫിനും ആശങ്കയുണ്ട്. രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള യുഡിഎഫിന്റെ മുതിർന്ന നേതാക്കളിൽ ചിലരുടെയും പേരുകൾ സിഎംആർഎൽ രേഖകളിൽ പരാമർശിച്ചിട്ടുള്ളതാണ് കാരണം. ഒരു പരിധിവരെ മാസപ്പടി വിഷയത്തിൽ ഒറ്റയാൾ പോരാട്ടം നടത്തിയ മാത്യു കുഴൽനാടന് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പിന്തുണ ലഭിക്കാതെ പോയതും ഇക്കാര്യങ്ങൾ കൊണ്ട് തന്നെയാണ്. അതിനാൽ തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ പേരിൽ ചുവടുറപ്പിക്കാൻ വീണയുടെ മാസപ്പടി വഴിയൊരുക്കുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക