കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെച്ചു. രാജ്ഭവനിലെത്തി ഗവർണർ സി.പി. രാധാകൃഷ്ണന് ഹേമന്ത് സോറൻ രാജിക്കത്ത് കൈമാറി. നിലവിലെ ഗതാഗതമന്ത്രിയായ ചംപൈ സോറനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തതായി ജെ.എം.എം. എം.എല്‍.എമാർ അറിയിച്ചു.

ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ഇ.ഡി. ഹേമന്ദ് സോറനെ ബുധനാഴ്ച രാവിലെമുതല്‍ ചോദ്യംചെയ്തുവരികയായിരുന്നു. ഇതോടെ സോറനെ അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹം പരന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചോദ്യംചെയ്യല്‍. കസ്റ്റഡിയിലുള്ള സോറൻ ഇ.ഡി. ഉദ്യോഗസ്ഥർക്കൊപ്പം രാജ്ഭവനിലെത്തിയാണ് ഗവർണർക്ക് രാജിക്കത്ത് കൈമാറിയതെന്ന് ജെ.എം.എം. എം.പി. മഹുവ മാജി അറിയിച്ചു. ചംപൈ സോറൻ മുഖ്യമന്ത്രിയാവുമെന്ന് ഇവർ സ്ഥിരീകരിച്ചു. ഭരണകക്ഷി എം.എല്‍.എമാർക്കൊപ്പം രാജ്ഭവനിലെത്തി ചംപൈ സോറൻ ഗവർണറെ കണ്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ, ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറൻ മുഖ്യമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തിരച്ചില്‍നടപടിക്കിടെ ഡല്‍ഹിയില്‍നിന്ന് അപ്രത്യക്ഷനായ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ 30 മണിക്കൂറുകള്‍ക്കുശേഷം റാഞ്ചിയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു. തിങ്കളാഴ്ച സോറന്റെ ഡല്‍ഹിയിലെ വീട്ടില്‍ പരിശോധനയ്ക്കെത്തിയ ഇ.ഡി. സംഘത്തിന് അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. 13 മണിക്കൂർനീണ്ട തിരച്ചിലില്‍ വീട്ടില്‍നിന്ന് 36 ലക്ഷം രൂപയും ചില സുപ്രധാനരേഖകളും ഇ.ഡി. സംഘം പിടിച്ചെടുത്തു. വീട്ടില്‍ നിർത്തിയിട്ടിരുന്ന ബി.എം.ഡബ്ള്യു. ആഡംബരക്കാർ കസ്റ്റഡിയിലെടുത്തു.

ഒടുവില്‍ ചൊവ്വാഴ്ച ഉച്ചയോടെ റാഞ്ചിയില്‍ അടിയന്തരമായി വിളിച്ച എം.എല്‍.എ.മാരുടെ യോഗത്തിലാണ് സോറൻ പ്രത്യക്ഷപ്പെട്ടത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ ദിവസം ഡല്‍ഹിക്കുപോയെന്നായിരുന്നു വിശദീകരണം.കഴിഞ്ഞ 20-ന് റാഞ്ചിയിലെ ഔദ്യോഗിക വസതിയിലെത്തി ഇ.ഡി. ഉദ്യോഗസ്ഥർ സോറനെ ചോദ്യംചെയ്തിരുന്നു. തുടർന്ന് 29-നോ 31-നോ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസും നല്‍കി. ഇതിനു കൃത്യമായ മറുപടിനല്‍കാതെ ഞായറാഴ്ച സോറൻ റാഞ്ചിയില്‍നിന്ന് ഡല്‍ഹിയിലേക്കുപോയി. ഇതോടെയാണ് ഇ.ഡി. സംഘം ഡല്‍ഹിയിലെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക