തിരുവനന്തപുരം: കെ.എം. മാണിയെ ചതിച്ചതും ധൃതരാഷ്ട്രാലിംഗനം നടത്തിയതും ആരെന്ന തര്‍ക്കത്തില്‍ ചൂടുപിടിച്ച്‌ കേരള നിയമസഭ. സിപിഎമ്മിന് കേരളാ കോണ്‍ഗ്രസിനോടുള്ള ഇപ്പോഴത്തെ സ്നേഹം ധൃതരാഷ്ട്രാലിംഗനമാണെന്നാണ് യുഡിഎഫ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍ മാണിയെ ചതിച്ചതും ധൃതരാഷ്ട്രാലിം​ഗനം നടത്തിയതും യുഡിഎഫും കോണ്‍​ഗ്രസ് നേതാക്കളുമാണെന്നു കേരളാ ​കോണ്‍​ഗ്രസ് എംഎല്‍എ ജോബ് മൈക്കിള്‍ തിരിച്ചടിച്ചു.

മാണിയെ ആക്ഷേപിച്ചവര്‍ക്കൊപ്പമിരിക്കാന്‍ നാണമുണ്ടോയെന്ന് വി.ഡി. സതീശന്‍:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

 കെ.എം. മാണി അഴിമതിക്കാരനാണെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. കേരള കോണ്‍ഗ്രസ് എതിര്‍ത്തപ്പോള്‍ ആ വാദം പിന്‍വലിച്ചു. കോഴ വാങ്ങിയത് മാണി ആണെങ്കിലും നാണക്കേട് കേരളത്തിനാണെന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആക്ഷേപിച്ചത്. കേഴ വാങ്ങിയ മാണി കോഴപ്പണം എണ്ണാന്‍ വീട്ടില്‍ യന്ത്രം സൂക്ഷിച്ചെന്നു വരെ ആക്ഷേപിച്ചു.

നാണക്കേടിന്റെ ഇരിക്കപ്പിണ്ഡമായ മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ മിസ്റ്റര്‍ ഉമ്മന്‍ ചാണ്ടി നിങ്ങള്‍ക്ക് നാണമുണ്ടോ എന്നു പോലും ചോദിച്ചു. ഇങ്ങനെ ആക്ഷേപിച്ചവര്‍ക്കൊപ്പം ഇപ്പോള്‍ മന്ത്രിയായി ഇരിക്കാന്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിക്ക് നാണമുണ്ടോ? കേരള കോണ്‍ഗ്രസുകാരെ ചേര്‍ത്തു പിടിച്ചിരിക്കുന്നത് ധൃതരാഷ്ട്രാലിംഗനമാണ്.

എം.വി. രാഘവനെ വലിച്ച്‌ നിലത്തിട്ട് ചവിട്ടിക്കൂട്ടിയിട്ടയതിന്റെ പശ്ചാത്താപം തീര്‍ക്കാന്‍ മകന് നിയമസഭാ സീറ്റ് നല്‍കി. അതുപോലെ കെ. എം. മാണിയുടെ മകനെ എ.കെ.ജി. സെന്ററില്‍ കൊണ്ടിരുത്തിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
നേരത്തേ അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ച പി.ടി.തോമസും കടുത്ത വിമര്‍ശനമാണ് കേരളാകോണ്‍​ഗ്രസ് എമ്മിനെതിരേ ഉന്നയിച്ചത്. കെ.എം. മാണി അടക്കം കൊടുത്ത കേസിനെയാണോ സര്‍ക്കാര്‍ നിലപാടിനെയാണോ കേരളാ കോണ്‍​ഗ്രസ് (എം) പിന്തുണയ്ക്കുന്നതെന്ന് പി.ടി. തോമസ് ചോദിച്ചു.

കത്തോലിക്കാ സഭയാണ് വിശുദ്ധന്മാരെ പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ സിപിഎമ്മിന് അധികാരം നല്‍കിയാല്‍ മാണിയെ വിശുദ്ധനായി പ്രഖ്യാപിക്കും. മാണി ജീവിച്ചിരുന്നപ്പോള്‍ മുഴുവന്‍ കേരളം കണികണ്ടുണരുന്ന കള്ളന്‍ എന്നു വിളിച്ചവരാണ് സിപിഎമ്മുകാര്‍. കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മയെപ്പോലും അപമാനിച്ചു. നോട്ടെണ്ണുന്ന യന്ത്രം കുട്ടിയമ്മയുടെ കൈയില്‍ ഉണ്ടെന്നായിരുന്നു പരിഹാസമെന്നും പി.ടി. തോമസ് പറഞ്ഞു.

യുഡിഎഫ് നേതാക്കളുടെ വിമർശനങ്ങൾ ക്കെതിരെ കടുത്ത ഭാഷയിലാണ് കേരള കോൺഗ്രസ് എം എൽ എ ജോബ് മൈക്കിൾ പ്രതികരിച്ചത്. എന്നാൽ മന്ത്രി റോഷി അഗസ്റ്റിനും, ചീഫ് വിപ്പ് എൻ ജയരാജും, മറ്റ് കേരള കോൺഗ്രസ് എംഎൽഎമാരും വിഷയം ഏറ്റു പിടിച്ചില്ല എന്നതും ശ്രദ്ധേയമായി. ഏതായാലും കെഎംമാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉണ്ടായ കയ്യാങ്കളി കേസ് സജീവമാകുന്നതോടെ കേരള കോൺഗ്രസ് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് നേരിടുന്നത്. ജോസ് കെ മാണി ഉൾപ്പെടെ സർക്കാരിനെ ന്യായീകരിച്ച് മുന്നിൽ വന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പരിഹാസമാണ് ഉയരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക