അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണത്തിനായി തയാറാക്കിയ എല്‍ഇഡി സ്ക്രീനുകള്‍ തമിഴ്നാട് പൊലീസ് പിടിച്ചെടുത്തു. പിന്നാലെ വിഷയത്തില്‍ ഇടപെട്ട് സുപ്രീം കോടതി. പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണമോ അന്നദാനമോ വിലക്കരുതെന്ന് തമിഴ്നാട് സർക്കാരിന് സുപ്രീം കോടതി നിർദേശം നല്‍കി. അനുമതി തേടിയാല്‍ നിയമപരമായി അനുമതി നല്‍കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന പ്രദേശമെന്ന കാരണം ചൂണ്ടിക്കാട്ടി വിലക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തല്‍സമയ സംപ്രേഷണത്തിന് സജ്ജീകരിച്ച നാനൂറോളം സ്ക്രീനുകള്‍ തമിഴ്നാട് പൊലീസ് പിടിച്ചെടുത്തത്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.കാമാക്ഷി അമ്മൻ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന എല്‍ഇഡി സ്ക്രീനുകളും പൊലീസ് പിടിച്ചെടുത്തു. കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഇവിടെയെത്തി ചടങ്ങുകള്‍ തത്സമയം വീക്ഷിക്കുമെന്ന് അറിയിച്ചിരുന്നു.
തമിഴ്നാട് പൊലീസിന്റെ നടപടിക്കെതിരെ സംസ്ഥാന ബിജെപിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് എല്ലാവിധ പൂജകളും അർച്ചനയും അന്നദാനവും ഭജനകള്‍ നടത്തുന്നതും തമിഴ്നാട് സർക്കാർ നിരോധിച്ചതായി ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ആരോപിച്ചായിരുന്നു ഹർജി.ഡിഎംകെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ, അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ക്ഷേത്രങ്ങളിലെ തല്‍സമയ സംപ്രേഷണം നിരോധിച്ചിരിക്കുകയാണെന്നും ഹർജിയിലുണ്ട്. അഭിഭാഷകനായ ജി ബാലാജി വഴിയാണ് ബിജെപി ഹർജി ഫയല്‍ ചെയ്തത്.
കോടതിയുടെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ അത് ക്രമസമാധാന പ്രശ്നങ്ങള്‍ക്കും ഭരണഘടനാ സ്ഥാപനങ്ങളുടെ പരാജയത്തിനും കാരണമാകുമെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് സുപ്രീം കോടതി അടിയന്തരമായി ഹർജി പരിഗണിക്കുകയായിരുന്നു.അതേസമയം, ഹർജിയില്‍ ആരോപിക്കുന്നതുപോലുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഇല്ലെന്ന് തമിഴ്നാട് സർക്കാർ വാദിച്ചു. ഹർജി രാഷ്ട്രീയപ്രേരിതമാണെന്നും സർക്കാർ ആരോപിച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തല്‍സമയ സംപ്രേഷണത്തിനോ പൂജകള്‍ക്കോ അർച്ചനകള്‍ക്കോ അന്നദാനത്തിനോ ഭജനയ്ക്കോ യാതൊരുവിധ നിയന്ത്രണവും വിലക്കും തമിഴ്നാട്ടില്‍ ഇല്ലെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.