ഒരു വിദേശ യാത്ര ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.അമിത ചെലവാണ് പലരെയും ഈ ആഗ്രഹത്തില്‍ നിന്നും പിന്നോട്ട് വലിക്കുന്നത്. യൂറോയുടെയും ഡോളറിന്‍റെയുമൊക്കെ മൂല്യം കൂടുന്നതനുസരിച്ച്‌ കൂടുതല്‍ ഇന്ത്യന്‍ രൂപ ചെലവാക്കേണ്ടി വരുന്നത് സഞ്ചാരികള്‍ക്ക് വലിയ പ്രശ്നം തന്നെയാണ്. എന്നാല്‍ ഇന്ത്യന്‍ രൂപ അത്ര മോശമൊന്നുമല്ല. രൂപയെക്കാള്‍ മൂല്യം കുറവുള്ള കറന്‍സിയുള്ള രാജ്യങ്ങളില്‍ രൂപ രാജാവാണ്. ഇത്തരമിടങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ യാത്ര പോകാനാകും. എന്നാല്‍ ചിലയിടങ്ങളില്‍ ജീവിതച്ചെലവു കൂടുതലായതിനാല്‍ ഇന്ത്യന്‍ രൂപയ്ക്ക് മൂല്യം കൂടുതലായിട്ടും കാര്യമൊന്നുമില്ല എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്

ഇന്തൊനീഷ്യ: പ്രകൃതിസ്നേഹികള്‍ മുതല്‍ സാഹസിക സഞ്ചാരികള്‍ വരെ, എല്ലാത്തരം യാത്രക്കാര്‍ക്കും എന്തെങ്കിലുമൊക്കെ കാത്തുവച്ചിരിക്കുന്ന ഇടമാണ് ഇന്തൊനീഷ്യ. ഏകദേശം 17,000 ദ്വീപുകളും കടലോരങ്ങളും വിശാലമായ നെല്‍പാടങ്ങളും അഗ്നിപര്‍വതങ്ങളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം സഞ്ചാരികളുടെ കണ്ണിനു വിരുന്നൊരുക്കുന്നു. ഹണിമൂണ്‍ ആഘോഷിക്കുന്നവരുടെ പ്രിയപ്പെട്ട ബാലി അടക്കം, ഇന്തൊനീഷ്യയില്‍ ജനപ്രിയമായ ഒട്ടേറെ ഇടങ്ങളുണ്ട്. ഇന്ത്യയിലെ ഒരു രൂപയെന്നാല്‍ 186.44 ഇന്തൊനീഷ്യന്‍ രൂപയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കംബോഡിയ: കംബോഡിയയുടെ 49.40 റിയലിന് തുല്യമാണ് ഒരു ഇന്ത്യന്‍ രൂപ. യുനെസ്കോയുടെ ലോക പൈതൃകസ്മാരകമായ അങ്കോര്‍വാട്ട് ക്ഷേത്രം ഉള്‍പ്പെടെ, ചരിത്രപരമായ ഒട്ടേറെ നിര്‍മിതികളും പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്ന ബീച്ചുകളും വനപ്രദേശങ്ങളുമെല്ലാം കംബോഡിയയിലേക്ക് ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഒരിക്കല്‍ വീസ ലഭിച്ചാല്‍ 30 ദിവസം വരെ കംബോഡിയയില്‍ തങ്ങാം.

വിയറ്റ്നാം: ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയരാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. പുരാതനമായ ഹോയ് ആന്‍ നഗരം, വിന്‍ഡ് സര്‍ഫിങ്ങിനും കൈറ്റ് സര്‍ഫിങ്ങിനും പ്രശസ്തമായ മുയി നേ, യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റായ ഹ്യുവേ, ബാക് ഹാ ഹില്‍സ്റ്റേഷന്‍, ഹാ ലോംഗ് ബേ തുടങ്ങി ജനപ്രിയമായ ഒട്ടേറെ ഇടങ്ങള്‍ വിയറ്റ്‌നാമിലുണ്ട്. റൂഫ്‌ടോപ്പ് ബാറുകളും ലൈവ് മ്യൂസിക് കഫേകളുമുള്ള ഹോ ചി മിൻ സിറ്റിയുടെ ജീവന്‍ തുടിക്കുന്ന നൈറ്റ് ലൈഫും സാപ്പയിലെ ട്രെക്കിങ്ങുമെല്ലാം വിയറ്റ്‌നാം യാത്ര ഉത്സവസമാനമാക്കും. ഒരു ഇന്ത്യന്‍ രൂപ എന്നാല്‍ 292.87 വിയറ്റ്നാമീസ് ഡോങ്ങിന് തുല്യമാണ്.

പരാഗ്വേ: തെക്കേ അമേരിക്കയുടെ ഹൃദയം എന്ന് വിളിക്കപ്പെടുന്ന പരാഗ്വേ ഫിഷിങ്, ഗോള്‍ഫ് മുതലായവയ്ക്ക് പ്രശസ്തമാണ്. തെക്കേ അമേരിക്കയില്‍ സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായി സന്ദര്‍ശിക്കാവുന്ന രാജ്യങ്ങളില്‍ ഒന്നുകൂടിയാണ് പരാഗ്വേ. ഒരു ഇന്ത്യന്‍ രൂപ 87.81 പരാഗ്വായന്‍ ഗുവാരാനിക്ക് തുല്യമാണ്. എന്നാല്‍ ഇന്ത്യയെ അപേക്ഷിച്ച്‌, 36% ജീവിതച്ചെലവ് കൂടുതലാണ് ഇവിടെ. സാള്‍ട്ടോസ് ഡെല്‍ മണ്‍ഡേ വെള്ളച്ചാട്ടം, ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുതി അണക്കെട്ടുകളില്‍ ഒന്നായ ഇറ്റായിപ്പു ഡാം, വര്‍ണ്ണാഭമായ വീടുകള്‍ നിറഞ്ഞ മൻസാന ഡി ലാ റിവേര, കൊളോണിയല്‍ കാലത്തെ അരേഗുവാ പട്ടണം, യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ലാ സാന്റിസിമ ട്രിനിഡാഡ് ഡി പരാന, സെറോ കോറ നാഷണല്‍ പാര്‍ക്ക്, ഇഗ്ലേഷ്യ ഡി യഗ്വാരോണ്‍ പള്ളി തുടങ്ങിയവയെല്ലാം പരാഗ്വേയിലെ ജനപ്രിയ ടൂറിസം കേന്ദ്രങ്ങളാണ്.

നേപ്പാള്‍: ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഏറ്റവും എളുപ്പം പോയി വരാവുന്ന രാജ്യമാണ് നേപ്പാള്‍. എവറസ്റ്റ് ബേസ് ക്യാംപ്, അന്നപൂര്‍ണ ട്രെക്കിങ് സര്‍ക്യൂട്ട്, യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളായ ലുംബിനി, സാഗര്‍മാതാ നാഷനല്‍ പാര്‍ക്ക് (എവറസ്റ്റ് കൊടുമുടിയുടെ ആസ്ഥാനം), കാഠ്മണ്ഡു താഴ്‌വര മുതലായവ നേപ്പാളിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങളാണ്. സാഹസിക സഞ്ചാരികള്‍ക്ക് ഒട്ടേറെ ട്രെക്കിങ് റൂട്ടുകള്‍ ഇവിടെയുണ്ട്. പൊഖാറയിലെ പാരാഗ്ലൈഡിങ്ങും ജനപ്രിയമാണ്. സഞ്ചാരികള്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ പോയി വരാവുന്ന ഇടമാണ് നേപ്പാള്‍. ഒരു ഇന്ത്യന്‍ രൂപ 1.60 നേപ്പാളീസ് രൂപയ്ക്ക് തുല്യമാണ്. മാത്രമല്ല, നേപ്പാളില്‍ താമസസൗകര്യത്തിനും ഭക്ഷണത്തിനുമൊന്നും അധികം പണം ചെലവാകില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക