ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന രക്ഷാദൗത്യമായ ‘ഓപ്പറേഷന്‍ ഗംഗ’യുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം രാജ്യതലസ്ഥാനത്തെത്തി. 29 മലയാളികള്‍ ഉള്‍പ്പെടെ 250 യാത്രക്കാരടങ്ങുന്ന സംഘമാണ് ഞായറാഴ്ച പുലര്‍ച്ചെ രാജ്യത്ത് മടങ്ങിയെത്തിയത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചേര്‍ന്ന് വിമാനത്താവളത്തില്‍ വെച്ച്‌ യാത്രക്കാരെ സ്വീകരിച്ചു.

മലയാളി വിദ്യാര്‍ഥികളെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് അയക്കുന്നത്. 16 പേര്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ കൊച്ചിയിലേക്ക് പോകും. വൈകീട്ടാണ് തിരുവനന്തപുരത്തേക്കുള്ള വിമാനം. യുക്രെയ്നില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ ഒരാള്‍ ഡല്‍ഹിയിലാണ് താമസം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് മലയാളി വിദ്യാള്‍ഥികളെ എത്തിക്കുക. ഇവര്‍ക്ക് സൗജന്യ യാത്രക്കുള്ള സൗകര്യം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പടുത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ വെച്ച്‌ സ്വീകരിക്കാന്‍ കലക്ടര്‍മാരെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് ഉച്ചയോടെ ഹംഗറിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം നാട്ടിലെത്തും. കൂടുതല്‍ വിമാനങ്ങള്‍ രക്ഷാ ദൗത്യത്തിനായി റുമേനിയയിലേക്കയക്കും ഓപ്പറേഷന്‍ ഗംഗ വഴി കൂടുതല്‍ ഇന്ത്യക്കാരെ വേഗത്തില്‍ തിരികെയെത്തിക്കുകയാണ് കേന്ദ്രം. റുമേനിയയിലും ഹംഗറിയിലും എത്തിയവര്‍ക്കായി പ്രത്യേക എയര്‍ ഇന്ത്യ വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 16000 ആളുകളാണ് ഇനി യുക്രൈനില്‍ നിന്ന് തിരികെ എത്താനുള്ളത്. ഇതില്‍ രണ്ടായിരത്തോളം മലയാളി വിദ്യാര്‍ഥികളുമുണ്ട്.

മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും നാളെ കൂടുതല്‍ വിമാനങ്ങള്‍ യുക്രെയ്ന്‍റെ അയല്‍ രാജ്യങ്ങളിലേക്ക് തിരിക്കും. യുക്രെയ്നിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ശനിയാ​ഴ​്ചയാണ് കേന്ദ്ര സര്‍ക്കാര്‍ ഓപ്പറേഷന്‍ ​ഗം​ഗക്ക് തുടക്കമിട്ടത്. യുക്രെയ്നില്‍ നിന്ന് റുമേനിയ അതിര്‍ത്തി കടന്ന മലയാളി വിദ്യാര്‍ഥികള്‍ അടക്കമുള്ള സംഘത്തെയാണ് ആദ്യം ഇന്ത്യയിലെത്തിച്ചത്.

യുദ്ധഭൂമിയായ യുക്രെയ്നില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം ശനിയാഴ്ച മുംബൈയിലെത്തി. ശനിയാഴ്ച വൈകീട്ടോടെയാണ് 219 യാത്രക്കാരുമായി വിമാനം മുംബൈയിലെത്തിയത്. ഇതില്‍ 27 പേര്‍ മലയാളികളായിരുന്നു. റഷ്യന്‍ അധിനിവേശം തുടങ്ങിയ ശേഷം യുക്രെയ്നില്‍ നിന്നുള്ള ആദ്യ വിമാനമാണിത്. ഒരു ഇന്ത്യക്കാരനെ പോലും യുക്രെയ്നില്‍ കുടുങ്ങാന്‍ അനുവദിക്കില്ലെന്ന് ആദ്യ വിമാനത്തിലെ ഇന്ത്യന്‍ സംഘത്തെ അഭിസംബോധന ചെയ്ത് റുമേനിയയിലെ ഇന്ത്യന്‍ അംബാസഡര്‍ രാഹുല്‍ ശ്രീവാസ്തവ പറഞ്ഞു.

നിലവില്‍ യുക്രെയ്നില്‍ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാരുമായി ആശയവിനിമയം നടത്തുന്നവര്‍ അവരെ രക്ഷിക്കാനുള്ള എല്ലാ വഴികളും ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അറിയിക്കണമെന്നും അംബാസഡര്‍ നിര്‍ദേശിച്ചു. ‘ഇനി ജീവിതത്തില്‍ എന്ത് പ്രതിസന്ധി വരു​മ്ബോഴും ഫെബ്രുവരി 26 എന്ന ഈ ദിവസം ഓര്‍മിക്കുക. ഓര്‍ക്കുക, എല്ലാം ശരിയാകും’ -അംബാസഡര്‍ പറഞ്ഞു. യുക്രെയ്നില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് താന്‍ നേരിട്ട് നേതൃത്വം നല്‍കുന്നുണ്ടെന്ന്, ആദ്യ വിമാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച്‌ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പറഞ്ഞു. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടവര്‍ 24 മണിക്കൂറും കര്‍മ്മനിരതരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക