കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസിന്റെ വമ്ബന്‍ വിജയങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനുഗോലു 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്റെ ഭാഗമാകില്ല. കോണ്‍ഗ്രസിന്റെ ‘ടാസ്‌ക് ഫോഴ്‌സ് 2024’ന്റെ ഭാഗമായിരുന്ന അദ്ദേഹം ഇപ്പോള്‍ ലോക്സഭ തിരഞ്ഞെടുപ്പിന് പകരം ഹരിയാന, മഹാരാഷ്ട്ര പ്രചാരണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതൊണ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ട് വര്‍ഷം മുമ്ബ് പ്രശാന്ത് കിഷോര്‍ ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങിയതിന് ശേഷം പാര്‍ട്ടിയുടെ പൊതുതെരഞ്ഞെടുപ്പ് തയ്യാറെടുപ്പുമായി ചര്‍ച്ചകള്‍ നടത്തി വന്നിരുന്ന രണ്ടാമത്തെ ഉന്നത തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്നു കനുഗോലു. രണ്ട് വര്‍ഷത്തിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ ടീം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏപ്രില്‍/മേയ് മാസങ്ങളിലെ ദേശീയ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അണിയറയില്‍ നയിക്കാൻ കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ഉണ്ടാകുമെന്നായിരുന്നു നേരത്തേയുള്ള വാര്‍ത്തകള്‍. ലോക്‌സഭാ പ്രചാരണത്തില്‍ അദ്ദേഹത്തിന്റെ അഭാവം “ചെറിയ തിരിച്ചടി”യാകുമെങ്കിലും ബി ജെ പിയില്‍ നിന്നും കൂടുതല്‍ സംസ്ഥാനങ്ങള്‍ തിരിച്ച്‌ പിടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാകുമെന്നാണ് ഒരു എഐസിസി ജനറല്‍ സെക്രട്ടറി വ്യക്തമാക്കുന്നത്.

കനുഗോലു നിലവില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവായും സേവനം അനുഷ്ടിക്കുന്നുണ്ട്. തെലങ്കാനയിലും അദ്ദേഹം സജീവമാണ്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ മധ്യപ്രദേശ്, രാജസ്ഥാൻ തെരഞ്ഞെടുപ്പുകളിലെ പാര്‍ട്ടിയുടെ മോശം പ്രകടനം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മെഷിനറിക്ക് കനുഗോലുവിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊടുക്കുന്നതായിരുന്നു.

കനുഗോലു രണ്ട് സംസ്ഥാനങ്ങളിലെ നേതാക്കളുമായി പ്രാരംഭ ഘട്ടത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ കമല്‍ നാഥോ അശോക് ഗെലോട്ടോ അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല. രണ്ട് സംസ്ഥാനത്തും കോണ്‍ഗ്രസിന് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തു. മറുവശത്ത് കനുഗോലു പ്രചരണം ഏറ്റെടുത്ത തെലങ്കാനയില്‍ വമ്ബന്‍ വിജയം നേടുകയും ചെയ്തു.

മുഖ്യമന്ത്രി കയ്യിലുണ്ടെങ്കിലും ബി ജെ പി അത്ര ശക്തമല്ലാത്ത സംസ്ഥാനമാണ് ഹരിയാന. കോണ്‍ഗ്രസ് അടങ്ങിയ മഹാവികാസ് അഘാഡി സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ശിവസേനയിലെ കഴിഞ്ഞ വര്‍ഷത്തെ പിളര്‍പ്പിന് ശേഷം മഹാരാഷ്ട്രയിലെ സ്ഥിതിഗതികളും ആര്‍ക്കും അത്ര സുരക്ഷിതമല്ല. ഈ വര്‍ഷം വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശിലും കനുഗോലുവിന് ചുമതല ലഭിക്കാന്‍ സാധ്യതയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക