തിരുവനന്തപുരം: കടുത്ത സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടികുറയ്ക്കുമെന്ന് സംശയം. ബജറ്റില്‍ ലീവ് സറണ്ടര്‍ നിര്‍ത്താൻ നീക്കമെന്നാണ് റിപ്പോര്‍ട്ട്. സാമ്ബത്തിക ശാസ്ത്ര വിദഗ്ധരുമായി ധനമന്ത്രി ബാലഗോപാല്‍ നടത്തിയ പ്രീ ബജറ്റ് ചര്‍ച്ചയിലാണ് ഇത്തരമൊരു നിര്‍ദ്ദേശം ഉയര്‍ന്ന് വന്നത്. ഒരു മാസത്തെ ശമ്ബളം ആണ് ലീവ് സറണ്ടര്‍ ആയി ലഭിക്കുന്നത്.

ബാലഗോപാല്‍ ധനമന്ത്രി ആയതിന് ശേഷം സാമ്ബത്തിക പ്രതിസന്ധിയുടെ പേരില്‍ ലീവ് സറണ്ടര്‍ ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. 6 ഗഡു ഡി എ കുടിശികയാണ്. ഫെബ്രുവരി 1 നാണ് കേന്ദ്ര ബജറ്റ് . ബജറ്റില്‍ കേന്ദ്ര ജീവനക്കാര്‍ക്ക് 2024 ജനുവരി മുതല്‍ ലഭിക്കേണ്ട ഒരു ഗഡു ഡി എ നിര്‍മ്മല സീതാരാമൻ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. അതോടെ കേരളത്തില്‍ 7 ഗഡു ഡി എ കുടിശിക ആകും. ഇതെല്ലാം ജീവനക്കാര്‍ക്കിടയില്‍ ആശങ്കയായി മാറുന്നുണ്ട്. അതിനിടെ പെൻഷൻ പ്രായം ഉയര്‍ത്തുമോ എന്ന ചര്‍ച്ചയും ഉയരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന ബജറ്റില്‍ കുടിശിക ഡി . എ യുടെ പകുതിയെങ്കിലും ബാലഗോപാല്‍ പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പെൻഷൻകാരും. നികുതി വരുമാനം വര്‍ദ്ധിപ്പിക്കണം, കാര്‍ വാങ്ങാൻ 10 ലക്ഷം സീലിങ് ഏര്‍പ്പെടുത്തണം എന്നൊക്കെയാണ് ഉയര്‍ന്ന് വന്ന മറ്റ് നിര്‍ദ്ദേശങ്ങള്‍. പരമാവധി പെൻഷൻ 50000 രൂപ ആയി നിജപ്പെടുത്തണം എന്ന വിദഗ്ധ ഉപദേശവും ധനമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ എല്ലാം മുഖ്യമന്ത്രിയുടെ തീരുമാനമാകും നിര്‍ണ്ണായകം. ഫെബ്രുവരി 2 നാണ് കേരള ബജറ്റ്.

പെൻഷൻ പ്രായം ഉയര്‍ത്തുന്നതില്‍ യുവജന സംഘടനകള്‍ പ്രതിഷേധത്തിലാണ്. അതുകൊണ്ട് ലോക്‌സഭാ തിരിഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ പെൻഷൻ പ്രായം അറുപതിലേക്ക് ഉയര്‍ത്താനുള്ള സാധ്യത കുറവാണ്. ഏകപക്ഷീയമായി ബജറ്റില്‍ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കുന്നത് ജീവനക്കാരുടെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കും. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ഇതിന് അനുമതി നല്‍കുമോ എന്നും ഉറപ്പില്ല. ലീവ് സറണ്ടര്‍ ഏതായാലും തല്‍കാലം നല്‍കില്ലെന്നതും വസ്തുതയാണ്.

സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ജൂണ്‍ 30 വരെ നേരത്തെ നീട്ടിയിരുന്നു. സാമ്ബത്തിക പ്രതിസന്ധി കാരണമാണ് ലീവ് സറണ്ടര്‍ നീട്ടിയത്. ഇതോടെ കഴിഞ്ഞ സാമ്ബത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30-വരെ ലീവ് സറണ്ടറിന് അപേക്ഷിക്കാനാവില്ലായിരുന്നു. സാധാരണഗതിയില്‍ സാമ്ബത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നു മുതല്‍ ബാക്കിയുള്ള ലീവ് സറണ്ടര്‍ ചെയ്ത് പണം വാങ്ങാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെ സര്‍ക്കാര്‍ ലീവ് സറണ്ടറില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ലീവ് സറണ്ടര്‍ വഴി സര്‍ക്കാരിനുണ്ടാകുന്ന അധിക ചെലവ് ഒഴിവാക്കുകയാണ് ലക്ഷ്യം.

ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍, മുൻസിപ്പല്‍ കണ്ടിജന്റ് എംപ്ലോയീസ്, പാര്‍ട്ട് ടൈം കണ്ടിജന്റ് എംപ്ലോയീസ്, ഓഫീസ് അറ്റൻഡേഴ്സ്, മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതിപക്ഷനേതാവിന്റെയും പേഴ്സണല്‍ സ്റ്റാഫിലുള്ള പാചകക്കാര്‍ എന്നിവരെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക