കൊച്ചി: രഹസ്യവിവരത്തെ തുടർന്ന് ആലുവയില്‍ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ തോക്കുകളും പണവും കണ്ടെത്തി. റിയാസ് എന്നയാളുടെ വീട്ടിലായിരുന്നു പരിശോധന. നാല് തോക്കുകളും 8,85000 രൂപയുമാണ് കണ്ടെത്തിയത്. റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആലുവയ്ക്കടുത്ത് ആലങ്ങാട് കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് 4 തോക്കുകള്‍ പിടികൂടിയത്. ഭീകരവിരുദ്ധ സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ വെസ്റ്റ് പൊലീസ്, എസ്‌പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്നിവരുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. ഈ മേഖലയിലുള്ള 4 വീടുകളിലാണ് പരിശോധന നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിയാസ് എന്നയാളുടെ വീട്ടില്‍ നിന്നാണ് തോക്കുകള്‍ പിടിച്ചത്. ഇയാള്‍ സംസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനസിന്റെ സംഘാംഗമാണെന്ന് സംശയമുള്ളതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. 2 റിവോള്‍വറുകളും 2 പിസ്റ്റലുകളും 2 കത്തികളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. റിയാസ് ഏറെകാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.

റിയാസിന് പെരുമ്ബാവൂരിലേതടക്കമുള്ള ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ നിലവില്‍ കൊലപാതകക്കേസ് ഉള്‍പ്പെടെ പത്തിലേറെ കേസുകളുമുണ്ട്. റിയാസിനെ ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച്‌ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ലൈസൻസ് ഇല്ലാതെയാണ് ഇയാള്‍ തോക്ക് കൈവശം വച്ചതെന്ന് പൊലീസ് പറയുന്നു.

അതേസമയം ഗുണ്ടാത്തലവൻ പെരുമ്പാവൂർ അനസ് മാസങ്ങൾക്കു മുമ്പ് വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ദുബായിക്ക് കടന്നു എന്ന ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടിട്ടും കേരള പോലീസിന്റെ അന്വേഷണം മന്ദഗതിയിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ തിരികെ എത്തിക്കുവാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടായതായി വിവരമില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ ഗുണ്ടകൾ യഥേഷ്ടം വിഹരിക്കുന്ന കാഴ്ചയാണ് കാണുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക