അൻപത്തിരണ്ടാംവയസ്സിലും കപ്പയും കഞ്ഞിയും വെച്ച്‌ നാട്ടുകാര്‍ക്ക് സ്നേഹത്തോടെ വിളമ്ബി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്ന കൊള്ളിത്തോട് കദിയയും ഭര്‍ത്താവ് റഷീദും ഇനി ഡല്‍ഹിയിലേക്കു തിരിക്കും, റിപ്പബ്ലിക് ദിനാഘോഷം കാണാൻ. പ്രധാനമന്ത്രിയെ കാണാനും ഇവര്‍ക്ക് അവസരമുണ്ടാകും. ഇതിനായി കേന്ദ്രസര്‍ക്കാരില്‍നിന്ന് ക്ഷണം ലഭിച്ചതിന്റെ സന്തോഷത്തിലാണിവര്‍.

പ്രധാനമന്ത്രി സ്വനിധിയില്‍നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചവരില്‍നിന്ന് തിരഞ്ഞെടുത്തവര്‍ക്കാണ് സംസ്ഥാനത്തുനിന്ന് റിപ്പബ്ലിക്ദിനാഘോഷം കാണാനും പ്രധാനമന്ത്രിയെ നേരില്‍ക്കാണാനും അവസരമൊരുക്കുന്നത്. പി.എം. സ്വനിധി പദ്ധതിപ്രകാരം തെരുവുകച്ചവടക്കാര്‍ക്ക് അനുവദിക്കുന്ന സൂക്ഷ്മ വായ്പയെടുത്ത് മൂന്നുതവണയും കൃത്യമായി തിരിച്ചടവ് നടത്തി ഉപജീവനംതേടുന്ന വനിതകള്‍ക്കാണ് മുൻഗണന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഞ്ചേരി നഗരസഭാ കുടുംബശ്രീ മുഖേനയാണ് കദിയയെ ശുപാര്‍ശചെയ്തത്. മഞ്ചേരി-കോഴിക്കോട് റോഡില്‍ ഉന്തുവണ്ടിയോടൊപ്പം ഷെഡ് കെട്ടി വര്‍ഷങ്ങളായി തട്ടുകട നടത്തിവരുകയാണ് മങ്കട പള്ളിപ്രം സ്വദേശികളായ കദിയയും ഭിന്നശേഷിക്കാരനായ ഭര്‍ത്താവും. ലോറിസ്റ്റാൻഡിലെ തൊഴിലാളികള്‍ക്കും വഴിയാത്രക്കാര്‍ക്കും രുചികരമായ ഭക്ഷണം വെച്ചുവിളമ്ബി ഇവരും കടയും എല്ലാവര്‍ക്കും പ്രിയമായി. ചായ, കഞ്ഞി, നെയ്ച്ചോര്‍, ബീഫ്, കപ്പ എന്നിവയൊക്കെയാണ് ഇവിടെയെത്തുന്നവരുടെ ഇഷ്ടവിഭവങ്ങള്‍. കുറഞ്ഞവിലയാണ് ആകര്‍ഷണം.

കാലത്ത് നാലുമണിക്കുവന്ന് ഭക്ഷണമൊരുക്കുന്ന കദിയ ഒറ്റയ്ക്കുതന്നെയാണ് എല്ലാ ജോലികളും ചെയ്യുന്നത്. 2020-ല്‍ സ്വനിധിയില്‍നിന്ന് പതിനായിരം രൂപ വായ്പയെടുത്തു. അത് അടച്ചുതീര്‍ന്നപ്പോള്‍ സ്വനിധിയുടെതന്നെ രണ്ടാംഘട്ടമായ 20,000 രൂപയും കൂടി വാങ്ങി. ഇടക്കാലത്ത് കോവിഡ് എത്തിയപ്പോള്‍ തിരിച്ചടവ് പ്രതിസന്ധിയിലായെങ്കിലും വൈകാതെ വീട്ടി. മൂന്നാമത്തെ ഘട്ടത്തില്‍ 50,000 രൂപ വായ്പ അനുവദിച്ചു. ഇത് മുടങ്ങാതെ അടച്ചുവരുകയാണ്.

ഡല്‍ഹിക്ക് ക്ഷണം കിട്ടിയതറിഞ്ഞതോടെ നാട്ടിലും തട്ടുകടയില്‍ വരുന്നവര്‍ക്കിടയിലും കദിയ ഇപ്പോള്‍ താരമാണ്. ദൈവത്തിന് സ്തുതി, ജീവിതത്തില്‍ ഇതില്‍ക്കൂടുതല്‍ അംഗീകാരം കിട്ടാനില്ലെന്നാണ് കദിയയ്ക്കും ഭര്‍ത്താവിനും പറയാനുള്ളത്. ഡല്‍ഹിയില്‍ പോകണം, മോദിയെ കാണണം. ഈ സന്തോഷം ലോകത്തോട് വിളിച്ചുപറയണം -അവര്‍ പറയുന്നു.23-ന് കോഴിക്കോട്ടുനിന്ന് ട്രെയിൻ യാത്രയ്ക്കൊരുങ്ങാൻ നിര്‍ദേശമുണ്ടെന്നും കുറച്ചുദിവസം കട അടച്ചിടുമെന്നും അവര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക