ബെംഗളൂരു: രാജ്യത്തിന്റെ സോഫ്റ്റ്വെയര്‍ ഹബ്ബായ ബെംഗളൂരു അടങ്ങുന്ന സംസ്ഥാനം ഇനി നയിക്കാന്‍ പോകുന്നത് മെക്കാനിക്കല്‍ എഞ്ചീനിയര്‍ കൂടിയായ ബസവരാജ് ബൊമ്മൈ. കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഷിഗ്ഗോണ്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ ബസവരാജ് സോമപ്പ ബൊമ്മൈ (61) കാര്‍ഷിക വിദഗ്ദനും കൂടിയാണ്. മന്ത്രിയായിരുന്ന സമയത്ത് സംസ്ഥാനത്തെ നിരവധി ജലസേചന പദ്ധതികള്‍ക്ക് ഒട്ടേറെ സംഭാവനകകളാണ് ഇദ്ദേഹം നല്‍കിയിട്ടുള്ളത്. രാജ്യത്തെ ആദ്യ 100 ശതമാനം പൈപ്പ് വഴിയുള്ള ജലസേചന പദ്ധതി കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഷിഗാവോണില്‍ നടപ്പിലാക്കിയതും ബൊമ്മൈയുടെ നേതൃത്വത്തിലാണ്.

പ്രബല സമുദായത്തിൻറെ പിന്തുണയും, കരുത്തുറ്റ രാഷ്ട്രീയ പാരമ്പര്യവും കൈമുതലായുള്ള നേതാവ്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബി.എസ്.യെദിയൂരപ്പയെ പോലെ തന്നെ ശക്തനായ ലിംഗായത്ത് നേതാവാണ് ബസവരാജ് ബൊമ്മൈ. മുന്‍ മുഖ്യമന്ത്രി എസ്.ആര്‍.ബൊമ്മൈയുടെ മകനുമാണ് ബസവരാജ്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായ അദ്ദേഹം ടാറ്റ ഗ്രൂപ്പിലാണ് കരിയര്‍ തുടങ്ങിയത്. ഇതിന് ശേഷമാണ് 1995ല്‍ രാഷ്ട്രീയ രംഗത്തേയ്ക്ക് ചുവടുവച്ചത്. ജനതാദളിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി ധാര്‍വാഡ് നിയോജകമണ്ഡലത്തില്‍ നിന്ന് രണ്ടുതവണ (1998ലും, 2004ലും) തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ജനതാദള്‍ (യുണൈറ്റഡ്) വിട്ട് 2008 ഫെബ്രുവരിയില്‍ ഇദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. ചന്നമ്മ പി ബൊമ്മൈയാണ് ഭാര്യ. ഭരത്, അതിഥി എന്നിവരാണ് മക്കള്‍.

ഭരണ പരിചയം:

2008ല്‍ യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിയിച്ച ചരിത്രപരമായ തെരഞ്ഞെടുപ്പില്‍ ഹാവേരി ജില്ലയിലെ ഷിഗാവ് മണ്ഡലത്തില്‍ മത്സരിച്ചു കരുത്തുകാട്ടി. 2013ലും 2018ലും ബൊമ്മെ തുടര്‍ച്ചയായി അവിടെനിന്നു വിജയിച്ചു. കന്നി മത്സരത്തില്‍ തന്നെ വിജയിച്ച ബസവരാജിന് യെദിയൂരപ്പ മന്ത്രിപദവും നല്‍കി. പിന്നീട് എല്ലാ ബിജെപി മന്ത്രിസഭകളിലും യെദിയൂരപ്പ അദ്ദേഹത്തെ കൂടെക്കൂട്ടി. രണ്ട് തവണ എംഎല്‍സിയും ആയിട്ടുണ്ട്. സഹകരണം, ജലവിഭവം, കായികം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ബസവരാജ് നിലവില്‍ ആഭ്യന്തര, നിയമ-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിയായിരുന്നു.

മുഖം നോക്കാതെ ക്രമസമാധാനപാലനം:

കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധുവിന്റെ ഫേസ്ബുക് പോസ്റ്റിനെത്തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ എസ്ഡിപിഐ അഴിഞ്ഞാടിയപ്പോള്‍ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കിയതും ബസവരാജായിരുന്നു. മുഖ്യമന്ത്രി യെദിയൂരപ്പ കൊറോണ ചികിത്സയില്‍ ആയിരുന്നപ്പോഴായിരുന്നു കലാപം നടന്നത്. സംഘര്‍ഷത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷയാണ് അടക്കം 150 പേരെ ഒറ്റയടിക്ക് അറസ്റ്റ് ചെയ്തത് ആഭ്യന്തരമന്ത്രിയായിരുന്ന ഇദേഹത്തിന്റെ നിര്‍ദേശാനുസരണമാണ്.

കര്‍ണാടകയില്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളിലും അക്രമ സംഭവങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്നിവയ്ക്ക് പങ്കുണ്ടെന്നും ഇവയെ നിരോധിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതായും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കിയിരുന്നു.പി.എഫ്.ഐ, എസ്.ഡി.പി.ഐ എന്നിവയ്‌ക്കൊപ്പം മറ്റ് ചില സംഘടനകളും നിരോധനം നേരിടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ലഹരി മാഫിയയെ പടിക്കു പുറത്തു നിർത്തിയ മന്ത്രി:

ദക്ഷിണേന്ത്യയുടെ ഐടി തലസ്ഥാനം കൂടിയായ ബാംഗ്ലൂർ നഗരം ലഹരി മാഫിയയുടെ വിളയാട്ട ഭൂമിയായി മാറിയ സമയത്താണ് ബൊമ്മൈ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്. നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ ആഫ്രിക്കൻ വംശജർ ഉൾപ്പെടെയുള്ളവർ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ലഹരി വിറ്റഴിച്ചിരുന്നു. യുവാക്കളെ ഇല്ലായ്മ ചെയ്യുന്ന ലഹരി മാഫിയയോട് വിട്ടുവീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ച അഭ്യന്തരമന്ത്രി പോലീസിന് നൽകിയത് കർശന ഉത്തരവുകളാണ്. മുമ്പെങ്ങുമില്ലാത്തവിധം ബംഗളൂരു നഗരത്തിൽ പോലീസ് ചെക്കിങ് സജീവമാകുകയും, വിദേശികൾ ഉൾപ്പെടെ നിരവധി ലഹരിമാഫിയ കണ്ണികളെ ജയിലറക്കുള്ളിൽ അടയ്ക്കുകയും ചെയ്തത് അദ്ദേഹത്തിൻറെ വലിയ വിജയങ്ങളിൽ ഒന്നാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക