മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് സിപിഐഎം ആസ്ഥാനത്ത്. സിപിഐഎം പ്രവേശനമുണ്ടായേക്കുമെന്ന സൂചനകള്‍ക്കിയിലാണ് കെ വി തോമസ് ഡല്‍ഹിയിലെ എകെജി ഭവനിലെത്തിയത്. സീതാറാം യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് സന്ദര്‍ശനം. അതേ സമയം, നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയായിരുന്നു ഇന്നത്തേതെന്നും രാഷ്ട്രീയപരമായ കാര്യങ്ങളാണ് ചര്‍ച്ചചെയ്തതെന്നും കൂടിക്കാഴ്ചയ്ക്കുശേഷം കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞാനും യെച്ചൂരിയുമായി ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. രണ്ടുമാസം മുന്‍പ് ഞാന്‍ ഇവിടെ എത്തിയിരുന്നു. പിന്നീട് യെച്ചൂരി എന്നെയും വന്ന് കണ്ടിരുന്നു. ഇന്നത്തേത് നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ചയായിരുന്നു. ചര്‍ച്ചയില്‍ പ്രകാശ് കാരാട്ടുമുണ്ടായിരുന്നു. യെച്ചൂരിയെ കാണാനാണ് വന്നത്. വന്നപ്പോള്‍ പ്രകാശ് കാരാട്ടിനെയും കണ്ടെന്നേ ഉള്ളൂ. അതേസമയം, സിപിഐഎം പ്രവേശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കഥകളുണ്ടാക്കേണ്ടതില്ലെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. ദീര്‍ഘകാലമായി പുലര്‍ത്തുന്ന സൗഹൃദത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിശദീകരണം.

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് തഴയപ്പെട്ട സാഹചര്യത്തില്‍ കെവി തോമസ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹം ആഴ്ചകളായി സജീവമായിരുന്നു. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയ സാഹചര്യത്തില്‍ യുഡിഎഫ് കണ്‍വീനര്‍ ആക്കണമെന്ന ആവശ്യവുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചെങ്കിലും അത് പരിഗണിക്കാതിരുന്ന നേതൃത്വത്തിന്റെ നിലപാടില്‍ കെ വി തോമസ് അതൃപ്തനാണെന്നായിരുന്നു സൂചന. മുന്‍പ് ജൂണിലും കെവി തോമസ് ഡല്‍ഹിയില്‍ ഇടത് നേതാക്കളുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയ നേതാക്കളെയായിരുന്നു ആ സന്ദര്‍ശത്തില്‍ കെ വി തോമസ് കണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക