നിയമസഭാ കൈയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച്‌ മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സുപ്രീംകോടതി വിധി അംഗീകരിക്കുന്നെന്നും ഇതുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ തുടരട്ടെയെന്നും പി ശ്രീരാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ കക്ഷി ചേര്‍ന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും നിയമപരമായി കോടതിയെ എല്ലാവര്‍ക്കും സമീപിക്കാമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സഭയില്‍ നടന്നത് ശരിയാണെന്ന അഭിപ്രായമില്ല. അന്നത്തെ പ്രതികരണങ്ങള്‍ ഇപ്പോള്‍ ശരിയാണെന്ന് തോന്നണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയല്ലെന്നാണ് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചത്. കേസിലെ നിയമപരമായ കാര്യങ്ങളാണ് വിധിയിലുള്ളത്. മന്ത്രി വി ശിവന്‍ കുട്ടിക്കെതിരെ നിലവില്‍ നടപടിയെന്നും വന്നിട്ടില്ല. കേസ് ഇനിയാണ് വിചാരണയിലേക്ക് നീങ്ങുന്നതെന്നും എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമസഭാ കൈയ്യാങ്കളിക്കേസില്‍ വി ശിവന്‍കുട്ടി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേസുകള്‍ പിന്‍വലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണ്. കൈയാങ്കളിയില്‍ നിയമസഭയുടെ പരിരക്ഷ നല്‍കാന്‍ കഴിയില്ല. കേസിന് സ്പീക്കറുടെ അനുമതി ഇല്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ കഴിയില്ല. നിയമസഭാംഗത്തെ അയോഗ്യനാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് സ്പീക്കറുടെ അനുമതി വേണ്ടത് ഇത്തരം കേസുകളിലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക