ഇലക്‌ട്രിക് വാഹനങ്ങളുടെ ട്രന്റ് ആരംഭിച്ചപ്പോള്‍ തന്നെ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയും ഇലക്‌ട്രിക് കാറിന്റെ നിര്‍മാണം പ്രഖ്യാപിച്ചിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് ആദ്യ ഇലക്‌ട്രിക് കാര്‍ എസ്.യു.7 എന്ന പേരില്‍ പുറത്തിറക്കുകയും ചെയ്തു. സെഡാൻ ശ്രേണിയില്‍ എത്തിയ ഈ വാഹനം വെറും തട്ടിക്കൂട്ട് വാഹനമായിരുന്നില്ലെന്നതാണ് എടുത്തുപറയേണ്ടത്. കാഴ്ചയില്‍ സുന്ദരനും സാങ്കേതികസംവിധാനങ്ങളില്‍ മുൻപന്തിയിലുമുള്ള വാഹനമായാണ് ഷവോമി എസ്.യു.7 ഇലക്‌ട്രിക് സെഡാൻ ഒരുക്കിയിരിക്കുന്നത്.

ഷവോമിയുടെ സ്വന്തരാജ്യമായ ചൈനയില്‍ 2024-ന്റെ ആരംഭത്തില്‍ തന്നെ വില്‍പ്പന തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കാനായി മാറ്റിവെച്ചിട്ടുണ്ടെങ്കിലും വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രധാനമായും ഇതിലെ സെല്‍-ടു-ബോഡി സംവിധാനത്തില്‍ നല്‍കിയിട്ടുള്ള ബാറ്ററി പാക്കാണ് ഹൈലൈറ്റായി വിശേഷിപ്പിക്കുന്നത്. ബോഡി-ടു-സെല്‍ സംവിധാനത്തില്‍ കൂടുതല്‍ സ്പേസ് നല്‍കുന്നതിനൊപ്പം വയറിങ്ങും താരതമ്യേന കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഈ വാഹനം പുറത്തിറക്കിയിരിക്കുന്നത്. 73.6 കിലോവാട്ട്, 101 കിലോവാട്ട് എന്നിങ്ങനെയാണ് ബാറ്ററിയുടെ ശേഷി. ഈ ബാറ്ററി പാക്കില്‍ നല്‍കിയിട്ടുള്ള കറന്റ് സെല്‍ ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ 1000 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാൻ സാധിച്ചേക്കും. എന്നാല്‍, ഇത് വാഹനത്തിന്റെ വില വലിയ തോതില്‍ വര്‍ധിപ്പിച്ചേക്കും. ഇപ്പോള്‍ എത്തിയിട്ടുള്ള എസ്.യു.7 മോഡലിന്റെ 73.6kWh ബാറ്ററി പാക്ക് മോഡല്‍ 668 കിലോമീറ്ററും 101kWh ബാറ്ററി മോഡല്‍ 800 കിലോമീറ്റര്‍ റേഞ്ചുമാണ് ഉറപ്പാക്കുന്നത്.

വാഹനത്തിന്റെ ചാര്‍ജിങ്ങ് സമയമാണ് എസ്.യു.7-ന്റെ മറ്റൊരു ഹൈലൈറ്റ്. അള്‍ട്ര ചാര്‍ജര്‍ ഉപയോഗിച്ച്‌ കേവലം അഞ്ച് മിനിറ്റ് നേരം ചാര്‍ജ് ചെയ്താല്‍ 220 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് ബാറ്ററിയിലെത്തും. ഇത് 15 മിനിറ്റാണെങ്കില്‍ 510 കിലോമീറ്റര്‍ സഞ്ചരിക്കാനും സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഷവോമിയുടെ സൂപ്പര്‍ മോട്ടോര്‍ നല്‍കിയിട്ടുള്ള ഈ വാഹനം 295 ബി.എച്ച്‌.പി. പവറും 400 എൻ.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പരമാവധി വേഗത 210 കിലോമീറ്ററുള്ള സെഡാൻ 5.2 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

ഇപ്പറഞ്ഞത് റെഗുലര്‍ മോഡലിന്റെ കാര്യത്തിലാണെങ്കില്‍ ഡ്യുവല്‍ മോട്ടോറുകളുള്ള എസ്.യു.7 മാക്സ് പെര്‍ഫോമെൻസ് ഭീമനാണ്. മുന്നിലേയും പിന്നിലേയും ആക്സിലുകളില്‍ നല്‍കുന്ന ഇതിലെ സൂപ്പര്‍ മോട്ടോര്‍ വി6 664 എച്ച്‌.പി. പവറും 838 എൻ.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 2.78 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന വാഹനത്തിന് 200-ല്‍ എത്താൻ വെറും 10 സെക്കന്റ് മതി. 265 കിലോമീറ്ററാണ് ഈ പെര്‍ഫോമെൻസ് ഇലക്‌ട്രിക് കാറിന്റെ പരമാവധി വേഗത.

സെഡാൻ ശ്രേണിയില്‍ എത്തിയിട്ടുള്ള ഈ വാഹനം കാഴ്ച്ചയില്‍ പോര്‍ഷെ ടൈകാൻ, ടെസ്ല മോഡല്‍ എസ് തുടങ്ങിയ വാഹനങ്ങളുമായി താരതമ്യത്തിന് വഴിവെക്കുന്നുണ്ട്. ഹെഡ്ലൈറ്റിന്റെ രണ്ടായി മുറിച്ച്‌ നല്‍കിയിട്ടുള്ള ഡി.ആര്‍.എല്‍, താഴ്ന്ന നില്‍ക്കുന്ന ബോണറ്റ്, വലിപ്പമുള്ള എയര്‍ഡാം എന്നിവ മുഖഭാവത്തുള്ളത്. അഞ്ച് സ്പോക്ക് അലോയി എവിടെയൊക്കെയോ ലംബോര്‍ഗിനി ഭാവം നല്‍കുന്നുണ്ട്. വളങ്ങള്‍ ഫ്ളാറ്റാണ്. എല്‍.ഇ.ഡി. ലൈറ്റ് സ്ട്രിപ്പില്‍ ബന്ധിപ്പിച്ചാണ് ടെയ്ല്‍ലാമ്ബ് ഒരുങ്ങിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക