റോഡിലെ ഗതാഗതക്കുരുക്കില്‍നിന്നു രക്ഷപ്പെടാൻ യുവാവിന്റെ അതിസാഹസം. നദിയിലൂടെ ഥാര്‍ ഓടിച്ച്‌ അക്കരെ കടക്കുകയായിരുന്നു ഒരു വിനോദസഞ്ചാരി. ഹിമാചല്‍പ്രദേശിലെ സ്പിതി ജില്ലയിലുള്ള ലാഹോലിലാണു സംഭവം. ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഹിമാചലിലേക്കു സഞ്ചാരികളുടെ ഒഴുക്കാണ്. ഇതേതുടര്‍ന്ന് മണിക്കൂറുകളാണ് സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം റോഡുകളില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത്.

ഇതിനിടെയാണ് ചന്ദ്ര നദിയിലൂടെ യുവാവ് ഥാറുമായി സഞ്ചരിച്ച വാര്‍ത്ത പുറത്തുവരുന്നത്. നദിയില്‍ ജലനിരപ്പ് കുറവായതും ഒഴുക്ക് കുറഞ്ഞതും യാത്രക്കാരന് അനുഗ്രഹവുമായി. അധികം ബുദ്ധിമുട്ടില്ലാതെ നദി മുറിച്ചുകടക്കാനുമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, ‘സാഹസികയാത്രയുടെ’ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ പൊലീസ് നടപടിയും വന്നു. യുവാവിനെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം കേസെടുത്തതായി ഹിമാചല്‍പ്രദേശ് എസ്.പി മായങ്ക് ചൗധരി അറിയിച്ചു. ഭാവിയില്‍ ആരും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണു നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

സീസണായതോടെ കുളു മണാലി, ഷിംല ഉള്‍പ്പെടെയുള്ള ഹിമാചലിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുളുവിനെയും ലാഹോലിനെയും സ്പിതിയെയും ബന്ധിപ്പിക്കുന്ന റോഹ്താങ്ങിലെ അടല്‍ തുരങ്കപാതയിലൂടെ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം 55,000 വാഹനങ്ങള്‍ കടന്നുപോയതായാണ് ഔദ്യോഗിക കണക്ക്. ഹിമാചലിലെ റോഡുകളില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക